ടാറ്റ മോട്ടോഴ്സ് സി ടി ഒ ലെവർടൺ രാജിവച്ചു

ടാറ്റ മോട്ടോഴ്സ് പ്രസിഡന്റും ചീഫ് ടെക്നോളജി ഓഫിസറു(സി ടി ഒ)മായ തിമൊത്തി ലെവർടൺ കമ്പനി വിട്ടു. ഏഴു വർഷത്തെ സേവനത്തിനൊടുവിലാണ് ലെവർടൺ ടാറ്റ മോട്ടോഴ്സിൽ നിന്നു രാജിവച്ചത്. വ്യക്തിപരമായ കാരണങ്ങളാൽ ജന്മനാടായ യു കെയിലേക്കു മടങ്ങാൻ വേണ്ടിയാണു ലെവർടന്റെ രാജിയെന്നായിരുന്നു ടാറ്റ മോട്ടോഴ്സിന്റെ വിശദീകരണം.  വരുന്ന ഒക്ടോബർ 31 വരെ അദ്ദേഹം സി ടി ഒ സ്ഥാനത്തു തുടരുമെന്നും കമ്പനി വ്യക്തമാക്കി. ലെവർടന്റെ പിൻഗാമിയെ വൈകാതെ പ്രഖ്യാപിക്കുമെന്നും ടാറ്റ മോട്ടോഴ്സ് അറിയിച്ചു. പുണെ ആസ്ഥാനമായ എൻജിനീയറിങ് ഗവേഷണ കേന്ദ്രത്തിൽ പ്രവർത്തിച്ചിരുന്നു ലെവർടൺ 2010ലാണു ടാറ്റ മോട്ടോഴ്സിൽ ചേർന്നത്. 

ടിമ്മിനൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് സന്തോഷകരമായ അനുഭവമാണെന്നായിരുന്നു ടാറ്റ മോട്ടോഴ്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസറും മാനേജിങ് ഡയറക്ടറുമായ ഗ്വന്റെർ ബട്ഷെക്കിന്റെ പ്രതികരണം. വ്യക്തിപരമായ കാരണങ്ങളാൽ യു കെയിലേക്കു മടങ്ങാനുള്ള ലെവർടന്റെ തീരുമാനം കമ്പനിയെ സംബന്ധിച്ചിടത്തോളം വലിയ നഷ്ടമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

ടാറ്റ മോട്ടോഴ്സിന്റെ ഗവേഷണ, വികസന വിഭാഗങ്ങളുടെ ചുമതലക്കാരനായിരുന്നു ലെവർടൺ. അടുത്ത തലമുറ മോഡലുകളായ ‘ബോൾട്ട്’, ‘സെസ്റ്റ്’, ‘ടിയാഗൊ’, ‘ഹെക്സ’, അടുത്തുതന്നെ വിപണിയിലെത്തുന്ന എസ് യു വിയായ ‘നെക്സൊൺ’ തുടങ്ങിയവയിലൊക്കെ ലെവർടന്റെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്. വാണിജ്യ വാഹന വിഭാഗത്തിലടക്കം ആഭ്യന്തര വിപണിയിൽ ശക്തമായ തിരിച്ചുവരവിന് ടാറ്റ മോട്ടോഴ്സ് തീവ്രശ്രമം നടത്തുന്നതിനിടെയാണ് ലെവർടൺ കമ്പനി വിടുന്നത്. അടുത്ത ആറു മുതൽ ഒൻപതു മാസത്തിനിടയിലെ പ്രകടനം നിർണായകമാണെന്ന വിലയിരുത്തലിലാണ് ടാറ്റ മോട്ടോഴ്സ്. 

അഞ്ചു വർഷം മുമ്പ് രാജ്യത്തെ വാണിജ്യ വാഹന വിപണിയിൽ ടാറ്റ മോട്ടോഴ്സിന് 60% വിഹിതമുണ്ടായിരുന്നത് കഴിഞ്ഞ മാർച്ചിൽ 44.4% ആയി കുറഞ്ഞിരുന്നു. നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിലാവട്ടെ കമ്പനി 467.05 കോടി രൂപ നഷ്ടവും രേഖപ്പെടുത്തി. 2016 — 17ൽ ഇതേ കാലത്ത് 25.75 കോടി രൂപ അറ്റാദായം നേടിയ സ്ഥാനത്താണിത്.