എഫ് വൺ: മെഴ്സീഡിസ് ബന്ധം തുടരാൻ പെട്രോണാസ്

Mercedes Petronas Motorsport

ഫോർമുല വൺ ലോക ചാംപ്യൻഷിപ്പിൽ മത്സരിക്കുന്ന ജർമൻ ടീമായ മെഴ്സീഡിസുമായുള്ള സ്പോൺസർഷിപ് തുടരാൻ മലേഷ്യയിലെ സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണ, പ്രകൃതിവാതക കമ്പനിയായ പെട്രോണാസ് തീരുമാനിച്ചു. അടുത്ത സീസണുള്ള മത്സര കലണ്ടറിൽ നിന്നു സെപാങ്ങിലെ മലേഷ്യൻ ഗ്രാൻപ്രി ഒഴിവാക്കിയെങ്കിലും മെഴ്സീഡിസുമായുള്ള ബന്ധം വരുംവർഷങ്ങളിലും തുടരാൻ പെട്രോണാസ് തീരുമാനിക്കുകയായിരുന്നു. സ്പോൺസർഷിപ് പുതുക്കാനുള്ള കരാർ കഴിഞ്ഞ വർഷം അവസാനം തന്നെ ടീമും കമ്പനിയും ഒപ്പു വച്ചിരുന്നത്രെ; എന്നാൽ ഇരു കൂട്ടരും ഈ തീരുമാനം പുറത്തറിയാതെ സൂക്ഷിക്കുകയായിരുന്നു. 

ഫോർമുല വൺ മത്സരരംഗത്ത സാന്നിധ്യം തുടരാനാണു തീരുമാനമെന്നായിരുന്നു ബ്രിട്ടീഷ് ഗ്രാൻപ്രിക്കു ശേഷം പെട്രോണാസ് പ്രസിഡന്റും ഗ്രൂപ് ചീഫ് എക്സിക്യൂട്ടീവുമായ വാൻ സുൽകിഫ്ലി വാൻ അരിഫിൻ നടത്തിയ വെളിപ്പെടുത്തൽ. ഇക്കൊല്ലം പുതിയ നിയമങ്ങളും വ്യവസ്ഥകളും നിലവിൽ വന്നതോടെ ഫോർമുല വണ്ണിനോട് പ്രേക്ഷകർക്കുള്ള ആഭിമുഖ്യമേറിയിട്ടുണ്ട് എന്നതു ശുഭകരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിഞ്ഞ ജനുവരിയിലാണു ഫോർമുല വണ്ണിന്റെ വാണിജ്യാവകാശം യു എസ് ആസ്ഥാനമായ ലിബർട്ടി മീഡിയ സ്വന്തമാക്കിയത്.