ജി എസ് ടി: 4,500 രൂപ വരെ ഇളവുമായി ബജാജ്

Bajaj Dominar

ചരക്ക്, വിൽപ്പന നികുതി(ജി എസ് ടി) നടപ്പാവുന്നതിന്റെ മുന്നോടിയായി ഇരുചക്രവാഹന നിർമാതാക്കളായ ബജാജ് ഓട്ടോ ലിമിറ്റഡ് ബൈക്കുകളുടെ വില കുറച്ചു. ജി എസ് ടി വഴി പ്രതീക്ഷിക്കുന്ന ആനുകൂല്യം നികുതി നിലവിൽ വരുംമുമ്പേ ഉപയോക്താക്കൾക്കു കൈമാറുകയാണെന്നാണു ബജാജ് ഓട്ടോയുടെ വിശദീകരണം. പരമാവധി 45,000 രൂപയുടെ വരെ ഇളവാണു വിവിധ മോട്ടോർ സൈക്കിളുകൾക്ക് ബജാജ് ഓട്ടോ അനുവദിച്ചിരിക്കുന്നത്.

ജൂലൈ ഒന്നിന് ജി എസ് ടി നിലവിൽ വരുന്നതോടെ മിക്ക സംസ്ഥാനങ്ങളിലും മോട്ടോർ സൈക്കിളുകളുടെ നികുതി നിരക്ക് കുറയുമെന്നാണു പ്രതീക്ഷ. എങ്കിലും മോഡൽ അടിസ്ഥാനമാക്കിയും സംസ്ഥാന അടിസ്ഥാനത്തിലും നികുതി ഇളവ് ഏറിയും കുറഞ്ഞുമിരിക്കുമെന്നു ബജാജ് ഓട്ടോ വ്യക്തമാക്കുന്നു. എന്നാൽ ജി എസ് ടിയിൽ നിന്നു പ്രതീക്ഷിക്കുന്ന ആനുകൂല്യം ജൂൺ 14 മുതൽ തന്നെ ഉപയോക്താക്കളിലെത്തിക്കാനാണു ബജാജ് തീരുമാനിച്ചത്. എൻട്രി ലവൽ ‘സി ടി 100’ മുതൽ പ്രീമിയം വിഭാഗത്തിൽപെട്ട ‘ഡൊമിനർ 400’ വരെ നീളുന്നതാണു ബജാജ് ഓട്ടോയുടെ മോഡൽ ശ്രേണി; ഡൽഹി ഷോറൂമിൽ 35,183 രൂപ മുതൽ 1.53 ലക്ഷം രൂപ വരെയാണ് ഈ ബൈക്കുകളുടെ വില. 

ജി എസ് ടി പ്രാബല്യത്തിലെത്താൻ ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ പുതിയ നികുതി നിർദേശം വഴി ലഭിക്കുന്ന ആനുകൂല്യം കഴിവതും നേരത്തെ ഉപയോക്താക്കളിലെത്തിക്കാനാണു കമ്പനി തീരുമാനിച്ചതെന്നു ബജാജ് ഓട്ടോ പ്രസിഡന്റ്(മോട്ടോർ സൈക്കിൾ ബിസിനസ്) എറിക് വാസ് വിശദീകരിച്ചു. ജി എസ് ടി നടപ്പാവുന്നതോടെ ഇരുചക്രവാഹന വിഭാഗത്തിന്റെ നികുതി 28% ആയിട്ടാണു കുറയുക; നിലവിൽ ഈ വിഭാഗത്തിന്റെ നികുതി ബാധ്യത 30 ശതമാനത്തോളമാണ്. അതേസമയം 350 സി സിയിലേറെ എൻജിൻ ശേഷിയുള്ള ബൈക്കുകൾക്ക് ജി എസ് ടിയിൽ മൂന്നു ശതമാനം അധിക സെസും ബാധകമാവും.

ജി എസ് ടിക്കു മുന്നോടിയായി ഫോഡ് ഇന്ത്യ, ഔഡി ഇന്ത്യ, ബി എം ഡബ്ല്യു ഇന്ത്യ, മെഴ്സീഡിസ് ബെൻസ് ഇന്ത്യ തുടങ്ങിയ കാർ നിർമാതാക്കൾ വാഹന വിലയിൽ ഇളവുകൾ പ്രഖ്യാപിച്ചിരുന്നു; മോഡൽ അടിസ്ഥാനമാക്കി 10,000 മുതൽ 10 ലക്ഷം രൂപ വരെയുള്ള ഇളവുകളാണ് ഈ കമ്പനികൾ അനുവദിച്ചത്.