ഹ്യുണ്ടേയിയോട് മത്സരിക്കാൻ കിയ

ദക്ഷിണ കൊറിയൻ നിർമാതാക്കളായ കിയ മോട്ടോഴ്സ് ഇന്ത്യയിലെത്തുമ്പോൾ മത്സരിക്കുക മാതൃസ്ഥാപനമായ ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ ലിമിറ്റഡിനോടും. 2019ന്റെ ഉത്തരാർധത്തിൽ ഇന്ത്യൻ വിപണിയിലെ ഇടത്തരം സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി) വിഭാഗത്തിൽ അരങ്ങേറ്റം കുറിക്കുമ്പോൾ കിയ മോട്ടോഴ്സ് വെല്ലുവിളി ഉയർത്തുക ഹ്യുണ്ടേയിയുടെ ‘ക്രേറ്റ’യ്ക്കു കൂടിയാവും. 

തുടക്കത്തിൽ മൂന്നു മോഡലുകളുമായാവും കിയ മോട്ടോഴ്സ് കോർപറേഷൻ ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കുകയെന്ന് കമ്പനി ചീഫ് ഓപ്പറേറ്റിങ് ഓഫിസറും രാജ്യാന്തര ബിസിനസ് വിഭാഗം മേധാവിയുമായ തേ യുൻ ഓ അറിയിച്ചു. തുടർന്നുള്ള മൂന്നു വർഷങ്ങൾക്കിടയിൽ മൂന്നു മോഡലുകൾ കൂടി വിൽപ്പനയ്ക്കെത്തിക്കാനും കമ്പനിക്കു പദ്ധതിയുണ്ട്. ‘ക്രേറ്റ’യടക്കമുള്ള കോംപാക്ട് എസ് യു വികളോടു മത്സരിക്കുന്ന മോഡലാവും കിയ മോട്ടോഴ്സ് ആദ്യം പുറത്തിറക്കുക. പിന്നാലെ സെഡാനും ഹാച്ച്ബാക്കും എസ് യു വിയുമൊക്കെ കമ്പനി ഇന്ത്യയിൽ അവതരിപ്പിക്കും.

യുവാക്കളെ ലക്ഷ്യമിട്ടു സ്റ്റൈൽ സമ്പന്നവും സൗകര്യങ്ങളിലും സംവിധാനങ്ങളിലും സമൃദ്ധവുമായ വാഹനങ്ങളാവും കമ്പനി ഇന്ത്യയിൽ ലഭ്യമാക്കുകയെന്ന് തേ യുൻ ഓ വെളിപ്പെടുത്തി. വില നിയന്ത്രിക്കാൻ ലക്ഷ്യമിട്ട് ആദ്യ മോഡൽ മുതൽ തന്നെ പ്രാദേശികമായി സമാഹരിച്ച യന്ത്രഘടകങ്ങളുടെ വിഹിതം ഗണ്യമായി ഉയർത്താനും കിയ മോട്ടോഴ്സ് ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 2019 അവസാനത്തോടെ രാജ്യത്തെ പ്രധാന നഗരങ്ങളിൽ ഡീലർഷിപ്പുകൾ തുറക്കാനും കിയ മോട്ടോഴ്സിന് ആഗ്രഹമുണ്ട്; 2022 ആകുമ്പോഴേക്ക് കുറഞ്ഞത് 100 ഡീലർഷിപ്പുകൾ പ്രവർത്തനക്ഷമമാക്കുകയാണു ലക്ഷ്യം.

ഇന്ത്യയിൽ അവതരിപ്പിക്കേണ്ട മോഡലുകളുടെ അണിയറ പ്രവർത്തനങ്ങൾ കൊറിയയിലെ ഗവേഷണ, വികസന കേന്ദ്രത്തിൽ കിയ മോട്ടോഴ്സ് ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. അടുത്ത ഓട്ടോ എക്സ്പോയിൽ മൂന്നോ നാലോ മോഡലുകൾ പ്രദർശിപ്പിക്കാനും കിയ മോട്ടോഴ്സ് തയാറെടുക്കുന്നുമുണ്ട്. കോംപാക്ട് സെഡാൻ, കോംപാക്ട് എസ് യു വി എന്നിവയ്ക്കൊപ്പം പ്രീമിയം കാറുകളും പ്രദർശിപ്പിക്കാനാണു കിയ മോട്ടോഴ്സിന്റെ ആലോചന; വില കുറഞ്ഞ കാറുകളുടെ നിർമാതാക്കളെന്ന പ്രതിച്ഛായ തകർക്കാൻ കൂടി ലക്ഷ്യമിട്ടാണ് ഈ നീക്കം. മാതൃസ്ഥാപനമായ ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യയിൽ പ്രീമിയം മോഡലുകൾ വിൽക്കുന്നില്ലെന്നതും ശ്രദ്ധേയമാണ്.