ജീപ്പ് കോംപസിന് എതിരാളിയോ ഫോക്സ്‍വാഗൻ ചെറു എസ്‌യുവി ?

Volkwagen T-Roc

ജർമൻ വാഹന നിർമാതാക്കളായ ഫോക്സ്‍വാഗനും കോംപാക്റ്റ് എസ്‌യുവിയുമായി എത്തുന്നു. അടുത്ത ഫ്രാങ്ക്ഫുട്ട് ഓട്ടോഷോയിൽ പ്രദർശിപ്പിക്കുന്ന വാഹനം ഡിസംബറിൽ രാജ്യാന്തര വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2014 ലെ ജനീവ ഓട്ടോഷോയിൽ പ്രദർശിപ്പിച്ച ചെറു എസ്‌യുവി കൺസെപ്റ്റിന്റെ പ്രൊഡക്ഷൻ മോഡലാണ് ടി–റോക്ക്. 

Volkwagen T-Roc

കഴിഞ്ഞ വർഷം ആദ്യം നടന്ന ജനീവ ഓട്ടോഷോയിൽ പ്രദർശിപ്പിച്ച ടി ക്രോസ് ബ്രീസ് കൺസെപ്റ്റിന്റെ മുകളിലുള്ള മോഡലായിരിക്കും ടി–റോക്ക്. ഫോക്സ്‌വാഗന്റെ എംക്യൂബി പ്ലാറ്റ്ഫോമാണ് ടി-റോക്ക് നിർമിക്കുന്നത്. ജീപ്പിന്റെ ചെറു എസ്‌യുവി കോംപസുമായിട്ടായിരിക്കും ടി–റോക്ക് മത്സരിക്കുക. 

Volkwagen T-Roc

മികച്ച സ്റ്റൈലും ഫീച്ചറുകളുമായിയെത്തുന്ന എസ് യു വി കോംപാക്റ്റ് എസ് യു വി സെഗ്‍‌‍മെന്റിൽ ഫോക്സ്‌വാഗന് മുൻതൂക്കം നൽകുമെന്നും കമ്പനി പ്രതീക്ഷിക്കുന്നു. 4234 എംഎം നീളവും 1819 എംഎം വീതിയും 1573 എംഎം പൊക്കവും ടി–റോക്കിനുണ്ട്. ഫീച്ചറുകളിലും സ്റ്റൈലിലും പ്രീമിയം എസ്‌യുവിയായ ടിഗ്വാനോട് കിടപിടിക്കും എന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഫോക്സ്‌വാഗന്റെ പുതിയ ഡിസൈൻ ഫിലോസഫിയിലാണ് ടി–റോക്കിന്റെ രൂപകൽപ്പന.

Volkwagen T-Roc

ആഡംബരത്തിനും ഉപയോഗക്ഷമതയ്ക്കും ഒരുപോലെ ഊന്നൽ നൽകിയാണ് വാഹനത്തിന്റെ ഉൾവശം രൂപകൽപ്പന ചെയ്തിരിക്കുന്നത്. 11.3 ഇഞ്ച് ആക്ടീവ് ഇൻഫോ ഡിസ്പ്ലെ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് പാക്ക്, 8.0 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടൈൻമെന്റ് സിസ്റ്റം, എട്ട് ചാനൽ ബോഷ് സൗണ്ട് സിസ്റ്റം എന്നിവ വാഹനത്തിലുണ്ടാകും.

Volkwagen T-Roc

രാജ്യാന്തര വിപണിയിൽ അഞ്ച് ടർബോ ചാർജ്ഡ് എൻജിനുകളാണ് ടി–റോക്കിലുണ്ടാകുക. 117 ബിഎച്ച്പി കരുത്തും 217 എൻഎം ടോർക്കുമുള്ള 1 ലീറ്റർ എൻജിൻ, 152 ബിഎച്ച്പി കരുത്തും 339 എൻഎം ടോർക്കുമുള്ള 1.5 ലീറ്റർ എൻജിൻ 193 ബിഎച്ച്പി കരുത്തും 434 എൻഎം ടോർക്കുമുള്ള 2 ലീറ്റർ എൻജിൻ എന്നിവയാണ് പെട്രോൾ എൻജിനുകൾ.  ഡീസൽ മോ‍ഡലിൽ 117 ബിഎച്ച്പി കരുത്തുള്ള 1.6 ലീറ്റർ എൻജിനും 152 അല്ലെങ്കിൽ 193 കരുത്തുള്ള 2 ലീറ്റർ എൻജിൻ എന്നിവയാണുള്ളത്. ആറ് സ്പീ‍ഡ് മാനുവൽ, ഏഴ് സ്പീഡ് ഓട്ടമാറ്റിക്ക് വകഭേദങ്ങളുണ്ടാകും.