വിപണി വിപ്ലവം സൃഷ്ടിക്കാനെത്തുമോ ഹോണ്ട ഫോഴ്സ

Honda Forza

ഹോണ്ട ഫോഴ്സയും ആക്ടീവയും ഒരേ വരിയിൽ നിർത്തിയാൽ ‘ജയിംസ് ബോണ്ടിന്റെ അടുത്ത് സിഐഡി മൂസ നിൽക്കുന്നതു പോലെ’ ചിലർക്കെങ്കിലും തോന്നിയേക്കാം. തറവാട് ഒന്നാണെങ്കിലും അജഗജാന്തരമുണ്ട് ഇവർ തമ്മിൽ; സ്റ്റൈലിൽ, സൗകര്യങ്ങളിൽ, കരുത്തിൽ, പ്രതിച്ഛായയിൽ... പട്ടിക നീളും. അപ്പോഴും ഒരു സാമ്യവുമുണ്ട്; ഹോണ്ടയുടെ ഇന്ത്യയിലെ അരുമ സന്താനമാണ് ആക്ടീവയെങ്കിൽ യൂറോപ്യൻ വിപണിയിലെ ഓമനയാണ് ഫോഴ്സ 125. വളരുന്നതിനൊപ്പം പരിണാമം സംഭവിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യൻ വാഹന വിപണിയിൽ ഒരു സുപ്രഭാതത്തിൽ സെവൻ ജി (ഏഴാം തലമുറ) എന്നു പോലും വിശേഷിപ്പിക്കുന്ന ഈ ‘വെൽ ഡ്രസ്ഡ് സ്കൂട്ടർ’ അവതരിച്ചേക്കാം. അപ്പോൾ അമ്പരക്കാതിരിക്കാൻ ഇപ്പോൾ ഒന്നറിഞ്ഞിരിക്കാം, ഫോഴ്സ എന്ന ബോണ്ടിനെ...

Honda Forza

പരിഷ്കാരി... (അഥവാ അർബൻ)

∙ സ്റ്റൈൽ; പൂർണമായും സ്റ്റെപ്ത്രൂ (പ്ലാറ്റ്ഫോം ഒഴിഞ്ഞു കിടക്കുന്ന പരമ്പരാഗത സ്കൂട്ടർ ഡിസൈൻ) രീതിയിലുള്ള സ്കൂട്ടറല്ല ഫോഴ്സ. പകുതി അണ്ടർബോൺ ടൈപ്പ് ആണ് (പ്ലാറ്റ്ഫോമിലൂടെ ഒരു നട്ടെല്ലു കടന്നുപോകുന്നവ. ഉദാ. ഹീറോ ഹോണ്ട സ്ട്രീറ്റ്). ഹാൻഡിലിൽ തന്നെയാണു നിയന്ത്രണ സ്വിച്ചുകളെങ്കിലും മീറ്ററുകളും ഹെഡ്‌ലൈറ്റ് ക്ലസ്റ്ററും കാൽഭാഗം ബോഡിയും മറ്റൊരു യൂണിറ്റായി നിൽക്കുന്നു (കരിസ്മ, ഡിയോ എന്നിവയിലേതു പോലെ). സ്പ്ലിറ്റ് (പൾസർ 220) എന്നു തോന്നിപ്പിക്കുന്ന വൈഡ് മാറ്റ് ബ്ലാക്ക് ഹാൻഡിൽ. അറ്റങ്ങൾ കൂർപ്പിച്ചു നിർത്തുന്ന ‘എഡ്ജ്’ ഡിസൈനിന്റെ ഭംഗിയത്രയും പിൻഭാഗത്ത്. ചെത്തി മിനുക്കിയ ടെയിൽ ലാംപിന്റെ വെളിച്ചം എൽഇഡി നൽകുന്നു. പില്യൻ ഹാൻഡിൽ സ്പ്ലിറ്റാണ് (എഫ്സിയിലേതു പോലെ). മൂന്നു ലൈറ്റുകൾ ചേർന്ന ഹെഡ്‌ലാംപ‌് യൂണിറ്റിനു മുകളിലുള്ള ഇരട്ടവരകൾ അല്യൂമിനിയം ഗാർണിഷ് ആണെന്നു തോന്നുപ്പിക്കുന്ന ഡേടൈം റണിങ് ലാംപുകൾ. അലോയ് വീലുകൾ കറുത്ത നിറത്തിൽ. ഇൻഡിക്കേറ്ററുകൾ മുന്നിൽ റിയർവ്യൂ മിററിൽ തന്നെ ക്രമീകരിച്ചിരിക്കുന്നു, പിന്നിൽ ബ്രേക്ക്‌ലൈറ്റിനൊപ്പം. ഫുട്റെസ്റ്റുകൾ അല്യൂമിനിയത്താൽ നിർമിതം. ബോഡിയിൽ പെയിന്റ് ചെയ്യാത്ത പ്ലാസ്റ്റിക് കൂടി കണക്കിലെടുത്താൽ (മതിയാവോളമുണ്ട് താനും) മൊത്തം മൂന്നു നിറങ്ങൾ. ഗ്രാഫിക്സിന്റെ പൊടി പോലുമില്ലെങ്കിലും നിറങ്ങളുടെ കൃത്യമായ വിന്യാസം കൊണ്ടു ‘കട്ട ഫ്രീക്കൻ’. ഇനി ഫ്രീക്കിനു പകരം ‘ക്ലാസ്’ മതിയെങ്കിൽ മൂന്നു തരം കറുപ്പ് കൂടിച്ചേർന്നു ‘സ്യൂട്ടിട്ട്’ എത്തും ഫോഴ്സ. ബ്രേക്ക് ലീവറുകൾ അപ്പോഴും സ്പോർട്സ് ബൈക്കുകളിലേതു പോലെ അല്യൂമിനിയം ഫിനിഷിൽ...

