സ്റ്റീയറിങ് ഗീയർ ക്ഷാമം: ബി എം ഡബ്ല്യുവിനു തിരിച്ചടി

യന്ത്രഘടകങ്ങളുടെ ദൗർലഭ്യം ജന്മനാടിനു പുറമെ ചൈനയിലെയും ദക്ഷിണ ആഫ്രിക്കയിലെയും ശാലകളിലെ ഉൽപ്പാദനത്തെ ബാധിച്ചതായി ജർമൻ വാഹന നിർമാതാക്കളായ ബി എം ഡബ്ല്യു. റോബർട്ട് ബോഷിൽ നിന്നു സ്റ്റീയറിങ് ഗീയറുകൾ ലഭിക്കുന്നതിലെ കാലതാമസമാണു ‘വൺ സീരീസ്’, ‘ടു സീരീസ്’, ത്രീ സീരീസ്’, ‘ഫോർ സീരീസ്’ കാറുകളുടെ ഉൽപ്പാദനത്തെ ബാധിച്ചതെന്നും കമ്പനി വിശദീകരിച്ചു.

‘വൺ’, ‘ടു’, ‘ത്രീ’, ‘ഫോർ’ സീരീസുകളുടെ ഉൽപ്പാദനം പ്രതീക്ഷിച്ച നിലവാരത്തിൽ തുടരാന് ആവശ്യമായ സ്റ്റീയറിങ് ഗീയറുകൾ ബോഷ് ലഭ്യമാക്കുന്നില്ലെന്നു ബി എം ഡബ്ല്യു ആരോപിച്ചു. ഇതോടെ ചൈനയിലെ ടിയക്സിയിലും ദക്ഷിണ ആഫ്രിക്കയിലെ റേസ്ലിനിലുമുള്ള ശാലകൾ അറ്റകുറ്റപ്പണിക്കായി അടയ്ക്കാൻ തീരുമാനിച്ചതായും ബി എം ഡബ്ല്യു അറിയിച്ചു. ഇതുമൂലം ശാലകൾക്കു നേരിട്ട നഷ്ടം ബോഷ് നികത്തുമെന്ന പ്രതീക്ഷയും ബി എം ഡബ്ല്യു പ്രകടിപ്പിച്ചു. എന്നാൽ ഇതിനോട് ബോഷ് പ്രതികരിച്ചിട്ടില്ല. 

സ്റ്റീയറിങ് ഗീയർ ലഭ്യതയിലെ പരിമിതികൾ ബി എം ഡബ്ല്യുവിന്റെ ലീപ്സിഗ് ശാലയുടെ പ്രവർത്തനത്തെയാണു തുടക്കത്തിൽ ബാധിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച മുതൽ തന്നെ ഈ ശാലയുടെ പ്രവർത്തനം പ്രതിസന്ധിയിലാണ്. വൈകാതെ മ്യൂനിച്ച് ശാലയുടെ പ്രവർത്തനത്തിനും തിരിച്ചടി നേരിട്ടു. പിന്നാലെയാണ് ചൈനയിലും ദക്ഷിണ ആഫ്രിക്കയിലുമുള്ള ശാലകളുടെ പ്രവർത്തനത്തെയും ഗീയർക്ഷാമം ബാധിച്ചത്.