ജി എസ് ടി: ഇന്ത്യൻ ബൈക്കുകൾക്കും വിലക്കിഴിവ്

Indian Road Master

ചരക്ക്, സേവന നികുതി (ജി എസ് ടി) നടപ്പായ സാഹചര്യത്തിൽ യു എസ് ബൈക്ക് ബ്രാൻഡായ ഇന്ത്യൻ മോട്ടോർ സൈക്കിളുകളുടെ വില കുറച്ചു. വിവിധ മോഡലുകളുടെ ഇന്ത്യയിലെ വിൽപ്പന വിലയിൽ 2.21 ലക്ഷം രൂപയുടെ വരെ കുറവാണ് പൊളാരിസ് ഇന്ത്യ പ്രഖ്യാപിച്ചത്. ഇന്ത്യയിൽ വിൽപ്പനയ്ക്കുള്ള ‘ഇന്ത്യൻ സ്കൗട്ട്’, ‘ഇന്ത്യൻ ഡാർക്ക് ഹോഴ്സ്’, ‘ഇന്ത്യൻ ചീഫ് ക്ലാസിക്’ മോഡലുകളുടെ വിലയിൽ ഒൻപതു മുതൽ 12% വരെ വിലക്കിഴിവാണു നിലവിൽ വന്നതെന്നു പൊളാരിസ് ഇന്ത്യ വിശദീകരിച്ചു. 

ജി എസ് ടിക്കു ശേഷം ‘ഇന്ത്യൻ സ്കൗട്ടി’ന്റെ വില 12.99 ലക്ഷം രൂപയായി; നേരത്തെ 14.75 ലക്ഷം രൂപയായിരുന്ന ബൈക്കിനു വില. 12% ഇളവാണ് ‘ഇന്ത്യൻ സ്കൗട്ട്’ വിലയിൽ ലഭ്യമാവുന്നത്.‘ഇന്ത്യൻ ഡാർക്ക് ഹോഴ്സി’ന്റെ വിലയാവട്ടെ ഒൻപതു ശതമാനം കുറഞ്ഞ് 21.25 ലക്ഷം രൂപയായി. മുമ്പ് 23.40 ലക്ഷം രൂപയായിരുന്നു ബൈക്കിനു വില. ‘ഇന്ത്യൻ ചീഫ് ക്ലാസിക്കി’നും ഒൻപതു ശതമാനം വിലക്കിഴിവാണു നിലവിൽ വന്നത്. മുമ്പ് 24.20 ലക്ഷം രൂപ വിലമതിച്ചിരുന്ന ബൈക്ക് ഇപ്പോൾ 21.99 ലക്ഷം രൂപയ്ക്കു ലഭ്യമാണ്.

ഹീറോ മോട്ടോ കോർപ്, ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ, ടി വി എസ് മോട്ടോർ കമ്പനി, ബജാജ് ഓട്ടോ ലിമിറ്റഡ്, കെ ടി എം, റോയൽ എൻഫീൽഡ്, യമഹ, സുസുക്കി മോട്ടോർ സൈക്കിൾ ലിമിറ്റഡ് തുടങ്ങി രാജ്യത്തെ പ്രമുഖ ഇരുചക്രവാഹന നിർമാതാക്കളെല്ലാം തന്നെ ജി എസ് ടി വഴി ലഭിച്ച ആനുകൂല്യം വിലക്കിഴിവായി ഉപയോക്താക്കൾക്കു കൈമാറിയിട്ടുണ്ട്. യാത്രാവാഹന വിഭാഗത്തിലാവട്ടെ നിസ്സാൻ, സ്കോഡ, ഇസൂസു മോട്ടോഴ്സ്, ടാറ്റ മോട്ടോഴ്സ്, റെനോ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഹോണ്ട കാഴ്സ് ഇന്ത്യ, ഫോഡ്, മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്, ടൊയോട്ട കിർലോസ്കർ മോട്ടോർ, ജഗ്വാർ ലാൻഡ് റോവർ, ബി എം ഡബ്ല്യു, മെഴ്സീഡിസ് ബെൻസ് ഇന്ത്യ, ഔഡി,  ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ ലിമിറ്റഡ് തുടങ്ങിയ നിർമാതാക്കളെല്ലാം ജൂലൈ ഒന്നിനു ശേഷം വിലക്കിഴിവ് പ്രഖ്യാപിച്ചിരുന്നു. 

Read More: Auto News | Auto Tips | Fasttrack