2020 വരെ ഫെറാരിക്കൊപ്പം തുടരാൻ വെറ്റൽ

ഫോർമുല വൺ മത്സരരംഗത്തുള്ള മുൻനിര ഇറ്റാലിയൻ ടീമായ ഫെറാരിക്കൊപ്പം മൂന്നു വർഷത്തേക്കു കൂടി തുടരാൻ ജർമൻ ഡ്രൈവർ സെബാസ്റ്റ്യൻ വെറ്റൽ തീരുമാനിച്ചു. എഫ് വണ്ണിൽ ഏറ്റവുമധികം വിജയങ്ങൾ കൊയ്തതും താരപ്പകിട്ടുള്ളതുമായ ടീമിനായി 2018 മുതൽ 2020 വരെയുള്ള സീസണുകളിൽ ട്രാക്കിലിറങ്ങാനുള്ള കരാറിലാണ് വെറ്റലും ഫെറാരിയും ഒപ്പിട്ടത്.  സെബാസ്റ്റ്യൻ വെറ്റൽ ടീമിനൊപ്പം മൂന്നു സീസൺ കൂടി തുടരുമെന്ന പ്രഖ്യാപനം ഫെറാരി വെറും 30 വാക്കുകളുള്ള പത്രക്കുറിപ്പിൽ ഒതുക്കിയതും ശ്രദ്ധേയമായി. കരാറിൽ നിന്നു പിൻമാറാനുള്ള വ്യവസ്ഥകൾ സംബന്ധിച്ചോ വെറ്റലി(30)നു നൽകിയ പ്രതിഫലം സംബന്ധിച്ചോ സൂചനകൾ പോലും ടീം നൽകിയിട്ടില്ല. 

എങ്കിലും ജന്മനാട്ടിലെ ഇറ്റാലിയൻ ഗ്രാൻപ്രിക്കു മുമ്പുതന്നെ വെറ്റലിനെയും ഫിന്നിഷ് ഡ്രൈവർ കിമി റൈക്കോണനെയും നിലനിർത്താൻ സാധിച്ചതു ഫെറാരിക്കു നേട്ടമായിട്ടുണ്ട്. കരാർ സംബന്ധിച്ച ചർച്ചകളുടെ സമ്മർദമില്ലാതെ ലോക ചാംപ്യൻഷിപ്പിനുള്ള മത്സരത്തിൽ പൂർണശ്രദ്ധ പതിപ്പിക്കാൻ ഇതോടെ ഫെറാരിക്കു സാധിക്കും. എനിക്ക് ഈ ടീമിനെ ഇഷ്ടമാണെന്നായിരുന്നു ഫെറാരിക്കൊപ്പം തുടരാനുള്ള തീരുമാനത്തെക്കുറിച്ചുള്ള വെറ്റലിന്റെ പ്രതികരണം. ഈ ബ്രാൻഡിനായി പ്രവർത്തിക്കുന്നവരോടുള്ള സ്നേഹവും വെറ്റൽ മറച്ചുവച്ചില്ല. മറ്റു ടീമുകൾക്കില്ലാത്ത സവിശേഷതകൾ ഫെറാരിക്കുണ്ടെന്നും വെറ്റൽ അവകാശപ്പെട്ടു. 

ടീമിനൊപ്പം തുടരാനുള്ള തീരുമാനത്തെപ്പറ്റി കൂടുതലൊന്നും ചിന്തിക്കേണ്ടിവന്നില്ലെന്നും വെറ്റൽ വ്യക്തമാക്കി. നേടാൻ നിശ്ചയിച്ച ലക്ഷ്യങ്ങൾ കൈവരിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല; എന്നാൽ ഇതിലേക്കുള്ള യാത്രയിലാണു താനും ടീമുമെന്ന് വെറ്റൽ അഭിപ്രായപ്പെട്ടു.നാലു തവണ ഫോർമുല വൺ ലോകചാംപ്യൻഷിപ് നേടിയ വെറ്റൽ 2015ലാണു  ഫെറാരിയിലെത്തുന്നത്; റെഡ്ബുള്ളിൽ നിന്നായിരുന്നു വെറ്റലിന്റെ വരവ്. 

അടുത്ത സീസണിൽ വെറ്റൽ നാട്ടിൽ നിന്നുള്ള ടീമായ മെഴ്സീഡിസിനൊപ്പം ചേരുമെന്ന അഭ്യൂഹം ശക്തമായിരുന്നു. എന്നാൽ അടുത്ത വർഷവും മെഴ്സീഡിസിനൊപ്പം മത്സരിക്കുന്ന ബ്രിട്ടീഷ് ഡ്രൈവർ ലൂയിസ് ഹാമിൽറ്റൻ ഈ സാധ്യത നേരത്തെ തള്ളിയിരുന്നു. തന്റെ എതിരാളിക്കു തന്റെ സഹഡ്രൈവറാവാൻ താൽപര്യമില്ലെന്നായിരുന്നു മൂന്നു തവണ ലോക ചാംപ്യൻഷിപ് നേടിയിട്ടുള്ള ഹാമിൽറ്റന്റെ നിലപാട്.

പോരെങ്കിൽ വെറ്റലുമായി ചർച്ച നടത്തിയെന്നു മെഴ്സീഡിസ് നോൺ എക്സിക്യൂട്ടീവ് ചെയർമാൻ നികി ലൗഡ സ്ഥിരീകരിച്ചപ്പോൾ ചർച്ചയൊന്നും നടന്നില്ലെന്നായിരുന്നു ടീം പ്രിൻസിപ്പൽ ടോട്ടൊ വുൾഫിന്റെ നിലപാട്. അടുത്ത സീസണിൽ റൈക്കോണനെ നിലനിർത്താൻ ഏതാനും ദിവസം മുമ്പാണു ഫെറാരി തീരുമാനിച്ചത്. 2007ലെ ചാംപ്യനായ റൈക്കോണ(37)നും വെറ്റലുമായി മൂപ്പിളമ തർക്കമില്ലെന്നതാണു ഫെറാരി കാണുന്ന പ്രധാന നേട്ടം.