ഹിന്ദുസ്ഥാൻ മോട്ടോഴ്സിന്റെ സഞ്ചിത നഷ്ടം 252.17 കോടി

‘അംബാസഡർ’ നിർമാതാക്കളായ ഹിന്ദുസ്ഥാൻ മോട്ടോഴ്സി(എച്ച് എം)ന്റെ സഞ്ചിത നഷ്ടം 252.17 കോടി രൂപയായി. 104.41 കോടി രൂപ മാത്രമാണു കമ്പനിയുടെ ഓഹരി മൂലധനമെന്നതിനാൽ എച്ച് എമ്മിന്റെ ബാധ്യത ആസ്തികളെ അപേക്ഷിച്ച് 135.91 കോടി അധികമായി.   പശ്ചിമ ബംഗാളിലെ ഉത്തർപാറയിലുള്ള നിർമാണശാലയുടെ പ്രവർത്തനം 2014 മേയ് 24 മുതൽ കമ്പനി നിർത്തിവച്ചിരിക്കുകയാണ്. 2014 ഡിസംബർ നാലിനു പീതംപൂർ ശാലയിൽ ലേ ഓഫും പ്രഖ്യാപിച്ചു. വരുമാനത്തിനു പുതുവഴികൾ കണ്ടെത്താനും പ്രവർത്തന ചെലവുകൾ പരമാവധി നിയന്ത്രിക്കാനുമുള്ള തീവ്ര ശ്രമത്തിലാണ് കമ്പനി.

ഉൽപ്പാദനക്ഷമതയിലെ ഇടിവും അച്ചടക്കരാഹിത്യവും ധനലഭ്യതയിലെ പരിമിതിയും കാറുകളുടെ വിൽപ്പന കുറഞ്ഞതുമൊക്കെ പരിഗണിച്ചാണ് ഉത്തർപാറ ശാലയുടെ പ്രവർത്തനം എച്ച് എം നിർത്തിവച്ചത്. തുടർന്നുള്ള കാലത്ത് ജീവനക്കാർക്കു ശമ്പളമോ വേതനമോ കമ്പനി നൽകിയിട്ടില്ല. കമ്പനിക്കു വിദേശത്തുള്ള ഏക ഉപസ്ഥാപനമായ ഹിന്ദുസ്ഥാൻ മോട്ടോഴ്സ് ലിമിറ്റഡ് യു എസ് എ ഇക്കൊല്ലം ആദ്യം പിരിച്ചുവിട്ടിരുന്നു. കഴിഞ്ഞ ഫെബ്രുവരി 16 മുതൽ പ്രാബല്യത്തോടെയായിരുന്നു കമ്പനി പ്രവർത്തനം അവസാനിച്ചത്.

വാഹന നിർമാണമടക്കമുള്ള വ്യവസായ മേഖലകളിൽ എൻജിനീയറിങ് സേവനം ലഭ്യമാക്കാൻ ലക്ഷ്യമിട്ടാണ് എച്ച് എം യു എസിൽ ഉപസ്ഥാപനം രൂപീകരിച്ചത്. എന്നാൽ 2009 — 10 മുതൽ ഈ കമ്പനി വാണിജ്യ ഇടപാടുകളൊന്നും നടത്തിയില്ലെന്ന്  2015 —16ലെ വാർഷിക റിപ്പോർട്ടിൽ ഹിന്ദുസ്ഥാൻ മോട്ടോഴ്സ് സ്ഥിരീകരിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ കമ്പനിയുടെ പ്രവർത്തനം അവസാനിപ്പിക്കുമെന്നും എച്ച് എം പ്രഖ്യാപിച്ചിരുന്നു. തുടർന്ന് ഉപസ്ഥാപനത്തിന്റെ പ്രവർത്തനം അവസാനിപ്പിക്കാൻ 2016ൽ തന്നെ എച്ച് എം അനുമതി തേടിയിരുന്നു. എന്നാൽ യു എസ് എ യിലെ ഡെൽവെയർ സംസ്ഥാന അധികൃതരിൽ നിന്ന് ഇതുസംബന്ധിച്ച അനുമതിപത്രം ലഭിക്കാൻ വൈകി. 

സി കെ ബിർല ഗ്രൂപ്പിന്റെ ഉടമസ്ഥതയിലായിരുന്ന എച്ച് എമ്മിനെ കഴിഞ്ഞ ഫെബ്രുവരിയിൽ ഫ്രഞ്ച് നിർമാതാക്കളായ പ്യുഷൊ 80 കോടി രൂപയ്ക്കു സ്വന്തമാക്കിയിരുന്നു. ഇതോടൊപ്പം സി കെ ബിർല ഗ്രൂപ്പിന്റെ ചെന്നൈ ശാലയുമായി ചേർന്നു പുതിയ സംയുക്ത സംരംഭവും പ്യുഷൊ പ്രഖ്യാപിച്ചു. ചെന്നൈ ശാലയെ ഇന്ത്യയിലെ നിർമാണകേന്ദ്രമാക്കി മാറ്റാനാണു പ്യുഷൊയുടെ പദ്ധതി; സംയുക്ത സംരംഭത്തിൽ 80% ഓഹരി പ്യുഷൊയ്ക്കും ബാക്കി സി കെ ബിർല ഗ്രൂപ്പിനുമാണ്. 2020ൽ ഇന്ത്യയ്ക്കായുള്ള ആദ്യ മോഡൽ വിൽപ്പനയ്ക്കെത്തുമെന്നാണു പി എസ് എ ഗ്രുപ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ കാർലോസ് ടവാരെസിന്റെ വാഗ്ദാനം.