വായുവിലൂടെ പറക്കുന്ന കാർ, ചരിത്രം കുറിച്ച് കെൻ ബ്ലോക്കിന്റെ അത്ഭുത പ്രകടനം

Ken Block

കാർ ഡ്രിഫ്റ്റിങ്ങിലെ അതികായനാണ് കെൻ ബ്ലോക്ക്. കാഴ്ച്ചക്കാരെ അമ്പരപ്പിക്കുന്ന നിരവധി വിഡിയോകൾ കെൻ ബ്ലോക്ക് പുറത്തിറക്കിയിട്ടുണ്ട്. ജിംഖാന എന്ന പേരിൽ കെൻ ബ്ലോക്ക് പുറത്തിക്കുന്ന വിഡിയോകൾക്ക് ഏറെ ആരാധകരുണ്ട്. ജിംഖാന വിഡിയോകളിൽ റോഡുകളിലൂടെയോ റേസ് ട്രാക്കുകളിലൂടെയോ ആണ് ഡ്രിഫ്റ്റ് ചെയ്യുന്നതെങ്കിൽ. ടെറാഖാന എന്നപേരിൽ കെൻ ബ്ലൊക്ക് പുറത്തിറക്കിയ വിഡിയോ നിങ്ങളെ ഞെട്ടിക്കും.

കാരണം ഓഫ്റോഡിങ് ഡ്രിഫ്റ്റിങ്ങാണ് ഇത്തവണ കെൻ നടത്തിയിരിക്കുന്നത്. മലമുകളിലൂടെ പറക്കുന്ന കാറിന്റെ പ്രകടനം കാണികളെ ആവേശത്തിലാഴ്ത്തുന്നുണ്ട്. ചില രംഗങ്ങളിൽ ചെറിയൊരു പിഴവുമാത്രം മതി കാർ 100 അടി താഴ്ചയിലേക്ക് പതിക്കാൻ. എടിവി റേസർമാരുടേയും ഓഫ് റോ‍ഡ് ബൈക്ക് റേസർമാരുടേയും ഇഷ്ട സ്ഥലമായ അമേരിക്കയിലെ ഓഹിയോയിലെ സ്വിങ് ആം സിറ്റിയിലാണ് ടെറാഖാന അരങ്ങേറിയത്.

ബ്ലോക്ക് പുറത്തിറക്കിയ വിഡിയോകളിൽ ഏറ്റവും അപകടം പിടിച്ചത് എന്നാണ് ആരാധകർ ഒന്നടങ്കം പറയുന്നത്. ഏകദേശം അഞ്ച് മിനിട്ട് ദൈർഘ്യമുള്ള വിഡ‍ിയോ രണ്ടു ദിവസം മുമ്പാണ് യൂട്യൂബിൽ അപ്‌ലോഡുചെയ്തത്. ഇതുവരെ 8 ലക്ഷം ആളുകളാണ് യുട്യൂബിലൂടെ വിഡിയോ കണ്ടത്. 600 ബിഎച്ച്പി കരുത്തുള്ള ഫോഡ് ഫിയസ്റ്റ എസ്ടി ആർ എക്സ് 43 ആണ് സ്റ്റണ്ട് നടത്താൻ കെൻ ബ്ലോക്ക് ഉപയോഗിച്ചത്.