ഇന്ത്യയിൽ ആർ ആൻഡ് ഡി കേന്ദ്രം തുറക്കാൻ കമ്മിൻസ്

ഗവേഷണ, വികസന പ്രവർത്തനങ്ങൾക്കായി ഇന്ത്യയിൽ 1,500 കോടി രൂപ നിക്ഷേപിക്കാൻ യു എസ് എൻജിൻ നിർമാതാക്കളായ കമ്മിൻസിനു പദ്ധതി. പുണെയിൽ പുതിയ ആർ ആൻഡ് ഡി കേന്ദ്രം സ്ഥാപ്പിക്കാനാണു പുതിയ നിക്ഷേപമെന്നു കമ്മിൻസ് എൻജിൻ ബിസിനസ് പ്രസിഡന്റ് ശ്രീകാന്ത് പത്മനാഭൻ അറിയിച്ചു. പുതിയ കേന്ദ്രം പ്രവർത്തനം തുടങ്ങുന്നതോടെ 2,500 എൻജിനീയർമാർക്കു കൂടി നിയമനം നൽകാനും കമ്പനിക്കു പദ്ധതിയുണ്ട്. നിലവിൽ പതിനായിരത്തോളം ജീവനക്കാരാണു കമ്മിൻസിന് ഇന്ത്യയിലുള്ളത്.

മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് നാല്, ഭാരത് സ്റ്റേജ് ആറ് നിലവാരമുള്ള എൻജിനുകൾ നിർബന്ധമാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തോടെ ഇന്ത്യയിലെ ഗവേഷണ, വികസന കേന്ദ്രം അനിവാര്യതയായി മാറുകയാണെന്നു പത്മനാഭൻ അഭിപ്രായപ്പെട്ടു. ഇന്ത്യയിൽ മാത്രമല്ല ആഗോളതലത്തിൽ തന്നെ സ്വീകാര്യതയുള്ള എൻജിനുകളുടെ വികസനമാണു കമ്പനി പുണെ കേന്ദ്രത്തിൽ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി.

ഓഫ് ഹൈവേ ഉപയോഗത്തിനുള്ള ഉൽപന്നങ്ങളുടെ വികസനത്തിനാവും പുണെ കേന്ദ്രത്തിൽ മുൻഗണന നൽകുക. ചില പ്രത്യേക ഉൽപന്നങ്ങളുടെയും സാങ്കേതികവിദ്യകളുടെയും വികസനത്തിനുള്ള മികവിന്റെ കേന്ദ്രമായി മാറാൻ പുണെയ്ക്കാവുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

ഡീസൽ എൻജിൻ നിർമാതാവ് എന്ന ഇപ്പോഴത്തെ പ്രതിച്ഛായ വിട്ട് സാങ്കേതികവിദ്യ കമ്പനിയെന്ന പുതിയ നിലവാരം ആർജിക്കാനുള്ള തീവ്രശ്രമമാണ് കമ്മിൻസ് നടത്തുന്നത്. ഇന്ത്യയിൽ ലഭ്യമായ പ്രതിഭാസാന്നിധ്യം പ്രയോജനപ്പെടുത്തി കണക്റ്റഡ് പ്ലാറ്റ്ഫോം പോലുള്ള ആധുനിക സാങ്കേതികവിദ്യകൾ യാഥാർഥ്യമാക്കാനാണു കമ്മിൻസിന്റെ മോഹം.