ഇന്ത്യയിൽ 130 കോടി നിക്ഷേപിക്കാൻ ബി എം ഡബ്ല്യു

ഇന്ത്യയിലെ പ്രവർത്തനങ്ങൾ വിപുലീകരിക്കാൻ 130 കോടി രൂപ കൂടി നിക്ഷേപിക്കാൻ ജർമൻ ആഡംബര കാർ നിർമാതാക്കളായ ബി എം ഡബ്ല്യു. ഇതോടെ കമ്പനി ഇന്ത്യയിൽ നടത്തുന്ന മൊത്തം നിക്ഷേപം 1,250 കോടി രൂപയിലെത്തും. ഉൽപന്ന ശ്രേണി വിപുലീകരണത്തിന്റെ ഭാഗമായി മാസാവസാനത്തോടെ ഇന്ത്യൻ നിർമിത ‘ഫൈവ സീരീസ്’ പുറത്തിറക്കുന്ന കമ്പനി അടുത്ത വർഷത്തോടെ ‘സിക്സ് സീരീസ് ഗ്രാൻ ടുറിസ്മൊ’യും വിൽപ്പനയ്ക്കെത്തിക്കും. 

കഴിഞ്ഞ 10 വർഷമായി ബി എം ഡബ്ല്യു സ്ഥിരമായ നിക്ഷേപം നടത്തുന്നുണ്ടെന്നു ബി എം ഡബ്ല്യു ഇന്ത്യ പ്രസിഡന്റ് വിക്രം പാവ്വ വെളിപ്പെടുത്തി. ഇക്കൊല്ലത്തോടെ ബി എം ഡബ്ല്യുവിന്റെ മൊത്തം നിക്ഷേപം 1,250 കോടിയിലെത്തുമെന്നും അദ്ദേഹം അറിയിച്ചു. ഇതുവരെ 1,120 കോടി രൂപയാണ് ബി എം ഡബ്ല്യു ഇന്ത്യയിൽ നിക്ഷേപിച്ചിരിക്കുന്നത്. ഇരുചക്രവാഹനവിഭാഗമായ മോട്ടോർ റാഡിലും സാമ്പത്തിക സേവന വിഭാഗത്തിലുമാണ് ഇക്കൊല്ലത്തെ നിക്ഷേപമെന്നും പാവ്വ വിശദീകരിച്ചു. ഇതോടെ ബി എം ഡബ്ല്യു ഗ്രൂപ് ഓപ്പറേഷൻസിന്റെ മൊത്തം നിക്ഷേപം 520 കോടി രൂപയായും ബി എം ഡബ്ല്യു ഫിനാൻഷ്യൽ സർവീസസിന്റെ വിഹിതം 730 കോടി രൂപയായും ഉയരും.

ഇന്ത്യയിലെ വിപണന ശൃംഖല വിപുലീകരിക്കാനുള്ള തയാറെടുപ്പിലാണു ബി എം ഡബ്ല്യു. നിലവിൽ 18 പങ്കാളികളുമായി ചേർന്നു  30 നഗരങ്ങളിലാണ് കമ്പനിക്കു വിൽപ്പന കേന്ദ്രങ്ങളുള്ളത്. മൊത്തം 63 ടച് പോയിന്റുകളാണു ബി എം ഡബ്ല്യുവിന് ഇന്ത്യയിലുള്ളത്; ഇതിൽ 41 എണ്ണം വിൽപ്പന കേന്ദ്രങ്ങളാണ്. അടുത്ത വർഷത്തോടെ ഇവയുടെ എണ്ണം 50 ആക്കി ഉയർത്തുകയാണു പദ്ധതിയെന്നു പാവ്വ അറിയിച്ചു. ഇതിനു പുറമെ വിപണന സാധ്യതയേറിയ പട്ടണങ്ങൾക്കായി ‘മൊബൈൽ സ്റ്റുഡിയോ’യും ബി  എം ഡബ്ല്യു സജ്ജീകരിച്ചിട്ടുണ്ട്. കാലാവസ്ഥയിലെ മാറ്റം ബാധിക്കാത്ത വിധത്തിൽ രൂപകൽപ്പന ചെയ്ത ‘മൊബൈൽ സ്റ്റുഡിയോ’ ഇക്കൊല്ലം 50 പട്ടണങ്ങൾ  സന്ദർശിക്കുമെന്നു പാവ്വ വെളിപ്പെടുത്തി.