10,000 കടന്നു ‘ജീപ് കോംപസ്’ ബുക്കിങ്

Jeep Compass

പുത്തൻ സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)മായ  ‘ജീപ് കോംപസി’നുള്ള ബുക്കിങ് 10,000 യൂണിറ്റിലെത്തിയെന്ന് ഇറ്റാലിയൻ യു എസ് നിർമാതാക്കളായ ഫിയറ്റ് ക്രൈസ്ലർ ഓട്ടമൊബീൽസ്(എഫ് സി എ) ഇന്ത്യ. ജൂലൈ 31ന് അരങ്ങേറ്റം കുറിച്ച ‘കോംപസി’നുള്ള പ്രീബുക്കിങ് ജൂൺ 19നാണ് എഫ് സി എ ഇന്ത്യ ആരംഭിച്ചത്. ആകർഷക വിലയിൽ വിപണിയിലെത്തിയ ‘ജീപ് കോംപസി’നെ തേടി 92,000 അന്വേഷണങ്ങളാണ് ഒഴുകിയെത്തിയതെന്നും എഫ് സി എ അവകാശപ്പെടുന്നു.

ഇന്ത്യൻ നിർമിത ‘ജീപ് കോംപസി’ന് വിപണിയിൽ തകർപ്പൻ പ്രതികരണമാണു സൃഷ്ടിക്കാനായതെന്ന് എഫ് സി എ ഇന്ത്യ പ്രസിഡന്റും മാനേജിങ് ഡയറക്ടറുമായ കെവിൻ ഫ്ളിൻ അഭിപ്രായപ്പെട്ടു. ആകർഷക വ്യക്തിത്വവും പുതുമയും ശേഷിയും ആധികാരികതയുമൊക്കെയുള്ള ‘ജീപ് കോംപസി’ന്റെ വിലയും വിപണിക്ക് ഏറെ സ്വീകാര്യമായെന്ന് അദ്ദേഹം വിലയിരുത്തുന്നു. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ ‘കോംപസ്’ നിർമിച്ചു കൈമാറാനുള്ള ശ്രമങ്ങളാണു കമ്പനി നടത്തുന്നതെന്നും ഫ്ളിൻ വിശദീകരിച്ചു. 

‘ജീപ് കോംപസ്’ ശ്രേണിയുടെ വില തുടങ്ങുന്നത് 14.95 ലക്ഷം രൂപയിലാണ്; 1.4 ലീറ്റർ മൾട്ടി എയർ ടർബോ പെട്രോൾ എൻജിനുള്ള ‘കോംപസി’ന്റെ ‘സ്പോർട്’(ഫോർ ബൈ ടു) വകഭേദമാണ് ഈ വിലയ്ക്കു ലഭിക്കുക. ആറു സ്പീഡ് മാനുവൽ ഗീയർബോക്സാണു ട്രാൻസ്മിഷൻ. രണ്ടു ലീറ്റർ മൾട്ടി ജെറ്റ് ടർബോ ഡീസൽ എൻജിനും ഫോർ വീൽ ഡ്രൈവ് ലേ ഔട്ടും ആറു സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമുള്ള ‘ലിമിറ്റഡ്(ഒ)’ പതിപ്പാണു വിലയിൽ മുന്നിൽ: 20.65 ലക്ഷം രൂപ. 

‘സ്പോർട്’, ‘ലോഞ്ചിറ്റ്യൂഡ്’, ‘ലിമിറ്റഡ്’ വകഭേദങ്ങളിലാണു ‘ജീപ്പ് കോംപസ്’ വിൽപ്പനയ്ക്കെത്തുക. മിനിമൽ ഗ്രേ, എക്സോട്ടിക്ക റെഡ്, ഹൈഡ്രോ ബ്ലൂ, വോക്കൽ വൈറ്റ്, ഹിപ് ഹോപ് ബ്ലാക്ക് നിറങ്ങളിൽ ലഭ്യമാവുന്ന ‘കോംപസി’ന് മൂന്നു വർഷം അഥവാ ഒരു ലക്ഷം കിലോമീറ്റർ നീളുന്ന വാറന്റിയാണ് എഫ് സി എ ഇന്ത്യ വാഗ്ദാനം ചെയ്യുന്നത്. വർഷത്തിലൊരിക്കലോ 15,000 കിലോമീറ്റർ പിന്നിടുമ്പോഴോ മാത്രമാണു ‘കോംപസി’നു സർവീസ് ആവശ്യമുള്ളത്. 

‘കോംപസി’ന്റെ വിവിധ വകഭേദങ്ങളുടെ ഷോറൂം വില(ലക്ഷം രൂപയിൽ):പെട്രോൾ ‘സ്പോർട്’ — 14.95, ‘ലിമിറ്റഡ്’(ഓട്ടമാറ്റിക് ട്രാൻസ്മിഷൻ)  — 18.70, ‘ലിമിറ്റഡ് ഓപ്ഷൻ’(ഓട്ടമാറ്റിക് ട്രാൻസ്മിഷൻ) — 19.40. ഡീസൽ ‘സ്പോർട്’ — 15.45, ‘ലോഞ്ചിറ്റ്യൂഡ്’ — 16.45, ‘ലോഞ്ചിറ്റ്യൂഡ് ഓപ്ഷൻ’ — 17.35, ‘ലിമിറ്റഡ്’ — 18.05, ‘ലിമിറ്റഡ് ഓപ്ഷൻ’ — 18.75, ‘ലിമിറ്റഡ് ഫോർ ബൈ ഫോർ’ — 19.95, ‘ലിമിറ്റഡ് ഓപ്ഷൻ ഫോർ ബൈ ഫോർ’ — 20.65.