ഹോണ്ട ‘ആഫ്രിക്ക ട്വിൻ’ വിൽപ്പന തുടങ്ങി

Honda Africa Twin DCT

ജാപ്പനീസ് നിർമാതാക്കളായ ഹോണ്ടയുടെ അഡ്വഞ്ചർ ടൂററായ ‘ആഫ്രിക്ക ട്വിന്നി’ന്റെ ഇന്ത്യയിലെ വിൽപ്പനയ്ക്കു തുടക്കമായി. ഇന്ത്യയിൽ നിർമിക്കുന്ന ആദ്യ ഒരു ലീറ്റർ എൻജിൻ ശേഷിയുള്ള മോട്ടോർ സൈക്കിൾ എന്ന വിശേഷണത്തോടെയാണ് ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ(എച്ച് എം എസ് ഐ) ‘സി ആർ എഫ് 1000 എൽ’ കൈമാറുന്നത്. അരങ്ങേറ്റം കുറിച്ച് രണ്ടു മാസത്തിനകം തന്നെ ഇന്ത്യയിൽ വിൽപ്പനയ്ക്കായി അനുവദിച്ച 50 ‘ആഫ്രിക്ക ട്വിന്നി’നുമുള്ള ബുക്കിങ്ങുകൾ ലഭിച്ചെന്നും എച്ച് എം എസ് ഐ അറിയിച്ചു. 

യൂറോപ്പിലെ ഔദ്യോഗിക ചുമതലകൾക്കിടെ വികസന ഘട്ടത്തിലായിരുന്ന ‘ആഫ്രിക്ക ട്വിൻ’ വകഭേദം ഓടിച്ചു നോക്കാൻ അവസരം ലഭിച്ചത് ആവേശകരമായ അനുഭവമായിരുന്നെന്ന് എച്ച് എം എസ ഐ പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ മിനൊരു കാറ്റൊ ഓർമിക്കുന്നു. വ്യത്യസ്ത റൈഡിങ് സാഹചര്യങ്ങളോട് അതിവേഗം പൊരുത്തപ്പെടുന്ന വിധത്തിലാണു മോട്ടോർ സൈക്കിളിന്റെ രൂപകൽപ്പനയെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തിയ മോട്ടോർ സൈക്കിളുകളിൽ വിശ്വാസ്യതയിലും വൈവിധ്യത്തിലും പ്രവർത്തന മികവിലുമൊക്കെ മുന്നിട്ടു നിൽക്കുന്ന ബൈക്കാണ് ‘ആഫ്രിക്ക ട്വിൻ’ എന്ന് എച്ച് എം എസ് ഐ സീനിയർ വൈസ് പ്രസിഡന്റ്(സെയിൽസ് ആൻഡ് മാർക്കറ്റിങ്) വൈ എസ് ഗുലേരിയ വിലയിരുത്തി. ഇന്ത്യയിലെ 22 വിങ് വേൾഡ് ഡീലർഷിപ്പുകൾ വഴി വിൽപ്പനയ്ക്കെത്തുന്ന ‘ആഫ്രിക്ക ട്വിന്നി’ന് 12.90 ലക്ഷം രൂപയാണ് ഷോറൂം വില. പ്രാദേശികമായി അസംബ്ൾ ചെയ്തു വിൽപ്പനയ്ക്കെത്തുന്ന ബൈക്ക് വിക്ടറി റെഡ് നിറത്തിൽ മാത്രമാണ് ഇന്ത്യയിൽ ലഭിക്കുക.

കഴിഞ്ഞ ഓട്ടോ എക്സ്പോയിൽ എച്ച് എം എസ് ഐ പ്രദർശിപ്പിച്ച ‘ആഫ്രിക്ക ട്വിന്നി’നു കരുത്തേകുന്നതു 998 സി സി, പാരലൽ ട്വിൻ എൻജിനാണ്; പരമാവധി 95.3 പി എസ് കരുത്തും 98 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. ഇരട്ട ക്ലച് ട്രാൻസ്മിഷനാണു ഗീയർബോക്സ്. ബൈക്കിന്റെ അടിസ്ഥാന വകഭേദത്തിൽ തന്നെ ആന്റി ലോക്ക് ബ്രേക്കും ട്രാക്ഷൻ കൺട്രോളുമൊക്കെ ലഭ്യമാണ്. ഉയരം ക്രമീകരിക്കാവുന്ന സീറ്റും ഡിജിറ്റൽ ഇൻസ്ട്രമെന്റ് ക്ലസ്റ്റുമാണു ബൈക്കിലുള്ളത്. ലോകത്തിലെ തന്നെ ഏറ്റവും കടുപ്പമേറിയ റാലിയായ ഡാകർ റാലിയുമായി അഭേദ്യബന്ധമുള്ള ബൈക്കായ ‘ആഫ്രിക്ക ട്വിന്നി’ന്റെ എതിരാളികൾ ട്രയംഫ് ‘ടൈഗർ’ സുസുക്കി ‘ വി ക്രോസ്’,  ഡ്യുകാറ്റി ‘മൾട്ടിസ്ട്രാഡ 950’ തുടങ്ങിവയാണ്.