ഇരുചക്രവാഹന വിപണി: 2020ൽ ഒന്നാമനാവാൻ ഹോണ്ട

മൂന്നു വർഷത്തിനകം ഇന്ത്യൻ ഇരുചക്രവാഹന വിപണിയിലെ നേതൃസ്ഥാനം സ്വന്തമാക്കുകയാണു ലക്ഷ്യമെന്നു ജാപ്പനീസ് നിർമാതാക്കളായ ഹോണ്ട മോട്ടോർ കമ്പനി. മുൻപങ്കാളിയായ ഹീറോ മോട്ടോ കോർപിനെ പിന്തള്ളി 2020ൽ ഇന്ത്യൻ ഇരുചക്രവാഹന നിർമാതാക്കളിലെ ഒന്നാം സ്ഥാനം കൈപ്പിടിയിലൊതുക്കാനാവുമെന്നാണു ഹോണ്ടയുടെ പ്രതീക്ഷ.മലിനീകരണ നിയന്ത്രണത്തിൽ കർശന വ്യവസ്ഥകൾ പിന്തുടരുന്ന ഭാരത് സ്റ്റേജ് ആറ്(ബി എസ് ആറ്) നിലവാരം നടപ്പാവുന്നത് കമ്പനിക്കു ഗുണകരമാവുമെന്നും ഹോണ്ട മോട്ടോർ കമ്പനി ചീഫ് ഓഫിസർ റീജണൽ ഓപ്പറേഷൻസ്(ഏഷ്യ ആൻഡ് ഓഷ്യാനിയ) ഷിൻജി അവോയാമ കരുതുന്നു. 

കാൽ നൂറ്റാണ്ടിലേറെ ഹോണ്ടയുടെ പങ്കാളിയായിരുന്ന ഹീറോ മോട്ടോ കോർപിനാണ്ഇന്ത്യൻ ഇരുചക്രവാഹന വിപണിയിൽ ഒന്നാം സ്ഥാനം. 26 വർഷം നീണ്ട ഹീറോ ഹോണ്ട സഖ്യം ഉപേക്ഷിച്ച് 2010ലാണ് ഹോണ്ട സ്വന്തം ഉപസ്ഥാപനമായ ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ(എച്ച് എം എസ് ഐ)യുടെ പ്രവർത്തനം ഊർജിതമാക്കിയത്. നിലവിൽ സ്കൂട്ടർ വിഭാഗത്തിൽ 59% വിപണി വിഹിതത്തോടെ നേതൃസ്ഥാനത്താണ് എച്ച് എം എസ് ഐ; മോട്ടോർ സൈക്കിൾ വിൽപ്പനയിൽ ഹീറോയ്ക്കു പിന്നിൽ രണ്ടാം സ്ഥാനത്തും. നടപ്പു സാമ്പത്തിക വർഷം 60 ലക്ഷം യൂണിറ്റ് വിൽപ്പനയാണ് എച്ച് എം എസ് ഐ പ്രതീക്ഷിക്കുന്നത്. 2016 — 17ൽ ഹീറോ മോട്ടോ കോർപിന്റെ മൊത്തം വിൽപ്പന 64,83,655 യൂണിറ്റായിരുന്നു; എച്ച് എം എസ് ഐയുടേത് 47,25,067 ഇരുചക്രവാഹനങ്ങളും.

ബി എസ് ആറ് നിലവാരം നടപ്പാവുന്നതോടെ കമ്പനി കൂടുതൽ മത്സരക്ഷമത കൈവരിക്കുമെന്നാണ് അവോയാമയുടെ വിലയിരുത്തൽ. അങ്ങനെ 2020ൽ പുതിയ മാനദണ്ഡം നടപ്പാവുന്നതോടെ വിപണിയിലെ നേതൃസ്ഥാനം സ്വന്തമാക്കാനുള്ള അവസരവും ഹോണ്ടയെ തേടിയെത്തുമെന്ന് അദ്ദേഹം കരുതുന്നു.  അതേസമയം 2020ലെ വാഹന വിൽപ്പന ലക്ഷ്യം എത്രയാവുമെന്നു വെളിപ്പെടുത്താൻ അദ്ദേഹം തയാറായില്ല.എങ്കിലും ബി എസ് ആറ് നിലവാരം നടപ്പാവുന്നതോടെ വാഹന വില ഉയരുമെന്നതിനാൽ വിൽപ്പനയിൽ ഇടിവിനാണു സാധ്യതയെന്നും അദ്ദേഹം സൂചിപ്പിച്ചു.