ജെ എൽ ആർ ഓഹരി വിൽപ്പനയ്ക്കില്ലെന്നു ടാറ്റ

ബ്രിട്ടീഷ് ആഡംബര ബ്രാൻഡായ ജഗ്വാർ ലാൻഡ് റോവറി(ജെ എൽ ആർ)ന്റെ ഓഹരികൾ വ്യാപാരത്തിനെത്തിക്കാൻ പദ്ധതിയില്ലെന്ന് ഉടമസ്ഥരായ ടാറ്റ മോട്ടോഴ്സ്. ഐ പി ഒ നടത്തി ജെ എൽ ആറിന്റെ ഓഹരികൾ അവതരിപ്പിക്കാൻ ടാറ്റ മോട്ടോഴ്സ് ഒരുങ്ങുന്നെന്ന വാർത്തകളോടു പ്രതികരിക്കുകയായിരുന്നു കമ്പനി. ജെ എൽ ആർ ഓഹരി വിൽപ്പന സംബന്ധിച്ചു പ്രചരിക്കുന്ന വാർത്തകൾ അഭ്യൂഹം മാത്രമാണെന്നു ടാറ്റ മോട്ടോഴ്സ് വക്താവ് വ്യക്തമാക്കി. ജഗ്വാർ ലാൻഡ് റോവർ ഓഹരി ലിസ്റ്റ് ചെയ്യാൻ പദ്ധതിയില്ലെന്നും കമ്പനി വിശദീകരിച്ചു.

ജഗ്വാർ ലാൻഡ് റോവറിന്റെ പ്രാഥമിക ഓഹരി വിൽപ്പന(ഐ പി ഒ) നടത്താൻ ടാറ്റ മോട്ടോഴ്സ് ഒരുങ്ങുന്നെന്നായിരുന്നു വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തത്. 2008ൽ 240 കോടി ഡോളറിനാണു ടാറ്റ മോട്ടോഴ്സ് യു എസ് നിർമാതാക്കളായ ഫോഡ് മോട്ടോർ കമ്പനിയിൽ നിന്ന് ഈ ബ്രിട്ടീഷ് ആഡംബര ബ്രാൻഡുകൾ സ്വന്തമാക്കിയത്. തുടർന്നുള്ള വർഷങ്ങൾക്കിടയിൽ നഷ്ടത്തിൽ പ്രവർത്തിച്ചിരുന്ന ജഗ്വാർ ലാൻഡ് റോവറിനെ നേട്ടത്തിലെത്തിക്കാൻ ടാറ്റ മോട്ടോഴ്സിനു കഴിഞ്ഞു. 2015ൽ ജെ എൽ ആറിന്റെ വരുമാനം 2008ലെ വരുമാനത്തിന്റെ ഏഴിരട്ടിയോളമായിരുന്നു. പോരെങ്കിൽ ബ്രിട്ടനിലെ ഏറ്റവും ലിയ കാർ നിർമാതാക്കളെന്ന നിലയിലേക്കു വളരാനും ജെ എൽ ആറിനു കഴിഞ്ഞു.

പ്രവർത്തന പുരോഗതിയുടെ പ്രതിഫലനമായി 5,000 ജീവനക്കാരെ പുതുതായി നിയമിക്കാനും കമ്പനി തയാറെടുക്കുന്നുണ്ട്. സ്വയം ഓടുന്ന വാഹനങ്ങളുടെയും വൈദ്യുത വാഹന സാങ്കേതികവിദ്യയുടെയും വികസനം ലക്ഷ്യമിട്ടാണു ജെ എൽ ആറിന്റെ ഈ നീക്കം. ആഗോളതലത്തിൽ 40,000 പേരാണു ജെ എൽ ആറിൽ ജോലി ചെയ്യുന്നത്. ഇതിനു പുറമെ 1,000 ഇലക്ട്രോണിക്, സോഫ്റ്റ്വെയർ എൻജിനീയർമാരെ കൂടി നിയമിക്കാനാണു ജെ എൽ ആർ ഒരുങ്ങുന്നത്. കൂടാതെ നിർമാണ മേഖലയിൽ നാലായിരത്തോളം പേർക്കും തൊഴിൽ നൽകും. പ്രധാനമായും ബ്രിട്ടൻ കേന്ദ്രീകരിച്ചാവും പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടുക. അടുത്ത 12 മാസം കൊണ്ടു നിയമനനടപടി പൂർത്തിയാക്കാനാണു കമ്പനി തയാറെടുക്കുന്നത്.