‘പോളോ’യ്ക്കും ‘അമിയൊ’യ്ക്കും ഹൈലൈൻ പ്ലസ് പതിപ്പ്

Ameo

ഹാച്ച്ബാക്കായ ‘പോളോ’യ്ക്കും കോംപാക്ട് സെഡാനായ ‘അമിയൊ’യ്ക്കും പുതിയ മുന്തിയ പതിപ്പുകളായി ഇന്ത്യയിൽ ‘ഹൈലൈൻ പ്ലസ്’ വകഭേദം അവതരിപ്പിക്കാൻ ജർമൻ നിർമാതാക്കളായ ഫോക്സ്വാഗൻ ഒരുങ്ങുന്നു. ‘പോളോ ഹൈലൈൻ പ്ലസ്’ പതിപ്പിന് 7.24 ലക്ഷം രൂപയും ‘അമിയൊ ഹൈലൈൻ പ്ലസി’ന് 7.35 ലക്ഷം രൂപയുമാവും വിലയെന്നാണു പ്രതീക്ഷ; പെട്രോൾ എൻജിനുള്ള മോഡലുകളുടെ വിലയാണിത്. ഇരു മോഡലുകൾക്കുമുള്ള ബുക്കിങ്ങുകൾ കമ്പനി ഡീലർഷിപ്പുകൾ സ്വീകരിച്ചു തുടങ്ങിയിട്ടുമുണ്ട്.

അതേസമയം 1.5 ലീറ്റർ ടി ഡി ഐ ഡീസൽ എൻജിനോടെ എത്തുമ്പോൾ പുതിയ ‘ഹൈലൈൻ പ്ലസ്’ പതിപ്പുകൾക്ക് ടി എസ് ഐ പെട്രോൾ മോഡലുകളെ അപേക്ഷിച്ച് 1.30 — 1.40 ലക്ഷം രൂപ അധികം നൽകേണ്ടി വരും. റിവേഴ്സ് കാമറ സഹിതമുള്ള പരിഷ്കരിച്ച ഇൻഫൊടെയ്ൻമെന്റ് സിസ്റ്റം, ഓപ്ഷൻ വ്യവസ്ഥയിൽ വലിപ്പമേറിയ 16 ഇഞ്ച് വീൽ എന്നിവയോടെയാവും ‘ഹൈലൈൻ പ്ലസ്’ പതിപ്പുകളുടെ വരവ്. 

എൻട്രി ലവൽ സെഡാനായ ‘വെന്റോ’യുടെ ‘ഹൈലൈൻ പ്ലസ്’ പതിപ്പ് ഫോക്സ്വാഗൻ നേരത്തെ പുറത്തിറക്കിയിരുന്നു. പൂർണ എൽ ഇ ഡി ഹെഡ്ലാംപ്, എൽ ഇഡി ഡേടൈം റണ്ണിങ് ലാംപ്, റിയർവ്യൂ കാമറ തുടങ്ങിയവയെല്ലാമായിട്ടായിരുന്നു ‘വെന്റോ ഹൈലൈൻ പ്ലസി’ന്റെ വരവ്. ഒ വി ആർ എം ടേൺ ഇൻഡിക്കേറ്റർ, സിർകൊണിയ അലോയ്വീൽ, ഓട്ടമാറ്റിക് റെയിൻ സെൻസിങ് വൈപ്പർ തുടങ്ങിയവയും കാറിൽ ലഭ്യമാക്കിയിരുന്നു. അകത്തളത്തിലാവട്ടെ എയർ കണ്ടീഷനിങ് വെന്റ്, ഓട്ടോ ഡിമ്മിങ് ഐ വി ആർ എം, കൂൾഡ് ഗ്ലൗ ബോക്സ്, മൾട്ടി ഫംക്ഷൻ സ്റ്റീയറിങ് വീൽ തുടങ്ങിയവയുണ്ട്. 

അതേസമയം ‘പോളോ’യുടെയും ‘അമിയൊ’യുടെയും ഹൈലൈൻ പ്ലസ് പതിപ്പിൽ എൽ  ഇ ഡി ഹെഡ്ലാംപ് ലഭ്യമാവില്ലെന്നാണു സൂചന. മാരുതി സുസുക്കി ‘ബലേനൊ’, ഹ്യുണ്ടേയ് ‘ഐ 20’, ഹോണ്ട ‘ജാസ്’ തുടങ്ങിവയോടാണ് ഇന്ത്യയിൽ ഫോക്സ്വാഗൻ ‘പോളോ’യുടെ മത്സരം. ‘അമിയൊ’യുടെ എതിരാളികളാവട്ടെ മാരുതി സുസുക്കി ‘ഡിസയർ’, ഹ്യുണ്ടേയ് ‘എക്സെന്റ്’, ഹോണ്ട ‘അമെയ്സ്’, ഫോഡ് ‘ആസ്പയർ’ തുടങ്ങിയവയും.