ബി എസ് ആറ് നിലവാരം 2020 ഏപ്രിലിൽ തന്നെ

പരിസ്ഥിതി മലിനീകരണ നിയന്ത്രണത്തിലെ ഭാരത് സ്റ്റേജ് ആറ്(ബി എസ് ആറ്) നിലവാരം 2020 ഏപ്രിലിൽ പ്രാബല്യത്തിലെത്തുമെന്ന് കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക മന്ത്രി ധർമേന്ദ്ര പ്രധാൻ വ്യക്തമാക്കി. സമ്മർദിത പ്രകൃതി വാതകം(സി എൻ ജി) ഇന്ധനമാക്കുമ്പോൾ സൃഷ്ടിക്കപ്പെടുന്ന മലിനീകരണത്തിനു സമാനമായ നിലവാരമാണു ഭാരത് സ്റ്റേജ് ആറെന്നും അദ്ദേഹം വിശദീകരിച്ചു. രാജ്യത്തെ എണ്ണ ശുദ്ധീകരണ ശാലകളെ ബി എസ് ആറ് നിലവാരത്തിലെത്തിക്കാൻ 30,000 കോടി രൂപ ചെലവാണു പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി.

രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണ വില ഉയരുന്ന സാഹചര്യത്തിൽ പെട്രോളിന്റെയും ഡീസലിന്റെയും ചില്ലറ വിൽപ്പന വില നിയന്ത്രിക്കാനായി നികുതി നിരക്ക് കുറയ്ക്കാനുള്ള സാധ്യതയും പ്രധാൻ തള്ളി. ജൂലൈ മുതലുള്ള രണ്ടു മാസത്തിനിടെ ഇന്ധന വിലയിൽ ലീറ്ററിന് ആറു രൂപയോളം വർധിച്ച സാഹചര്യത്തിലാണ് മന്ത്രിയുടെ വിശദീകരണം.

ഓരോ മാസത്തിന്റെയും ആദ്യവും മധ്യത്തിലും ഇന്ധനവില പുതുക്കുന്ന രീതിയാണ് ഒന്നര പതിറ്റാണ്ടോളമായി രാജ്യത്തു നിലനിന്നത്. ഇതിനു പകരം നിത്യേന വില പരിഷ്കരിക്കുന്ന രീതി കഴിഞ്ഞ ജൂണിലാണു നടപ്പാക്കിയത്. തുടർന്ന് ആദ്യത്തെ രണ്ടാഴ്ച ഇന്ധന വിലയിൽ നേരിയ ഇളവു രേഖപ്പെടുത്തിയെങ്കിലും ജൂലൈ മൂന്നു മുതൽ പെട്രോൾ, ഡീസൽ വില നിരന്തരം ഉയരുകയാണ്. ഡൽഹിയിൽ പെട്രോൾ വില ലീറ്ററിന് 6.08 രൂപ ഉയർന്ന് 69.12 രൂപയിലെത്തി; 2014 ഓഗസ്റ്റിനു ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. ഡീസൽ വിലയാവട്ടെ ലീറ്ററിന് 3.65 രൂപ വർധിച്ച് 57.01 രൂപയായി. കണക്കുകൾ ഇങ്ങനെയൊക്കെയാണെങ്കിലും നികുതി ഘടന പരിഷ്കരിക്കേണ്ട സാഹചര്യമില്ലെന്ന നിലപാടിലാണു മന്ത്രി പ്രധാൻ. എങ്കിലും സാഹചര്യം ആവശ്യപ്പെടുന്നപക്ഷം എക്സൈസ് ഡ്യൂട്ടി നിരക്ക് പരിഷ്കരിക്കാൻ സർക്കാർ മടിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിടിഞ്ഞതു മുതലെടുത്ത് 2015 നവംബറിനും 2016 ജനുവരിക്കുമിടയിൽ അഞ്ചു തവണയാണു കേന്ദ്ര സർക്കാർ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് ഡ്യൂട്ടി ഉയർത്തിയത്. പെട്രോൾ ലീറ്ററിന് 4.02 രൂപയും ഡീസൽ ലീറ്ററിന് 6.97 രൂപയുമായിരുന്നു എക്സൈസ് ഡ്യൂട്ടി നിരക്കിലെ അവസാന വർധന. 2014 നവംബർ മുതൽ 2015 ജനുവരി വരെയുള്ള കാലത്തിനിടെ നടപ്പാക്കിയ നാലു വർധനകൾ വഴി പെട്രോളിന്റെ എക്സൈസ് ഡ്യൂട്ടി ലീറ്ററിന് 7.75 രൂപയും ഡീസലിന്റേത് ആറര രൂപയും ഉയർത്തിയിരുന്നു. ഇന്ധനങ്ങളുടെ എക്സൈസ് ഡ്യൂട്ടി ഉയർത്തിയതു വഴി 20,000 കോടിയോളം രൂപയുടെ അധിക വരുമാനമാണു സർക്കാർ നേടിയത്. നിലവിൽ പെട്രോൾ ലീറ്ററിന് 11.77 രൂപയും ഡീസൽ ലീറ്ററിന് 13.47 രൂപയുമാണ് എക്സൈസ് ഡ്യൂട്ടിയായി ഈടാക്കുന്നത്. 

ജൂലൈ ഒന്നിന് ചരക്ക്, സേവന നികുതി(ജി എസ് ടി) പ്രാബല്യത്തിലെത്തിയപ്പോഴും ഇന്ധനങ്ങളെ പുതിയ നികുതിയിൽ നിന്ന് ഒഴിവാക്കി. എന്നാൽ പെട്രോളിനെയും ഡീസലിനെയും ജി എസ് ടി പരിധിയിൽപെടുത്തണമെന്നാണു പെട്രോളിയം മന്ത്രാലയത്തിന്റെ നിലപാടെന്ന് പ്രധാൻ അവകാശപ്പെടുന്നു.