എഫ് സി എ: താൽപര്യമില്ലെന്ന് ചൈനീസ് കമ്പനികൾ

ഇറ്റാലിയൻ അമേരിക്കൻ വാഹന നിർമാതാക്കളായ ഫിയറ്റ് ക്രൈസ്ലർ ഓട്ടമൊബീൽസ്(എഫ് സി എ) എൻ വിയെ ഏറ്റെടുക്കാൻ പദ്ധതിയില്ലെന്നു ചൈനയിലെ ഗ്വാങ്ചൗ ഓട്ടമൊബീൽ ഗ്രൂപ് കമ്പനി ലിമിറ്റഡ്. എഫ് സി എയുമായി ബന്ധപ്പെട്ടു നിലവിൽ ഇത്തരം ആലോചനകളൊന്നുമില്ലെന്നായിരുന്നു കമ്പനി വക്താവിന്റെ പ്രതികരണം.  ഇതിനു പുറമെ ഡോങ്ഫെങ് മോട്ടോർ ഗ്രൂപ്, ഗ്രേറ്റ്വാൾ മോട്ടോഴ്സ്, സെജിയാങ് ഗീലി ഹോൾഡിങ് ഗ്രൂപ് തുടങ്ങിയ കമ്പനികളും എഫ് സി എ ഏറ്റെടുക്കലിനെപ്പറ്റി സമാന വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു. 

പേരു വെളിപ്പെടുത്താത്ത ചൈനീസ് വാഹന നിർമാതാവിന്റെ ഏറ്റെടുക്കൽ ശ്രമം ചെറുത്തെന്ന വാർത്തകളുടെ പശ്ചാത്തലത്തിൽ എഫ് സി എ ഓഹരികൾ തിങ്കളാഴ്ച നേട്ടം കൈവരിച്ചിരുന്നു. ഇതോടെയാണ് ഫിയറ്റ് ക്രൈസ്ലർ സ്വന്തമാക്കാൻ ശ്രമിച്ചില്ലെന്ന വിശദീകരണവുമായി വിവിധ ചൈനീസ് വാഹന നിർമാതാക്കൾ രംഗത്തെത്തിയത്.  എഫ് സി എയെ പൂർണമായും ഭാഗികമായോ സ്വന്തമാക്കാൻ പരിപാടിയില്ലെന്നായിരുന്നു ഡോങ്ഫെങ് മോട്ടോർ ഗ്രൂപ്പിന്റെ പ്രതികരണം. ഇപ്പോൾ കമ്പനിക്ക് ഇത്തരം പദ്ധതിയൊന്നുമില്ലെന്നായിരുന്നു വുഹാനിലെ ഡോങ്ഫെങ് മോട്ടോർ വക്താവ് സൂ മിയുടെ നിലപാട്.