റോയൽ എൻഫീൽഡ് ആരാധകർക്ക് സന്തോഷ വാർത്ത, ബുള്ളറ്റിനായുള്ള കാത്തിരിപ്പ് കുറയും

Classic 350

ഐഷർ ഗ്രൂപ്പിൽപെട്ട ഇരുചക്രവാഹന നിർമാതാക്കളായ റോയൽ എൻഫീൽഡിന്റ മൂന്നാമതു നിർമാണശാല പ്രവർത്തനം ആരംഭിച്ചു. ചെന്നൈയ്ക്കടുത്ത് വള്ളംവടഗലിൽ 50 ഏക്കർ വിസ്തൃതിയിൽ സ്ഥാപിച്ച നിർമാണശാലയിൽ നിന്ന് ആഭ്യന്തര, വിദേശ വിപണികളിൽ വിൽപ്പനയ്ക്കുള്ള മോഡലുകളാണു കമ്പനി ഉൽപ്പാദിപ്പിക്കുക. കഴിഞ്ഞ സാമ്പത്തിക വർഷം 6,67,135 മോട്ടോർ സൈക്കിളുകളാണു കമ്പനി നിർമിച്ചു വിറ്റത്. ഇക്കൊല്ലം മൂന്നു ശാലകളിലുമായി 8.25 ലക്ഷം യൂണിറ്റ് ഉൽപ്പാദനശേഷിയാണു കമ്പനി കൈവരിച്ചത്. വർധിച്ച ഉൽപ്പാദനശേഷി പ്രയോജനപ്പെടുത്തി വിൽപ്പനയിലും മികച്ച വളർച്ച കൈവരിക്കാനാവുമെന്നാണു റോയൽ എൻഫീൽഡിന്റെ പ്രതീക്ഷ.

കഴിഞ്ഞ ഏപ്രിൽ — ജൂലൈ കാലത്ത് 2,48,457 യൂണിറ്റ് വിൽപ്പനയാണു റോയൽ എൻഫീൽഡ് കൈവരിച്ചത്; 2016ൽ ഇതേ കാലത്തെ അപേക്ഷിച്ച് 24% അധികമാണിത്. ആഭ്യന്തര വിൽപ്പന 24% വളർന്ന് 2,42,039 യൂണിറ്റായി; കയറ്റുമതിയിലും 19% വർധനയുണ്ട്.ഏറ്റവുമധികം വിൽപ്പനയുള്ള ‘ക്ലാസിക് 350’സ്വന്തമാക്കാൻ രണ്ടു മാസത്തോളം കാത്തിരിക്കേണ്ട സ്ഥിതിയാണെന്ന് റോയൽ എൻഫീൽഡ് മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ സിദ്ധാർഥ ലാൽ അറിയിച്ചു. മറ്റു മോഡലുകളൊന്നും ലഭിക്കാൻ ഒരു മാസത്തിലേറെ കാത്തിരിക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നടപ്പു സാമ്പത്തിക വർഷം 800 കോടി രൂപ നിക്ഷേപിക്കാനാണ് റോയൽ എൻഫീൽഡിന്റെ പദ്ധതി. വല്ലംവടഗൽ ശാലയുടെ ഉൽപ്പാദനശേഷി ഉയർത്താനും പുതിയ മോഡലുകളും പ്ലാറ്റഫോമും അവതരിപ്പിക്കാനുമാണ് ഈ നിക്ഷേപത്തിൽ സിംഹഭാഗവും ചെലവിടുക. ഒപ്പം യു കെയിലെ ലീഷസ്റ്ററിലും ചെന്നൈയിലുമുള്ള ടെക്നിക്കൽ കേന്ദ്രങ്ങളിലും കമ്പനി മൂലധന നിക്ഷേപം നടത്തും.