ജി എസ് ടി ചതിച്ചു; ഹൈബ്രിഡ് ഉപേക്ഷിച്ചു ഹ്യുണ്ടേയ്

Hyundai Sonata Hybrid

സർക്കാരിൽ നിന്നു പ്രതീക്ഷിച്ച പിന്തുണ ലഭിക്കാത്ത സാഹചര്യത്തിൽ സങ്കര ഇന്ധന മോഡലുകൾ അവതരിപ്പിക്കാനുള്ള പദ്ധതി ഉപേക്ഷിക്കാൻ ദക്ഷിണ കൊറിയൻ നിർമാതാക്കളായ ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ ലിമിറ്റഡ്(എച്ച് എം ഐ എൽ) ആലോചിക്കുന്നു. അടുത്ത വർഷം നടക്കുന്ന ഓട്ടോ എക്സ്പോയിൽ ഹൈബ്രിഡ് മോഡലായ ‘ഐകോണിക്’ പ്രദർശിപ്പിക്കുമെന്നു ഹ്യുണ്ടേയ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഒപ്പം മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയുടെ പിൻബലമുള്ള കോംപാക്ട് കാറുകളും സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)ങ്ങളും അവതരിപ്പിക്കാനും കമ്പനിക്കു പരിപാടിയുണ്ടായിരുന്നു. എന്നാൽ ഹൈബ്രിഡുകളോടുള്ള സർക്കാർ സമീപനം തണുപ്പനാണെന്ന വിലയിരുത്തലിൽ വൈദ്യുത വാഹനത്തിലേക്കു ശ്രദ്ധ കേന്ദ്രീകരിക്കാനാണു കമ്പനിയുടെ പുതിയ നീക്കം.

സങ്കര ഇന്ധന സാങ്കേതികവിദ്യയ്ക്ക് ഒട്ടും പിന്തുണ ലഭിക്കുന്നില്ലെന്നായിരുന്നു എച്ച് എം ഐ എൽ മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ വൈ കെ കൂവിന്റെ പരാതി. അതുകൊണ്ടുതന്നെ ഇന്ത്യയിൽ ഹൈബ്രിഡ് വാഹനങ്ങൾ അവതരിപ്പിക്കാനുള്ള മുൻതീരുമാനം കമ്പനി താൽക്കാലികമായി നീട്ടുകയോ റദ്ദാക്കുകയോ ചെയ്യുമെന്നും അദ്ദേഹം സൂചിപ്പിക്കുന്നു. ചരക്ക്, സേവന നികുതി(ജി എസ് ടി) നടപ്പായതോടെയാണു സങ്കര ഇന്ധന വാഹനങ്ങളുടെ കഷ്ടകാലം ആരംഭിച്ചത്; എൻജിൻ ശേഷിയേറിയ ഡീസൽ, പെട്രോൾ കാറുകൾക്കൊപ്പം ഉൾപ്പെടുത്തിയതോടെ ഹൈബ്രിഡ് മോഡലുകൾക്ക് 28% ജി എസ് ടിയും 15% സെസും ബാധകമായി. മുമ്പ് 30.3% നികുതി ഈടാക്കിയിരുന്നതാണ് ജി എസ് ടിയുടെ വരവോടെ 43% ആയി ഉയർന്നത്. പോരെങ്കിൽ ഹൈബ്രിഡ് വാഹനങ്ങളുടെ ജി എസ് ടി നിരക്ക് പുനഃപരിശോധിക്കാൻ പദ്ധതിയില്ലെന്നാണു കേന്ദ്ര സർക്കാർ നിലപാട്.

നികുതി സാഹചര്യം പ്രതികൂലമായതോടെ വൈദ്യുത വാഹന വിഭാഗത്തിലേക്കു ശ്രദ്ധ തിരിക്കാനാണു കമ്പനി ആലോചിക്കുന്നതെന്നും കൂ വ്യക്തമാക്കുന്നു. ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തിക്കേണ്ട വൈദ്യുത മോഡലുകൾ സംബന്ധിച്ച പദ്ധതി കമ്പനി തയാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം സൂചിപ്പിക്കുന്നു. ഇലക്ട്രിക്, ഹൈബ്രിഡ് തുടങ്ങിയ സാങ്കേതികവിദ്യകളൊക്കെ ഹ്യുണ്ടേയിക്കുണ്ട്. അതുകൊണ്ടുതന്നെ ഹൈബ്രിഡ് ഉപേക്ഷിച്ചു പകരം വൈദ്യുത വാഹനം ഇന്ത്യൻ  വിപണിയിലിറക്കുക ഹ്യുണ്ടേയിയെ സംബന്ധിച്ചിടത്തോളം വെല്ലുവിളിയാവില്ലെന്നും കൂ അവകാശപ്പെടുന്നു. ഒപ്പം അടുത്ത ഓട്ടോ എക്സ്പോയിൽ ‘ഐകോണിക്’ പ്രദർശിപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.