ഹംഗേറിയൻ കീവേ അവതരിപ്പിക്കാൻ ഡി എസ് കെ

Superlight 125 2017

ഹംഗേറിയൻ മോട്ടോർ സൈക്കിൾ ബ്രാൻഡായ കീവേ ഇന്ത്യയിലെത്തിക്കാൻ ഡി എസ് കെ മോട്ടോവീൽസ് ഒരുങ്ങുന്നു. ഇറ്റാലിയൻ ബ്രാൻഡായ ബെനെല്ലിക്കും ദക്ഷിണ കൊറിയയിൽ നിന്നുള്ള ഹ്യോസങ്ങിനും പിന്നാലെയാണു ഡി എസ് കെ മോട്ടോവീൽസ് കീവേ അവതരിപ്പിക്കാൻ തയാറെടുക്കുന്നത്.  കീവേയുടെ ഉടമസ്ഥരായ ചൈനയിലെ ക്വിയാൻജിയാങ് ഗ്രൂപ്പുമായി ഇതു സംബന്ധിച്ച ചർച്ചകൾ ആരംഭിച്ചതായി ഡി എസ് കെ മോട്ടോവീൽസ് ചെയർമാൻ ഷിരീഷ് കുൽക്കർണി അറിയിച്ചു. 

മോട്ടോർ സൈക്കിൾ, സ്കൂട്ടർ നിർമാതാക്കളായ, ഹംഗേറിയൻ കമ്പനിയായ കീവേയെ നേരത്തെ ക്വിയാങ്ജിയാങ് മോട്ടോർ കമ്പനി ഓഫ് ചൈന ഗ്രൂപ് ഏറ്റെടുക്കുയായിരുന്നു. ഡി എസ് കെ മോട്ടോവീൽസ് ഇന്ത്യയിൽ വിൽക്കുന്ന ഇറ്റാലിയൻ ബ്രാൻഡായ ബെനെല്ലിയുടെ ഉടസ്ഥാവകാശവും നിലവിൽ ക്വിയാങ്ജിയാങ്ങിന്റെ പക്കലാണ്. ഇന്ത്യയിലെ പരിശോധനകൾക്കായി കീവേ മോഡലുകൾ രാജ്യത്തെത്തിച്ചു കഴിഞ്ഞു; ആറു മാസത്തിനകം പരിശോധന പൂർത്തിയാവുമെന്നാണു പ്രതീക്ഷ. തുടർന്നു മാസങ്ങൾക്കുള്ളിൽ വിൽപ്പന ആരംഭിക്കാനാവുമെന്നാണു ഡി എസ് കെ മോട്ടോവീൽസിന്റെ കണക്കുകൂട്ടൽ.

അതേസമയം ബെനെല്ലി വിപണനശാലകൾ വഴിയാവില്ല കീവേ വിൽപ്പനയ്ക്കെത്തുകയെന്നു കുൽക്കർണി വ്യക്തമാക്കി. പകരം പരിമിതമായ ഉൽപന്നശ്രേണി മൂലം പ്രതിസന്ധി നേരിടുന്ന ഹ്യോസങ് ഡീലർഷിപ്പുകൾ വഴിയാവും കീവേയുടെ ബൈക്കുകളും സ്കൂട്ടറുകളും വിൽപ്പനയ്ക്കെത്തുക. പ്രതാപകാലത്ത് നാൽപതോളം ഡീലർഷിപ്പുകളാണു ഡി എസ് കെ മോട്ടോവീൽസിനുണ്ടായിരുന്നത്; എന്നാൽ പിന്നീട് ഷോറൂമുകളുടെ എണ്ണം 25 ആയി താഴ്ന്നു. സമീപഭാവിയിൽ ഹ്യോസങ്ങിൽ നിന്നുള്ള പുതിയ ബൈക്ക് വിൽപ്പനയ്ക്കെത്തിക്കാനാവുമെന്നാണു കുൽക്കർണിയുടെ പ്രതീക്ഷ. പുണെയ്ക്കടുത്ത് തലേഗാവിൽ 100 കോടി രൂപ ചെലവിൽ ബൈക്ക് അസംബ്ലിങ് ശാലയും ഡി എസ് കെ മോട്ടോവീൽസ് സ്ഥാപിച്ചിട്ടുണ്ട്; പ്രതിവർഷം 10,000 യൂണിറ്റാണ് ഈ ശാലയുടെ അസംബ്ലിങ് ശേഷി. 

ഹ്യോസങ് വിൽപ്പന പ്രതീക്ഷിച്ച നിലവാരത്തിലെത്താതെ പോവുകയും ബെനെല്ലി മികച്ചവിജയം നേടുകയും ചെയ്ത സാഹചര്യത്തിൽ തലേഗാവ് ശാലയുടെ ശേഷി ബെനെല്ലിക്കായി വിനിയോഗിക്കുമെന്നും കുൽക്കർണി വിശദീകരിച്ചു. ചൈനയും തായ്ലൻഡും കഴിഞ്ഞാൽ ബെനെല്ലി വിൽപ്പനയിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യയെന്നും അദ്ദേഹം വെളിപ്പെടുത്തി. 200 — 600 സി സി വിഭാഗത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണു കമ്പനിയുടെ നീക്കമെന്നും അദ്ദേഹം വ്യക്തമാക്കി.കഴിഞ്ഞ വർഷം 4,000 ബെനെല്ലി ബൈക്കുകൾ വിറ്റെന്നാണു ഡി എസ് കെയുടെ കണക്ക്. 300 സി സി ബൈക്കായ ‘302 ആർ’ കൂടിയെത്തിയതോടെ ഇക്കൊല്ലം വിൽപ്പന 6,000 യൂണിറ്റിലെത്തുമെന്നാണു കുൽക്കർണിയുടെ പ്രതീക്ഷ. നിലവിൽ 26 ബെനെല്ലി ഡീലർഷിപ്പുകൾ ഉള്ളത് വർഷാവസാനത്തോടെ 40 ആയി ഉയർത്താനും ലക്ഷ്യമിട്ടിട്ടുണ്ട്.