അപ്പാനി രവിയുടെ യാത്രകൾക്കിനി ഡബ്ല്യു ആർ–വിയുടെ ജിമിക്കി താളം

Honda WR-V

കേരളം മുഴുവൻ ഇപ്പോൾ ജിമിക്കി കമ്മലിന്റെ താളത്തിനൊപ്പമാണ്. ദ്രുതതാളത്തിലുള്ള ആ ഗാനം ലാ... ലാ... പാടി അവസാനിക്കുമ്പോൾ സൈക്കിളിൽ അതാ ലാലേട്ടന്റെ എൻട്രി. എന്നാൽ ഇവിടെ സൈക്കിളല്ല ഡബ്ല്യു ആർ–വിയാണ് ലാലേട്ടനല്ല, അപ്പാനി രവിയെന്ന ശരത് കുമാറാണ്. അഭിനയിച്ച ആദ്യ ചിത്രത്തിലെ കഥാപാത്രത്തിന്റെ പേരിലറിയപ്പെടുകയെന്ന അപൂർവ്വം നടന്മാർക്ക് മാത്രം സിദ്ധിക്കുന്ന മഹാഭാഗ്യമാണ്. അങ്ങനെയൊരു മഹാഭാഗ്യത്തിന്റെ നിറവിലാണ് അപ്പാനി രവി എന്ന ശരത് കുമാർ. വെളിപാടിന്റെ പുസ്തകമെന്ന് തന്റെ രണ്ടാമത്തെ ചിത്രം ഓണം റിലീസായി പുറത്തിറങ്ങുന്നത് ആഘോഷമാക്കാൻ ഹോണ്ട ഡബ്ല്യു ആർ–വി സ്വന്തമാക്കിയിരിക്കുകയാണീ യുവ നടൻ.

Honda WR-V

ശരത്കുമാർ തന്നെ സമൂഹമാധ്യമങ്ങളിലൂടെയാണ് പുതിയ കാർ സ്വന്തമാക്കിയ വിവരം ആരാധകരെ അറിച്ചത്. ഹോണ്ടയുടെ തിരുവനന്തപുരം വിതരണക്കാരായ പെർഫക്റ്റ് ഹോണ്ടയിൽ നിന്നാണ് താരം തന്റെ വാഹനം സ്വന്തമാക്കിയത്. ഡബ്ല്യു ആർ–വിയുടെ ഡീസൽ വകഭേദമാണ് അപ്പാനി രവി സ്വന്തമാക്കിയത്.

Honda WR-V

ഹോണ്ടയുടെ ഇന്ത്യയിലെ ആദ്യ ക്രോസ് ഹാച്ചായ ഡബ്ല്യു ആർ–വി കഴിഞ്ഞ മാർച്ചിലാണ് അരങ്ങേറ്റം കുറിച്ചത്. വിൻസം റൺഎബോട്ട് വെഹിക്കിൽ എന്നതിന്റെ ചുരുക്കിയെഴുത്താണ് ഡബ്ല്യുആർ-വി. പെട്രോൾ, ഡീസൽ എൻജിനുകളോടെ ‘ഡബ്ല്യു ആർ–വി’ വിൽപ്പനയ്ക്കുണ്ട്; 1.5 ലീറ്റർ ഡീസൽ, 1.2 ലീറ്റർ പെട്രോൾ എൻജിനുകളാണു ക്രോസ് ഹാച്ചിനു കരുത്തേകുന്നത്. പെട്രോൾ എൻജിനുള്ള മോഡലുകൾക്ക് 7.78 ലക്ഷം രൂപ മുതലും ഡീസൽ എൻജിൻ പതിപ്പിന് 8.99 ലക്ഷം രൂപ മുതലുമാണ് എക്സ്ഷോറൂം വില.