‘മൊപാർ’ ഇന്ത്യയിലെത്തിക്കാൻ എഫ് സി എ

Mopar

സ്പെയർ പാർട്സ്, സർവീസ്, ഉപഭോക്തൃ സേവന ബ്രാൻഡായ ‘മൊപാർ’ ഇന്ത്യയിലും അവതരിപ്പിക്കുമെന്നു ഫിയറ്റ് ക്രൈസ്ലർ ഓട്ടമൊബീൽ(എഫ് സി എ). പുത്തൻ എസ് യു വിയായ ‘ജീപ് കോംപസി’ന്റെ അവതരണ വേളയിലാണു ‘മൊപാർ’ ബ്രാൻഡ് അരങ്ങേറ്റം സംബന്ധിച്ച് എഫ് സി എ ഇന്ത്യ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. തുടക്കത്തിൽ ‘ജീപ്പി’ന്റെ സ്പെയർപാർട്സും വിൽപ്പനാന്തര സേവനവുമാകും ‘മൊപാർ’ ലഭ്യമാക്കുക. പിന്നീട് ‘ഫിയറ്റ്’ ശ്രേണിയിലേക്കും ‘മൊപാർ’ സേവനം വ്യാപിപ്പിച്ചേക്കും.

ആഗോളതലത്തിൽ കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കം മുതൽ തന്നെ ‘മൊപാർ’ ബ്രാൻഡ് ഫിയറ്റിനൊപ്പമുണ്ട്. ‘മോട്ടോർ’, ‘പാർട്സ്’ എന്നീ വാക്കുകളുടെ ആദ്യാക്ഷരങ്ങൾ സംയോജിപ്പിച്ചായിരുന്നു ‘മൊപാർ’ എന്ന പേരിന്റെ പിറവി. 1920ലാണു ക്രൈസ്ലർ ഈ പേര് ഉപയോഗിച്ചു തുടങ്ങിയത്. തുടർന്ന് 1937ലായിരുന്നു ബ്രാൻഡ് എന്ന നിലയിൽ ‘മൊപാറി’ന്റെ അരങ്ങേറ്റം; അന്നു മുതലിതുവരെ ക്രൈസ്ലർ നിർമിത വാഹനങ്ങളുമായി ബന്ധപ്പെട്ടാണു ‘മൊപാറി’ന്റെ മുന്നേറ്റം. വാഹനങ്ങളുടെ പ്രകടനക്ഷമത മെച്ചപ്പെടുത്തുന്ന സംവിധാനങ്ങളും അക്സസറികളും എഫ് സി എ ബ്രാൻഡുകളായ ‘ജീപ്’, ‘ഡോജ്’, ‘ക്രൈസ്ലർ’, ‘അബാർത്ത്’, ‘ഫിയറ്റ്’ തുടങ്ങിയവയുടെ വിൽപ്പനാന്തര സേവനവുമൊക്കെ ‘മൊപാർ’ നിർവഹിക്കുന്നു.

ഇന്ത്യയിലും രാജ്യവ്യാപകമായ ഓട്ടോ പാർട്സ് — സർവീസ് ശൃംഖല തന്നെ ‘മൊപാർ’ സ്ഥാപിക്കുമെന്നാണു സൂചന. പെർഫോമൻസ് പാർട്സിന് ആവശ്യക്കാർ അധികമുണ്ടാവില്ലെന്ന സാഹചര്യത്തിൽ വിൽപ്പനാന്തര സേവനത്തിനും വാഹന സർവീസിങ്ങിനുമാവും ‘മൊപാർ’ മുൻതൂക്കം നൽകുക. അതുപോലെ ‘മൊപാറി’ന്റെ വരവോടെ നിരന്തരം പഴികേൾക്കുള്ള ഫിയറ്റിന്റെ വിൽപ്പനാന്തര സേവന മേഖലയിലും ഗണ്യമായ മാറ്റം പ്രതീക്ഷിക്കാം. ‘മൊപാറി’ന്റെ ആഗോള മികവിന്റെ പിൻബലത്തിൽ ഇന്ത്യയിലെ പ്രതിഛായ മെച്ചപ്പെടുത്താൻ എഫ് സി എയ്ക്കും വഴിയൊരുങ്ങും.