കെ ടി എം ബൈക്കുകൾക്ക് വില കൂടി

KTM Duke 390

ചരക്ക്, സേവന നികുതി(ജി എസ് ടി) നിലവിൽ വന്നതോടെ ഓസ്ട്രിയൻ ബ്രാൻഡായ കെ ടി എമ്മിന്റെ ബൈക്കുകളുടെ ഇന്ത്യയിലെ വിലയേറി. കമ്പനി ഇന്ത്യയിൽ വിൽക്കുന്ന ‘കെ ടി എം 200 ഡ്യൂക്ക്’, ‘250 ഡ്യൂക്ക്’, ‘390 ഡ്യൂക്ക്’, ‘കെ ടി എം ആർ സി 200’, ‘ആർ സി 390’ എന്നിവയ്ക്കെല്ലാം വില ഉയരുന്നുണ്ട്. ‘390 ഡ്യൂക്ക്’ വിലയിൽ 628 രൂപ മുതൽ ‘ആർ സി 390’ വിലയിൽ 5,795 രൂപ വരെയാണു കെ ടി എം  ശ്രേണിയുടെ വില വർധന. 

ജി എസ് ടി നടപ്പാവുന്നതോടെ നികുതി നിരക്ക് കുറയുന്ന ‘200 ഡ്യൂക്ക്’, ‘250 ഡ്യൂക്ക്’, ‘ആർ സി 200’ എന്നിവയ്ക്കും വില വർധിപ്പിക്കാനുള്ള കെ ടി എമ്മിന്റെ തീരുമാനം തികച്ചും അപ്രതീക്ഷിതമാണ്. ‘200 ഡ്യൂക്ക്’ വിലയിൽ 4,063 രൂപയുടെ വർധന നടപ്പായതോടെ ബൈക്കിന്റെ ഡൽഹി ഷോറൂമിലെ വില 1,47,563 രൂപയായി. ‘250 ഡ്യൂക്കി’ന്റെ വില 4,427 രൂപ വർധിച്ച് 1,77,424 രൂപയിലെത്തി. ‘ആർ സി 200’ വിലയിൽ 4,787 രൂപ വർധനയാണു കെ ടി എം പ്രഖ്യാപിച്ചത്; ഡൽഹിയിലെ പുതിയ വില 1,76,527 ലക്ഷം രൂപ. നികുതിയിളവു വഴി ലഭിച്ച ആനുകൂല്യം കൈമാറാതെ വാഹന വില ഉയർത്താനുള്ള തീരുമാനത്തിനു കെ ടി എം ഇന്ത്യ വിശദീകരണമൊന്നും നൽകിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

ജി എസ് ടി നടപ്പായതോടെ 350 സി സിയിൽ താഴെ എൻജിൻ ശേഷിയുള്ള ബൈക്കുകൾക്കുള്ള നികുതി നിരക്കിൽ രണ്ടു ശതമാനം വരെ ഇളവ് ലഭിച്ചിരുന്നു. അതേസമയം 350 സി സിയിലേറെ എൻജിൻ ശേഷിയുള്ള മോഡലുകളുടെ നികുതിയിൽ ഒരു ശതമാനത്തോളം വർധനയും സംഭവിച്ചു. അതിനാൽ 373 സി സി എൻജിൻ ഘടിപ്പിച്ച ‘390 ഡ്യൂക്ക്’, ‘ആർ സി 390’ എന്നിവയ്ക്ക് വിലയേറുമെന്ന് ഉറപ്പായിരുന്നു. പരിഷ്കരിച്ചതോടെ ‘390 ഡ്യൂക്കി’ന് ഡൽഹി ഷോറൂമിൽ 2,26,358 രൂപയായി വില. ‘ആർ സി 390’ ബൈക്കിന്റെ പുതിയ വില 2,31,097 രൂപയുമായി. 

Read More: Auto News Auto Tips Fasttrack