യു എസിൽ ഇക്കൊല്ലം വാഹന വിൽപ്പന ഇടിയുമെന്നു ജി എം

General motors

ഇക്കൊല്ലം രാജ്യത്തെ മൊത്തം വാഹന വിൽപ്പന 1.70 കോടി യൂണിറ്റിനപ്പുറം പോവാനിടയില്ലെന്നു യു എസ് നിർമാതാക്കളായ ജനറൽ മോട്ടോഴ്സ്(ജി എം) കമ്പനി. വാഹന വ്യവസായം മൊത്തത്തിൽ നേരിടാൻ സാധ്യതയുള്ള തിരിച്ചടിയുടെ ഭാഗമായാണു വിൽപ്പനയിൽ പ്രതീക്ഷിക്കുന്ന ഈ ഇടിവെന്നും കമ്പനി വിശദീകരിക്കുന്നു.

യു എസിലെ പുതിയ വാഹനങ്ങളുടെ വിൽപ്പന മന്ദഗതിയിലായിട്ടുണ്ടെന്ന് ജി എം ചീഫ് ഫിനാൻഷ്യൽ ഓഫിസർ ചക്ക് സ്റ്റീവൻസ് വെളിപ്പെടുത്തി. വിവിധ കമ്പനികൾ പുറത്തുവിടുന്ന മാസം തോറുമുള്ള വാഹന വിൽപ്പന കണക്കെടുപ്പിലും ഈ യാഥാർഥ്യം തെളിയുന്നുണ്ട്. ഈ പ്രതിസന്ധിയെ മറികടക്കാൻ പര്യാപ്തമായ വിധത്തിൽ വാഹനവില നിർണയിക്കുന്നതും കനത്ത വെല്ലുവിളി സൃഷ്ടിക്കുന്നുണ്ടെന്നു സ്റ്റീവൻസ് അഭിപ്രായപ്പെട്ടു. 

കഴിഞ്ഞ വർഷം യു എസ് വാഹന വിപണി 1.755 കോടി വാഹനങ്ങൾ വിറ്റു പുതിയ റെക്കോഡ് സൃഷ്ടിച്ചിരുന്നു. 2010 മുതൽ വാഹന വിൽപ്പനയിൽ രേഖപ്പെടുത്തുന്ന മുന്നേറ്റമാണു കഴിഞ്ഞ വർഷം പുതിയ റെക്കോഡിൽ കലാശിച്ചത്. എന്നാൽ യൂസ്ഡ് വാഹന വ്യാപാരത്തിൽ കൈവരിച്ച  മുന്നേറ്റമാണ് ഇക്കൊല്ലം പുതിയ വാഹനങ്ങളുടെ വിൽപ്പനയ്ക്ക് ഭീഷണി സൃഷ്ടിക്കുന്നത്. ഇക്കൊല്ലം ജനുവരി — മാർച്ച് കാലത്തെ വാഹന വിൽപ്പനയിൽ ക്രമമായ ഇടിവാണു രേഖപ്പെടുത്തിയിരിക്കുന്നത്. 

ഇതൊക്കെ പരിഗണിച്ചാണ് 2017ലെ യു എസിലെ വാഹന വിൽപ്പന 1.70 കോടിയിൽ ഒതുങ്ങുമെന്ന് ജി എം വിലയിരുത്തുന്നത്. ഇതിന് അനുസൃതമായി കമ്പനിയുടെ വാഹന വിൽപ്പനയിൽ രണ്ടോ മൂന്നോ ലക്ഷം യൂണിറ്റിന്റെ ഇടിവാണു പ്രതീക്ഷിക്കുന്നതെന്നും സ്റ്റീവൻസ് വെളിപ്പെടുത്തി. വിൽപ്പനയിലെ ഈ ഇടിവു നേരിടാനായി ഫ്ളീറ്റ് വിഭാഗത്തിനുള്ള വിൽപ്പന കമ്പനി നിയന്ത്രിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. പോരെങ്കിൽ യു എസിലെ കരുതൽ ശേഖരം കുറയ്ക്കാനും ജി എം നടപടി സ്വീകരിച്ചിട്ടുണ്ട്. ജൂണിൽ 110 ദിവസത്തെ വിൽപ്പനയ്ക്കുള്ള സ്റ്റോക്കാണു സൂക്ഷിക്കുന്നതെങ്കിൽ വർഷാവസാനത്തോടെ ഇത് 70 ദിവസത്തെ ആവശ്യത്തിനുള്ളതാക്കി കുറയ്ക്കാനാണു കമ്പനി ഒരുങ്ങുന്നത്.