എഫ് വൺ എൻജിൻ: ഫെറാരിക്കൊപ്പം തുടരാൻ സേബർ

Sauber F1 Team

ഇറ്റാലിയൻ നിർമാതാക്കളായ ഫെറാരിയുടെ എൻജിൻ ഉപയോഗിക്കുന്നതു തുടരാൻ സ്വിസ് ഫോർമുല വൺ ടീമായ സേബർ തീരുമാനിച്ചു. വരുംവർഷങ്ങളിലും ഫെറാരി എൻജിനുകളുമായി ഫോർമുല വൺ ലോക ചാംപ്യൻഷിപ്പിൽ മത്സരിക്കാനുള്ള ധാരണാപത്രത്തിലാണു സേബർ ഒപ്പിട്ടത്.  ഫോർമുല വൺ എൻജിനായി ഹോണ്ടയുമായി സഹകരിക്കാനുള്ള മുൻതീരുമാനം റദ്ദാക്കിയെന്നു കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഫെറാരിയുമായുള്ള കൂട്ടുകെട്ടു തുടരുമെന്നു ടീം സേബർ വ്യക്തമാക്കിയത്. 

ശക്തമായ അടിത്തറയിലാണു സേബർ ഫോർമുല വൺ ടീമും ഫെറാരിയുമായുള്ള സഖ്യം നിലനിൽക്കുന്നതെന്ന് ടീം മേധാവി ഫ്രെഡറിക് വാസ്യെ അഭിപ്രായപ്പെട്ടു. അടുത്ത സീസണിലേക്കുള്ള കാറിന്റെ വികസനം വേഗത്തിലും കാര്യക്ഷമമായും മുന്നേറാൻ ഈ കൂട്ടുകെട്ട് സഹായകമാവുമെന്നും അദ്ദേഹം കരുതുന്നു.നിലവിൽ ഫെറാരിയിൽ നിന്നു ലഭിച്ച 2016 നിലവാരമുള്ള എൻജിനാണു സേബർ ഉപയോഗിക്കുന്നത്. എന്നാൽ അടുത്ത സീസണിൽ ഏറ്റവും പുതിയ എൻജിൻ തന്നെ ഫെറാരി ലഭ്യമാക്കുമെന്നു ഹംഗേറിയൻ ഗ്രാൻപ്രിക്കിടെ വാസ്യെ പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു.

ഫെറാരിയുമായുള്ള സഖ്യം തുടരാനുള്ള ടീമിന്റെ തീരുമാനം സേബറിന്റെ ഭാവി ഡ്രൈവർമാർ ആരാവുമെന്ന കാര്യത്തിലും അനിശ്ചിതത്വം സൃഷ്ടിച്ചിട്ടുണ്ട്. ജർമൻ ഡ്രൈവറായ പാസ്കൽ വെർലെയ്ൻ ടീമിലെത്തിയത് മെഴ്സീഡിസ് പിന്തുണയോടെയായിരുന്നു. പക്ഷേ സ്വന്തം അക്കാദമിയിൽ നിന്നുള്ള യുവ ഡ്രൈവർമാരെ സേബറിൽ മത്സരിപ്പിക്കാനാണു ഫെറാരിക്ക് താൽപര്യം. ബി എം ഡബ്ല്യു പിൻമാറിയതിനെ തുടർന്ന് 2010 മുതൽ ഫെറാരി എൻജിനുകളാണു സേബർ ഉപയോഗിക്കുന്നത്. 1997 — 2005 കാലത്തും പെട്രോണാസ് ബ്രാൻഡിങ്ങോടെ സേബർ ഫെറാരി എൻജിനുകളുമായി മത്സരിച്ചിരുന്നു. ഫെറാരിക്കു പുറമെ മെഴ്സീഡിസ്, റെനോ, ഹോണ്ട എന്നീ നിർമാതാക്കളാണ് എഫ് വൺ ടീമുകൾക്ക് എൻജിനുകൾ ലഭ്യമാക്കുന്നത്.