Honda Forza

അവർക്ക് ആവശ്യം... (നമുക്ക് ആഡംബരം)

∙ സൗകര്യങ്ങൾ; യൂറോപ്യൻ മാർക്കറ്റ് ലക്ഷ്യമിട്ടു നിർമിച്ച സ്കൂട്ടറാണു ഫോഴ്സയെന്ന് ആദ്യം തന്നെ പറഞ്ഞല്ലൊ. അവരുടെ പല അവശ്യങ്ങളും നമുക്ക് ആഡംബരങ്ങളാണ്. ഒന്നു ചുറ്റി നടന്നു നോക്കാം...

മുന്നിലേക്ക് ഒഴുകിയിറങ്ങുന്ന വീതിയുള്ള കറുത്ത സീറ്റിനു മികച്ച കുഷ്യനിങ്, സ്റ്റിച്ചിങ്. വിൻഡ്സ്ക്രീൻ ആറു തരത്തിൽ ക്രമീകരിക്കാം. കാലാവസ്ഥയ്ക്കും സൗകര്യത്തിനുമനുസരിച്ച് 120 സെന്റിമീറ്റർ വരെ മുകളിലേക്കുയർത്താം (ചൂട്–തണുപ്പ് കാറ്റ്, പൊടി എന്നിവയെ പ്രതിരോധിച്ചു പായാനുള്ള ബെസ്റ്റ് ഫീച്ചർ). പ്ലാറ്റ്ഫോം ഇല്ലെന്ന പേടി വേണ്ട; 48 ലീറ്റർ സ്റ്റോറേജ് സ്പേസ് സീറ്റിനടിയിലുണ്ട്. രണ്ടു ഫുൾ സൈസ് ഹെൽമെറ്റുകളും പിന്നെ പഴ്സ് പോലെയുള്ള ചില്ലറ സാധനങ്ങളും സൂക്ഷിക്കാൻ ഇതു ധാരാളം. ഇഗ്നീഷൻ കീയുടെ സമീപത്തു തന്നെയുള്ള സ്വിച്ച് ഉപയോഗിച്ചാണ് അണ്ടർ സീറ്റ് കംപാർട്മെന്റും പെട്രോൾ ടാങ്കും തുറക്കുന്നത്. ഹോണ്ടയുടെ യൂറോപ്യൻ വിപണിയിലെ മറ്റു സ്കൂട്ടറുകളെപ്പോലെ ഫോഴ്സയും ‘സ്മാർട് കീ’ ഉപയോഗിക്കുന്നു (ഇന്ത്യയിൽ സ്മാർട് കീയുള്ള ഏക സ്കൂട്ടർ മഹീന്ദ്ര ഗസ്റ്റൊയാണ്). ടാങ്ക് സ്റ്റെപ്ത്രൂ ഏരിയയിലായതിനാൽ ഇന്ധനം നിറയ്ക്കാൻ ഇറങ്ങി നിൽക്കേണ്ടതില്ല. റിയർവ്യു മിററുകൾ മൂന്നായി ഒടിച്ചു മടക്കി ബോഡിയിലേക്കു ചേർത്തു വയ്ക്കാം (പാർക്കിങിൽ ഉപകാരപ്പെടും, തീർച്ച). എൽസിഡി–അനലോഗ് സമ്മിശ്ര ട്രിപ്, ഓഡോ, സ്പീഡൊ, ടാകോ മീറ്ററുകളും ഡിടിഇ, സ്റ്റാൻഡ് ഇൻഡിക്കേറ്റർ, പാസ് ലൈറ്റ് സംവിധാനങ്ങളും സ്റ്റാൻഡേർഡായി തന്നെ ലഭിക്കും (സ്വന്തം സൗകര്യങ്ങളെക്കുറിച്ചോർക്കുമ്പോൾ ‘അയ്യേ... ദാരിദ്ര്യം’ എന്നു ചില തലപ്പൊക്കമുള്ള സ്വദേശി ബൈക്കുകൾക്കു പോലും തോന്നും. കാര്യമാക്കേണ്ട സൂർത്തുക്കളെ... ഫോഴ്സ ഇന്ത്യയിലെത്തിയിട്ടില്ല). വൈസറിന്റെ ഇടതുവശത്തുള്ള ഗ്ലവ് ബോക്സിൽ പഴംതുണിയല്ല മൊബൈൽ ഫോൺ തന്നെ വയ്ക്കാം, ചാർജിങ് സ്ലോട്ടുണ്ട്.

