സച്ചിന്റെ നിസ്സാൻ ‘ജി ടി — ആർ ഇഗോയിസ്റ്റ്’ വിറ്റു

സ്വകാര്യ ശേഖരത്തിലെ നിസ്സാൻ ‘ജി ടി — ആർ ഇഗോയിസ്റ്റ്’ സ്പോർട്സ് കാർ മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെൻഡുൽക്കർ വിറ്റൊഴിഞ്ഞു. മുംബൈ സ്വദേശിയായ കാർ പ്രേമിയാണു സച്ചിന്റെ ‘ജി ടി — ആറി’ന്റെ പുതിയ ഉടമ. 2011ൽ സൂറത്ത് സ്വദേശിയയാ ബിസിനസുകാരനു തന്റെ ‘ഫെറാരി 360 മൊഡേന’ വിറ്റ ശേഷമായിരുന്നു തെൻഡുൽക്കർ ‘ജി ടി — ആർ’ വാങ്ങിയത്.  

 ക്രിക്കറ്റിൽ പുതിയ ഉയരങ്ങൾ കീഴടക്കിയ സച്ചിൻ ടെൻഡുൽക്കറുടെ കാർ കമ്പവും പ്രശസ്തമാണ്. ഡോൺ ബ്രാഡ്മാന്റെ റെക്കോഡായ 29 ടെസ്റ്റ് സെഞ്ചുറിയെന്ന നേട്ടം സ്വന്തമാക്കിയ വേളയിലായിരുന്നു സച്ചിന് ‘ഫെരാരി മൊഡേന’ സമ്മാനമായി ലഭിച്ചത്; ഈ സമ്മാനം കൈമാറിയതാവട്ടെ റേസിങ് ഇതിഹാസം മൈക്കൽ ഷൂമാക്കറും. 2011ൽ ഈ കാർ വിറ്റ പിന്നാലെയാണു ടെൻഡുൽക്കർ ‘ജി ടി — ആർ ഇഗോയിസ്റ്റ്’ സ്വന്തമാക്കുന്നത്. സ്പോർട്സ് കാറായ ‘ജി ടി — ആറി’ന്റെ ആഡംബര പതിപ്പാണ് ‘ഇഗോയിസ്റ്റ്’; അകത്തളത്തിൽ ആർഭാടം തുളുമ്പുന്ന ഈ കാർ ആവശ്യാനുസരണം മാത്രമാണു നിസ്സാൻ നിർമിച്ചു നൽകുന്നത്. 

Nissan GT-R Egoist Edition

ഇതിനു പുറമെ ജാപ്പനീസ് ട്യൂണർമാരായ വാൽഡിൽ നിന്നുള്ള ആഫ്റ്റർ മാർക്കറ്റ് കിറ്റും സച്ചിൻ ഈ കാറിൽ ഘടിപ്പിച്ചിരുന്നു; അതുകൊണ്ടുതന്നെ ഇന്ത്യയിൽ ഇത്തരത്തിലുള്ള ഏക കാറും സചിന്റെ ‘ജി ടി — ആർ ഇഗോയിസ്റ്റ്’ ആണ്. ഈ കാർ സ്വന്തമാക്കിയ മുംബൈയിലെ കാർ പ്രേമിയാവട്ടെ ‘ജി ടി — ആറി’ൽ ത്രീ പീസ് ബി ബി എസ് വീലുകളും ഘടിപ്പിച്ചിട്ടുണ്ട്. സച്ചിനു പുറമെ ഫോർമുല വൺ ഡ്രൈവറായിരുന്ന നരെയ്ൻ കാർത്തികേയനും ബോളിവുഡ് താരം ജോൺ ഏബ്രഹാമും ‘ജി ടി — ആർ’ സ്വന്തമാക്കിയിരുന്നു. 

ഔദ്യോഗികമായി 2016 ഡിസംബറിലാണ് ‘ജി ടി — ആർ’ ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തുന്നത്; 1.99 കോടി രൂപയായിരുന്നു കാറിന്റെ ഡൽഹി ഷോറൂമിലെ വില. കാറിലെ ഇരട്ട ടർബോ, വി സിക്സ്, 3.8 ലീറ്റർ എൻജിന് പരമാവധി 562 ബി എച്ച് പി വരെ കരുത്തും 637 എൻ എം വരെ ടോർക്കും സൃഷ്ടിക്കാനാവും. ആറു സ്പീഡ് ഓട്ടമാറ്റിക് ഗീയർബോക്സാണു ട്രാൻസ്മിഷൻ. നിശ്ചലാവസ്ഥയിൽ നിന്നു വെറും മൂന്നു സെക്കൻഡിൽ 100 കിലോമീറ്റർ വേഗം കൈവരിക്കാൻ കാറിനാവും; മണിക്കൂറിൽ 320 കിലോമീറ്ററാണു കാറിന്റെ പരമാവധി വേഗം. നിലവിൽ ജർമൻ ആഡംബര കാർ നിർമാതാക്കളായ ബി എം ഡബ്ല്യുവിന്റെ ഇന്ത്യയിലെ ബ്രാൻഡ് അംബാസഡറാണ് സചിൻ; അതുകൊണ്ടുതന്നെ ‘ഐ എയ്റ്റ്’ അടക്കം ബി എം ഡബ്ല്യു നിർമിച്ച കാറുകളാണ് അദ്ദേഹത്തിന്റെ ശേഖരത്തിലുള്ളത്.