ടി വി എസിന്റെ കയറ്റുമതി മാസം 2,000 ‘ബി എം ഡബ്ല്യു’ ബൈക്ക്

ജർമൻ ആഡംബര ബ്രാൻഡായ ബി എം ഡബ്ല്യുവിനു വേണ്ടിയുള്ള 500 സി സിയിൽ താഴെ എൻജിൻ ശേഷിയുള്ള ബൈക്കിന്റെ പ്രതിമാസ കയറ്റുമതി 2,000 യൂണിറ്റിലെത്തിയെന്നു ചെന്നൈ ആസ്ഥാനമായ ഇരുചക്രവാഹന നിർമാതാക്കളായ ടി വി എസ് മോട്ടോർ കമ്പനി. ബി എം ഡബ്ല്യു മോട്ടോറാഡിനായി ഇത്തരത്തിലുള്ള 4,772 ബൈക്കുകളാണു കഴിഞ്ഞ സാമ്പത്തിക വർഷം നിർമിച്ചു കയറ്റുമതി ചെയ്തതെന്നും കമ്പനി വ്യക്തമാക്കി. ബി എം ഡബ്ല്യുവിനായി തമിഴ്നാട്ടിലെ ഹൊസൂരിൽ ടി വി എസ് ബൈക്കുകൾ നിർമിച്ചു നൽകുന്നതിനെ വാഹന ലോകമാകെ തന്നെ സാകൂതം വീക്ഷിന്നുണ്ടെന്നും കമ്പനി അവകാശപ്പെടുന്നു.

വർഷാവസാനത്തോടെ പുതിയ സങ്കര ഇന്ധന മോഡലും അടുത്ത മാർച്ചോടെ വൈദ്യുതിയിൽ ഓടുന്ന വാഹനവും പുറത്തിറക്കുമെന്നും കമ്പനി ചെയർമാനായ വേണു ശ്രീനിവാസൻ ടി വി എസ് മോട്ടോറിന്റെ വാർഷിക പൊതുയോഗത്തിൽ പ്രഖ്യാപിച്ചു.  ബി എം ഡബ്ല്യുവിനായി നിർമിച്ചു നൽകുന്ന പ്രീമിയം മോട്ടോർ സൈക്കിളിന്റെ ടി വി എസ് പതിപ്പ് ഇക്കൊല്ലം രണ്ടാം പകുതിയിൽ വിൽപ്പനയ്ക്കെത്തുമെന്നു കമ്പനി ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ കെ എൻ രാധാകൃഷ്ണൻ അറിയിച്ചു. അതേസമയം, ‘ജി 310 ആർ’, ‘ജി 310 എസ്’ എന്നിവ ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തുമെന്നും ബി എം ഡബ്ല്യു മോട്ടോറാഡും നേരത്തെ ട്വിറ്ററിൽ വെളിപ്പെടുത്തിയിരുന്നു.

കഴിഞ്ഞ ഒൻപതു മാസമായി രാജ്യത്തെ ഇരുചക്രവാഹന വിൽപ്പന കനത്ത വെല്ലുവിളി നേരിടുകയാണെന്നാണു ടി വി എസിന്റെ വിലയിരുത്തൽ. നവംബറിൽ മൂല്യമേറിയ നോട്ടുകൾ പിൻവലിച്ചതു സൃഷ്ടിച്ച ആഘാതത്തിനു പിന്നാലെ ഏപ്രിൽ മുതൽ മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് നാല് നിലവാരം നടപ്പാക്കിയതും പ്രതീക്ഷിച്ച മഴ ലഭിക്കാതെ പോയതുമൊക്കെ വിപണിയിൽ തിരിച്ചടി സൃഷ്ടിച്ചിട്ടുണ്ട്. എൻട്രി ലവൽ മോട്ടോർ സൈക്കിൾ വിഭാഗത്തിൽ നേരിട്ട ഇടിവു മറികടക്കാൻ സ്കൂട്ടർ വിൽപ്പന മെച്ചപ്പെട്ടതാണു തുണയായതെന്നും ടി വി എസ് വ്യക്തമാക്കുന്നു. ഒപ്പം പ്രീമിയം വിഭാഗം ബൈക്കുകളുടെ വിൽപ്പനയാവട്ടെ മാറ്റമില്ലാതെ തുടരുകയാണ്. 

കഴിഞ്ഞ സാമ്പത്തിക വർഷം അവസാനിക്കുമ്പോൾ ഇന്ത്യൻ ഇരുചക്രവാഹന വിപണിയിൽ 14.3% വിഹിതം സ്വന്തമാക്കാനായെന്നാണു ടി വി എസിന്റെ കണക്ക്; 2015 — 16ൽ ടി വി എസിന്റെ വിപണി വിഹിതം 13.5% ആയിരുന്നു. കമ്പനിയുടെ നിർമാണശാലകൾ സ്ഥാപിത ശേഷിയുടെ 85% വിനിയോഗിക്കുന്നുണ്ട്; ഇക്കൊല്ലം അവസാനത്തോടെ വാർഷിക ഉൽപ്പാദന ശേഷി 45 ലക്ഷം യൂണിറ്റായി ഉയരുമെന്നാണു പ്രതീക്ഷ.