മെയ്ക്ക് ഇൻ ഇന്ത്യ ‘ഫൈവ് സീരീസ്’

BMW 5 Series

ഇന്ത്യയിലെ അവതരണത്തിനു മുന്നോടിയായി ചെന്നൈയിലെ ശാലയിൽ പുത്തൻ ‘ഫൈവ് സീരീസ്’ നിർമാണത്തിനു തുടക്കമായെന്നു ജർമൻ ആഡംബര കാർ നിർമാതാക്കളായ ബി എം ഡബ്ല്യു. ഈ മാസം അവസാനത്തോടെ കാർ ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തുമെന്നാണു സൂചന.

വർഷങ്ങളായി ഈ വിഭാഗത്തിൽ ‘ഫൈവ് സീരീസി’നു നേതൃസ്ഥാനമുണ്ടെന്ന് ബി എം ഡബ്ല്യു ഗ്രൂപ് ഇന്ത്യ പ്രസിഡന്റ് വിക്രം പാവ്വ അവകാശപ്പെട്ടു. ഇന്ത്യൻ ആഡംബര കാർ വിപണിയിൽ തരംഗം സൃഷ്ടിക്കാൻ ഈ മാസം തന്നെ വിൽപ്പനയ്ക്കെത്തുന്ന പുതിയ ‘ഫൈവ് സീരീസി’നു സാധിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. 

ഇതിനു മുന്നോടിയായി ചൊവ്വാഴ്ച മുതൽ ചെന്നൈയിലെ ബി എം ഡബ്ല്യു ശാല പുതിയ ‘ഫൈവ് സീരീസ്’ നിർമാണം ആരംഭിച്ചതായി ബി എം ഡബ്ല്യു ചെന്നൈ പ്ലാന്റ് മാനേജിങ് ഡയറക്ടർ ജോക്കെൻ സ്റ്റോൾകാംപ് അറിയിച്ചു.  എൻജിനീയറിങ്ങിലും ഗുണനിലവാരത്തിലുമൊന്നും വിട്ടുവീഴ്ച ചെയ്യാതെയാണ് ബി എം ഡബ്ല്യു ഇന്ത്യയിൽ ‘ഫൈവ് സീരീസ്’ നിർമിക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി. ആഡംബര കാർ വിഭാഗത്തിൽ കമ്പനിയുടെ സാന്നിധ്യം ശക്തമാക്കാൻ പുതിയ ‘ഫൈവ് സീരീസി’ന്റെ വരവിലൂടെ സാധിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.