Honda Forza

സാങ്കേതികം സുശക്തം

∙ കരുത്ത്; ‘എൻഹാൻസ്ഡ് സ്മാർട് പവർ’ എന്നു ഹോണ്ട വിളിക്കുന്ന ലിക്വിഡ് കൂൾഡ് ഫ്യൂവൽ ഇഞ്ചക്‌റ്റഡ് 125 സിസി പെട്രോൾ എൻജിന്റെ കരുത്ത് 15 ബിഎച്ച്പി (ചില 150 സിസി ബൈക്കുകൾക്കു പോലും ഇത്രയും കരുത്തില്ല). ഹൈവേയിൽ 43 കിമീ, സിറ്റിയിൽ 33 കിമീ എന്നിങ്ങനെയാണു മൈലേജ്. വണ്ടി ഓടാത്തപ്പോൾ നിൽക്കുകയും പിന്നീടു ബ്രേക്ക് ലീവറിൽ അമർത്തുമ്പോൾ എൻജിൻ ഓൺ ആകുകയും ചെയ്യുന്ന ‘ഐഡിൽ സ്റ്റാർട് സ്റ്റോപ്പ്’ സാങ്കേതിക വിദ്യയും ഇണക്കിച്ചേർത്തിട്ടുണ്ട്. മികച്ച മൈലേജിന് ഇതും ഒരു കാരണമാണ്. സിവിടി അടിസ്ഥാനപ്പെടുത്തി ഹോണ്ട തയാറാക്കിയ ‘വിമാറ്റിക്’ ആണ് ഫോഴ്സയിൽ ഉപയോഗിക്കുന്ന ഗിയർരഹിത സാങ്കേതിക വിദ്യ. മുന്നിൽ 14, പിന്നിൽ 15 ഇ​ഞ്ച് ടയറുകൾ (മുന്നിലും പിന്നിലും 12 ഇഞ്ച് വീലുകൾ ഉപയോഗിക്കുന്ന ടിവിഎസ് വിഗൊ, മഹീന്ദ്ര ഗസ്റ്റോ എന്നിവയാണു നിലവിലെ മുൻനിരക്കാർ). ഇരു ടയറുകൾക്കും വീതിയുമുള്ളതിനാൽ പെടത്താൻ ‘ദി ബെസ്റ്റ്’. വേഗം കൂടുതലെടുക്കാൻ കഴിവുണ്ടെങ്കിലും ചക്രവീര്യം ഇന്ത്യൻ വിപണിയിലെ നിലവിലെ ഹെവി വെയ്റ്റ് ചാംപ്യനായ വെസ്പയ്ക്കൊപ്പമേ വരൂ; 12.66 എൻഎം.

Honda Forza

സുരക്ഷ സുദൃഢം

∙ ആന്റിലോക്ക് ബ്രേക്ക് സിസ്റ്റമുള്ള മുൻ, പിൻ ഡിസ്ക് ബ്രേക്കുകൾ നിസിൻ സാക്ഷാത്കരിച്ചിരിക്കുന്നു. 162 കിലോഗ്രാം ഭാരം കൂടിയുള്ളതിനാൽ റോഡിൽ നിന്നു തെന്നിപ്പോകുകയോ പാളുകയോ ചെയ്യുമെന്ന ഭയം വേണ്ട. 

Honda Forza

വില പ്രതീക്ഷ

∙ പ്രീമിയം; ഫോഴ്സയുടെ മൂന്നിലൊന്നു സൗകര്യങ്ങൾ പോലുമില്ലാത്ത ആക്ടീവ 125 എന്ന ‘പ്രിമീയം’ (?) സ്കൂട്ടറിന് ഹോണ്ട നൽകിയിരിക്കുന്ന വില 79000 രൂപയാണ്. അതുകൊണ്ടു തന്നെ ഒന്നു മുതൽ 1.30 ലക്ഷം രൂപ വരെ ഫോഴ്സയ്ക്ക് വില പ്രതീക്ഷിക്കാം.

സഡൻബ്രേക്ക്; 275 സിസി 25 ബിഎച്ച്പി എൻജിനുള്ള ഒരു മസിൽ ജേഷ്ഠൻ കൂടിയുണ്ട് നമ്മുടെ കഥാനായകന്, പേര് ഫോഴ്സ 300.