ഇന്ത്യയിലെത്തും മുമ്പേ മസെരാട്ടി ‘ലെവന്റെ’ സ്വന്തമാക്കി യുവനടൻ

Arjun Kapoor

അരങ്ങേറ്റം കഴിയാത്ത ആഡംബര എസ് യു വിയായ മസെരാട്ടി ‘ലെവന്റെ’ സ്വന്തമാക്കി ഹിന്ദി യുവനടൻ അർജുൻ കപൂർ. പുതിയ റിലീസായ ‘മുബാരകൻ’ തകർപ്പൻ വിജയം കൊയ്ത പിന്നാലെയാണു നിർമാതാവ് ബോണി കപൂറിന്റെ മകനായ അർജുൻ പുത്തൻ എസ് യു വി സ്വന്തമാക്കുന്നത്. 

Arjun Kapoor

ഇതോടെ ഔദ്യോഗികമായി നിരത്തിലെത്തുംമുമ്പ് ‘ലെവന്റെ’ സ്വന്തമാക്കുന്ന ആദ്യ ബോളിവുഡ് താരവുമായി അർജുൻ കപൂർ. പിതൃസഹോദരനായ അനിർ കപൂർ മുഖ്യവേഷത്തിലെത്തുന്ന ‘മുബാരകൻ’ പ്രദർശനത്തിനെത്തിയ ആദ്യ വാരത്തിൽ തന്നെ 30 കോടിയോളം രൂപ കലക്ഷൻ നേടിയിരുന്നു. 2012ൽ ‘ഇഷ്ക്സാദെ’യിലൂടെ അരങ്ങേറ്റം കുറിച്ച അർജുൻ കപൂർ തുടർന്ന് ‘ഔറംഗസേബ്’, ‘ഗുണ്ടെ’, ‘ടു സ്റ്റേറ്റ്സ്’, ‘ഫൈൻഡിങ് ഫാനി’, ‘തേവർ’, ‘കി ആൻഡ് കാ’, ‘ഹാഫ് ഗേൾഫണ്ട്’ തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടു.

Maserati Levante

ഇറ്റാലിയൻ രൂപകൽപ്പനയും മികവും തികവുമാണു ഫിയറ്റ് ക്രൈസ്ലർ ഓട്ടമൊബീൽസിന്റെ ഉടമസ്ഥതയിലുള്ള മസെരാട്ടിയിൽ നിന്നുള്ള ആഡംബര എസ് യു വിയായ ‘ലെവന്റെ’യെ വ്യത്യസ്തമാക്കുന്നത്. കൂപ്പെയുടെ സ്ഥലസൗകര്യത്തിനൊപ്പം എസ് യു വികളുടെ ഏറോഡൈനാമിക് കാര്യക്ഷമതയും സമന്വയിപ്പിക്കാൻ കഴിഞ്ഞതിലാണു മസെരാട്ടിയുടെ വിജയം. സ്റ്റോപ് ആൻഡ് ഗോ ഫംക്ഷൻ സഹിതം അഡാപ്റ്റീവ് ക്രൂസ് കൺട്രോൾ, ഫോർവേഡ് കൊളിഷൻ വാണിങ്, ബ്രേക്ക് അസിസ്റ്റ് സിസ്റ്റം, ലെയൻ ഡിപ്പാർച്ചർ വാണിങ്, സറൗണ്ട് വിഡിയോ കാമറ,  പുത്തൻ റോട്ടറി കൺട്രോൾ സഹിതം 8.4 ഇഞ്ച് ടച് സ്ക്രീൻ ഡിസ്പ്ലേ എന്നിവയൊക്കെ ‘ലെവന്റെ’യിൽ മസെരാട്ടി സജ്ജീകരിച്ചിട്ടുണ്ട്. 

അതിനിടെ പുതിയ ചിത്രത്തിൽ അതിഥി താരമായെത്തിയ സൽമാൻ ഖാനു ബോളിവുഡ് ബാദ്ഷാ ഷാരൂഖ് ഖാൻ അടുത്തയിടെ മെഴ്സീഡിസ് ബെൻസ് ‘എ എം ജി ജി എൽ ഇ 43’ കൂപ്പെ സമ്മാനമായി നൽകിയിരുന്നു. സുശാന്ത് സിങ് രാജ്പുത്താവട്ടെ ഈ വർഷം ആദ്യമാണു പുത്തൻ മസെരാട്ടി ‘ക്വാട്രൊപൊർട്ടെ’ സ്വന്തമാക്കിയത്. നിസ്സാൻ ‘ജി ടി — ആർ ബ്ലാക്ക് എഡീഷൻ’ സ്വന്തമാക്കിയ ഏക ഇന്ത്യക്കാരനാണു ബോളിവുഡ് താരം ജോൺ ഏബ്രഹാം.