ഫെറാരി ‘ജി ടി സി ഫോർ ലൂസൊ’ ഇന്ത്യയിലേക്ക്

Ferrari GTC4Lusso

ഇറ്റാലിയൻ സ്പോർട്സ് കാർ നിർമാതാക്കളായ ഫെറാരിയുടെ ‘ജി ടി സി ഫോർ ലൂസൊ’ അടുത്ത രണ്ടിന് ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തുന്നു. കഴിഞ്ഞ വർഷത്തെ ജനീവ മോട്ടോർ ഷോയിലാണു നാലു സീറ്റുള്ള ഗ്രാൻഡ് ടൂററായ ‘ജി ടി സി ഫോർ ലൂസൊ’ അരങ്ങേറ്റം കുറിച്ചത്. 

ആയാസരഹിതമായ ദീർഘദൂര ഡ്രൈവിങ് സാധ്യമാക്കുന്ന പ്രകടനക്ഷമതയേറിയ ആഡംബര കാറുകളാണ് ഗ്രാൻഡ് ടൂറർ വിഭാഗത്തിൽ ഇടംപിടിക്കുന്നത്. നാലു പേർക്കു സുഖകരമായ യാത്ര സാധ്യമാക്കുന്ന കാറിൽ 450 ലീറ്റർ ബൂട്ട് സ്പേസും ഫെറാരി വാഗ്ദാനം ചെയ്യുന്നു. ഇന്ത്യയിലെത്തുമ്പോൾ നാലര മുതൽ അഞ്ചു കോടി രൂപ വരെയാണു കാറിനു പ്രതീക്ഷിക്കുന്ന വില.

നാച്ചുറലി ആസ്പിറേറ്റഡ് 6.3 ലീറ്റർ, വി 12 എൻജിനാണ് ഈ സൂപ്പർ കാറിനു കരുത്തേകുന്നത്; പരമാവധി 690 പി എസ് കരുത്തും 697 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. ഏഴു സ്പീഡ് ഡ്യൂവൽ ക്ലച് ട്രാൻസ്മിഷനുള്ള കാറിന് ഫോർ വീൽ ഡ്രൈവ് ലേ ഔട്ടാണ്.

കാറിലെ ഫോർ വീൽ സ്റ്റീയറിങ്ങിന് പിൻ വീലുകളെ രണ്ടു ഡിഗ്രിയോളം തിരിക്കാനാവും. വേഗം മണിക്കൂറിൽ 100 കിലോമീറ്ററിൽ താഴെയാണെങ്കിൽ മുൻവീലുകളെ അപേക്ഷിച്ച് എതിർദിശയിലാവും പിൻവീലുകൾ തിരിയുക; ഇതോടെ ടേണിങ് റേഡിയസ് കുറയ്ക്കാനാവും. വേഗം 100 കിലോമീറ്ററിലേറെയാവുമ്പോൾ പിന്നിലെയും മുന്നിലെയും വീലുകൾ ഒരേ ദിശയിലാക്കി കാറിനു കൂടുതൽ സ്ഥിരത സമ്മാനിക്കുകയും ചെയ്യും. 

നിശ്ചലാവസ്ഥയിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ ‘ജി ടി സി ഫോർ ലൂസൊ’യ്ക്ക് വെറും 3.4 സെക്കൻഡ് മതി; 10.5 സെക്കൻഡിൽ 200 കിലോമീറ്റർ വേഗമാർജിക്കുന്ന കാറിന്റെ പരമാവധി വേഗം മണിക്കൂറിൽ 335 കിലോമീറ്ററാണ്.

നിലവിലുള്ള ‘എഫ് എഫി’ൽ ലഭ്യമായ ആഡംബരങ്ങളും ആർഭാടങ്ങളുമൊക്കെ ഈ കാറിലും ഫെറാരി അണിനിരത്തിയിട്ടുണ്ട്. 10.25 ടച് സ്ക്രീനാണ് മധ്യത്തിലെ ഇൻഫൊടെയ്ൻമെന്റ് സിസ്റ്റിലുള്ളത്; ഇരട്ട കോക്പിറ്റ് ഡിസ്പ്ലേയിൽ ജി ഫോഴ്സ് മീറ്ററും ഘടിപ്പിച്ചിട്ടുണ്ട്.