ഇംഗ്ലീഷ് ചാനലും കടന്നു ‘പറക്കും കാർ’

Flying Car

‘പറക്കും കാറി’ൽ ഇംഗ്ലീഷ് ചാനൽ മറികടന്നു ഫ്രഞ്ച് വൈമാനികൻ ബ്രൂണോ വെസോലി ചരിത്രമെഴുതി. മണൽക്കൂമ്പാര മേഖലകളിലെ യാത്രയ്ക്ക് അനുയോജ്യമായ  ഡ്യൂൺ ബഗ്ഗിക്കൊപ്പം പാരാ ഗ്രൈഡർ ചേർന്നു രൂപമെടുത്ത, ‘പെഗാസസ്’ എന്നു പേരിട്ട ‘പറക്കും കാറി’ലായിരുന്നു  വെസോലിയുടെ അത്ഭുത പ്രകടനം. ഫ്രാൻസിലെ കലൈസിലുള്ള, യുദ്ധകാല ഉപയോഗം കഴിഞ്ഞ്  ഉപേക്ഷിച്ച നിലയിലുള്ള റൺവേയിൽ നിന്നു ബുധനാഴ്ചയാണു വെസോലിയുടെ ‘പറക്കും കാർ’ തെളിഞ്ഞ നീലാകാശത്തിലേക്ക് ഉയർന്നത്. 

എൻജിൻ കരുത്തേകുന്ന ഏതു യന്ത്രത്തിലുമെന്നപോലെ സാങ്കേതിക തകരാർ തന്നെയാണു തനിക്കു മുന്നിലുമുള്ള ഏറ്റവും വലിയ വെല്ലുവിളിയെന്ന് പറന്നുയരും മുമ്പുള്ള പരിശോധനയ്ക്കിടെ വെസോലി അഭിപ്രായപ്പെട്ടു. സാധാരണ ഗതിയിൽ ‘പറക്കും കാർ’ ഭൂമിയിലാണ് ഇറങ്ങാറുള്ളത്; എന്നാൽ ഈ ഉദ്യമത്തിനിടെ അടിയന്തര സാഹചര്യം നേരിട്ടാൽ കടലിൽ ഇറക്കേണ്ട സ്ഥിതിയാവും. അപ്രതീക്ഷിതമായൊന്നും സംഭവിക്കാത്തതിനാൽ വെസോലിയുടെ ‘പറക്കും കാർ’  36 മൈൽ(59 കിലോമീറ്റർ) അകലെയുള്ള ഇംഗ്ലീഷ് തുറമുഖ നഗരമായ ഡോവറിൽ സുരക്ഷിതമായി ചെന്നിറങ്ങി. 

ഗ്രീക്ക് പുരാണത്തിലെ പറക്കുംകുതിരയെ അനുസ്മരിപ്പിച്ച ‘പെഗാസസ്’ എന്നു പേരിട്ട ‘പറക്കും കാർ’ ജെറോം ഡൗഫിയുടെ ബുദ്ധിയിൽ ഉദയം ചെയ്തതാണ്. ഇംഗ്ലീഷ് ചാനലിനു കുറുകെ 1909ൽ ആദ്യമായി പറന്ന് ചരിത്രം സൃഷ്ടിച്ച ബ്രസീലിയൻ ആൽബർട്ടോ സാന്റോസ് ഡുമൊണ്ടും ഫ്രഞ്ചുകാരനായ ലൂയി ബ്ലെരിയോട്ടുമൊക്കെയാണു ഡൗഫിയുടെ പ്രചോദനം.

വാഹന നിർമാണ, വിമാന നിർമാണ വ്യവസായങ്ങൾ ഏകദേശം ഒരു നൂറ്റാണ്ട് മുമ്പാണു പിറവിയെടുത്തതെന്ന് ഡൗഫി ഓർമിപ്പിക്കുന്നു; എന്നാൽ ഇപ്പോൾ മാത്രമാണ് ഈ വ്യവസായങ്ങളുടെ സമന്വയം സാധ്യമായതെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. എൺപതു ദിവസത്തിനകം ലോകം ചുറ്റി തിരിച്ചെത്തുന്ന ആകാശനൗകയായിരുന്നു ഡൗഫിയുടെ ആദ്യ സ്വപ്നം. അതിലേക്കുള്ള ആദ്യ ചുവടുവയ്പെന്ന നിലയിലാണ് ‘പെഗാസസ്’ എന്ന ‘പറക്കും കാർ’ ഇംഗ്ലീഷ് ചാനൽ മറികടന്നത്.