വൈദ്യുതി സ്കൂട്ടർ നിർമിക്കാൻ ടി വി എസും

ബാറ്ററിയിൽ ഓടുന്ന സ്കൂട്ടർ യാഥാർഥ്യമാക്കാൻ പ്രമുഖ ഇരുചക്രവാഹന നിർമാതാക്കളായ  ടി വി എസ് മോട്ടോർ കമ്പനി തയാറെടുക്കുന്നു. ഇതാദ്യമായാണു ടി വി എസ് വൈദ്യുത വാഹന മേഖലയിലേക്കു പ്രവർത്തനം വ്യാപിപ്പിക്കുന്നതെന്ന സവിശേഷതയുമുണ്ട്. 

നിലവിൽ വൈദ്യുത സ്കൂട്ടറിന്റെ ആദ്യ മാതൃക മാത്രമാണു ടി വി എസ് യാഥാർഥ്യമാക്കിയത്. വാണിജ്യാടിസ്ഥാനത്തിലുള്ള ഉൽപ്പാദനത്തോളമെത്താൻ ഈ വാഹനം ഏറെ മുന്നേറണമെന്നും കമ്പനി അധികൃതർ സ്ഥിരീകരിക്കുന്നു. വലിപ്പത്തിൽ വിട്ടുവീഴ്ച ചെയ്യാതെ ബാറ്ററിൽ ഓടുമ്പോഴും പൂർണതോതിലുള്ള സ്കൂട്ടർ തന്നെ സാക്ഷാത്കരിക്കാനാണു ടി വി എസിന്റെ ശ്രമം. ‘ജുപ്പീറ്റർ’ പോലുള്ള മോഡലുകളിൽ നിന്ന് കഴിയുന്നത്ര യന്ത്രഘടകങ്ങൾ കടമെടുക്കാനാണു ടി വി എസിന്റെ നീക്കം.  

നിർദിഷ്ട വൈദ്യുത സ്കൂട്ടർ വികസനത്തിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ ടി വി എസ് സന്നദ്ധമായിട്ടില്ല. അതുകൊണ്ടുതന്നെ ഏതു തരം ബാറ്ററികളാവും കമ്പനി സ്കൂട്ടറിൽ ഉപയോഗിക്കുകയെന്നോ വാഹനത്തിന്റെ പരമാവധി സഞ്ചാരശേഷി എത്ര കിലോമീറ്ററാവുമെന്നോ വ്യക്തമല്ല. പരീക്ഷണങ്ങൾ ഊർജിതമായി പുരോഗമിക്കുന്നതിനാൽ വരുംവർഷത്തോടെ വൈദ്യുത സ്കൂട്ടർ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമാവുമെന്നാണു പ്രതീക്ഷ. അടുത്ത വർഷത്തെ ഓട്ടോ എക്സ്പോയിൽ ടി വി എസിന്റെ വൈദ്യുത സ്കൂട്ടർ മിക്കവാറും പ്രദർശനത്തിനുണ്ടാവും.  അതിനിടെ ഉത്സവകാലം പ്രമാണിച്ചു പുതിയ 125 സി സി സ്കൂട്ടർ പുറത്തിറക്കാൻ ടി വി എസ് ഒരുങ്ങുന്നുണ്ട്.