ഹാർലിയുടെ ആദ്യ കൺസപ്റ്റ് സ്റ്റോർ കോലാപ്പൂരിൽ

യു എസ് മോട്ടോർ സൈക്കിൾ നിർമാതാക്കളായ ഹാർലി ഡേവിഡ്സൻ ഇന്ത്യയിലെ ആദ്യ കൺസപ്റ്റ് സ്റ്റോർ കോലാപ്പൂരിൽ തുറന്നു. ഹാർലി ഡേവിഡ്സൻ ഉപയോക്താക്കൾക്കുള്ള ബ്രാൻഡ് അനുഭവം ഇടത്തരം, ചെറുകിട പട്ടണങ്ങൾക്ക് അനുയോജ്യമായ രീതിയിൽ പുനഃരൂപകൽപ്പന ചെയ്താണു കമ്പനി കോലാപ്പൂരിലെ സർനോബത്വാഡിയിലെ വാരിയർ ഹാർലി ഡേവിഡ്സൻ ഷോറൂം യാഥാർഥ്യമാക്കിയിരിക്കുന്നത്. ബൈക്ക് ഡിസ്പ്ലേ, കസ്റ്റമർ ലൂഞ്ച്, സർവീസ് സൗകര്യം എന്നിവയെല്ലാമായി 3,000 ചരുതശ്ര അടി വിസ്തീർണത്തിലാണു ഹാർലി  ഡേവിഡ്സന്റെ ആദ്യ കൺസപ്റ്റ് സ്റ്റോർ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. 

ഇതേ മാതൃകയിലൂടെ രാജ്യത്തെ രണ്ടാം നിര, മൂന്നാം നിര പട്ടണങ്ങളിൽ ഹാർലി ഡേവിഡ്സൻ അനുഭവം ലഭ്യമാക്കാനാവുമെന്നാണു കമ്പനിയുടെ കണക്കുകൂട്ടൽ. കൂടാതെ പ്രധാന നഗരങ്ങളുടെ പ്രാന്തങ്ങളിലെ വിൽപ്പന, വിൽപ്പനാന്തര സേവന സൗകര്യം മെച്ചപ്പെടുത്താനും ഈ സങ്കൽപ്പം സഹായകമാവുമെന്നു കമ്പനി കരുതുന്നു. 

രാജ്യത്ത് ഉല്ലാസത്തിനായുള്ള മോട്ടോർ സൈക്ലിങ് സംസ്കാരം വികസിപ്പിക്കുന്നതിലാണു കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നു ഹാർലി ഡേവിഡ്സൻ മോട്ടോർ കമ്പനി വൈസ് പ്രസിഡന്റും ഇന്റർനാഷനൽ മാർക്കറ്റ്സ് മാനേജിങ് ഡയറക്ടറുമായ മാർക് മക്അലിസ്റ്റർ അഭിപ്രായപ്പെട്ടു. വിൽപ്പനയിലെ അടുത്ത ഘട്ട വളർച്ച ഇന്ത്യയിലെ രണ്ടാം നിര, മൂന്നാം നിര നഗരങ്ങളിൽ നിന്നാവുമെന്നാണു കമ്പനിയുടെ പ്രതീക്ഷ. അതുകൊണ്ടുതന്നെ ഇത്തരം പട്ടണങ്ങളിലേക്കു പ്രവർത്തനം വ്യാപിപ്പിക്കുക ഹാർലി ഡേവിഡ്സനെ സംബന്ധിച്ചിടത്തോളം നിർണായകമാണ്. ഈ ദിശയിലുള്ള ആദ്യ ചുവടുവയ്പാണ് കൺസപ്റ്റ് സ്റ്റോറെന്നും അദ്ദേഹം വ്യക്തമാക്കി. 

വിപുല സാധ്യതയുള്ള വിപണിയാണു കോലാപ്പൂർ പട്ടണമെന്നായിരുന്നു വാരിയർ ഹാർലി ഡേവിഡ്സൻ ഡീലർ പ്രിൻസിപ്പൽ സുനിൽ ക്രിസ്റ്റ്യന്റെ പ്രതികരണം; ഇപ്പോൾ തന്നെ നൂറോളം ഹാർലി റൈഡർമാർ പട്ടണത്തിലുണ്ട്. അതുകൊണ്ടുതന്നെ പട്ടണത്തിൽ സാന്നിധ്യം മെച്ചപ്പെടുത്തേണ്ടത് സ്വാഭാവിക മുന്നേറ്റമാണെന്നും അദ്ദേഹം കരുതുന്നു.