മോട്ടോ ടുവിന് ഇനി ട്രയംഫ് എൻജിൻ

Triumph Moto2 Engine

രാജ്യാന്തര മോട്ടോർ സൈക്ലിങ് ഫെഡറേഷൻ(എഫ് ഐ എം) സംഘടിപ്പിക്കുന്ന മോട്ടോ ടു ചാംപ്യൻഷിപ്പിൽ മത്സരിക്കുന്ന ബൈക്കുകൾക്ക്  ഇനി ട്രയംഫിന്റെ എൻജിൻ.  2019 വരെയുള്ള മൂന്നു സീസണിലേക്കാണു ബ്രിട്ടീഷ് നിർമാതാക്കളായ ട്രയംഫ് എൻജിൻ നൽകുകയെന്നും സംഘാടകർ അറിയിച്ചു. മോട്ടോ ജി പിക്കുള്ള ചവിട്ടുപടിയായായി പരിഗണിക്കപ്പെടുന്ന മോട്ടോ ടു ചാംപ്യൻഷിപ് 2010ൽ ആരംഭിച്ചതു മുതൽ ജാപ്പനീസ് നിർമാതാക്കളായ ഹോണ്ടയാണ് എൻജിൻ ദാതാക്കൾ.  

റേസിങ്ങിനായി ട്യൂൺ ചെയ്ത 765 സി സി എൻജിനാണ് ട്രയംഫ് ലഭ്യമാക്കുകയെന്നു മോട്ടോ ടുവിന്റെ വാണിജ്യാവകാശ ഉടമകളായ ഡോർണ വെളിപ്പെടുത്തി. ട്രയംഫിന്റെ ‘സ്ട്രീറ്റ് ട്രിപ്ളി’നു കരുത്തേകുന്ന എൻജിനാണിത്. പഴയ 250 സി സി, ടു സ്ട്രോക്ക് ക്ലാസിനു ബദൽ എന്ന നിലയിലായിരുന്നു മോട്ടു ടുവിന്റെ വരവ്; അന്നു മുതൽ ഹോണ്ട എൻജിനുകളുമായാണു ബൈക്കുകൾ ഈ വിഭാഗത്തിൽ മത്സരിച്ചിരുന്നത്.

ട്രയംഫിനെ സംബന്ധിച്ചിടത്തോളം കമ്പനി ചരിത്രത്തിലെ പുതിയ അധ്യായത്തിനാണു തുടക്കമാവുന്നതെന്നു ചീഫ് കൊമേഴ്സ്യൽ ഓഫിസർ പോൾ സ്ട്രൗഡ് അഭിപ്രായപ്പെട്ടു. 110 വർഷത്തെ റേസിങ് ചരിത്രമാണു ട്രയംഫിനുള്ളതെന്നും റേസുകളിൽ വെന്നിക്കൊടി പാറിച്ച പാരമ്പര്യമുള്ള ‘ടി ടി’യെയും ‘സൂപ്പർ സ്പോർട്ടി’നെയുമൊന്നും കായിക പ്രേമികൾ മറക്കില്ലെന്നും അദ്ദേഹം പ്രതികരിച്ചു.