ഒന്നര കോടിയുടെ എസ്‌യുവിക്ക് 5.25 ലക്ഷത്തിന്റെ ഫാൻസി നമ്പർ

Fancy Number

കോടികൾ വിലയുള്ള വാഹനങ്ങൾക്ക് ലക്ഷങ്ങൾ നൽകി ഫാൻസി നമ്പറുകൾ സ്വന്തമാക്കുക എന്നത് പണ്ട് ഗൾഫ് നാടുകളിൽ നിന്നുള്ള വാർത്തകളായിരുന്നെങ്കിൽ ഇന്ന് നമ്മുടെ കൊച്ചു കേരളത്തിനും അതിന് പുതുമകളൊന്നുമില്ല. നിരവധി ആളുകളാണ് ലക്ഷങ്ങള്‍ മുടക്കി ഫാൻസി നമ്പർ ലഭിക്കാനായി മത്സരിക്കുന്നത്. പുതിയ സീരിസിലുള്ള ആകർഷകമായ നമ്പറുകൾ എത്തുന്നതിന് മുമ്പേ ബുക്ക് ചെയ്ത് ആളുകള്‍ കാത്തിരിക്കുകയാണ്. 

തലസ്ഥാനത്തെ പുതിയ വാഹന നമ്പര്‍ ശ്രേണിയായ കെ എൽ 01 സി ഡി 1 ലേലത്തിൽ പോയത് റെക്കൊർഡ് തുകയ്ക്കാണ്. ഒരു ലക്ഷം രൂപ ഫീസ് അടക്കം കെഎൽ 01 സിഡി 1 എന്ന നമ്പറിന് തിരുവന്തപുരം സ്വദേശി  കെ എൻ മധുസൂദനൻ മുടക്കിയത് 5.25 ലക്ഷം രൂപ. ഒന്നാം നമ്പർ സ്വന്തമാക്കാൻ നടന്ന വാശിയേറിയ ലേലത്തിനൊടുവിലാണ് മധുസൂദനൻ സിഡി 1 സ്വന്തമാക്കിയത് എന്നാണ് ആര്‍ടി ഓഫീസിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ. നാലുപേരായിരുന്നു ലേലത്തിലുണ്ടായിരുന്നത്. 

നേരത്തെ തിരുവനന്തപുരം ആർടി ഓഫീസിൽ നിന്ന് കേരളത്തിലെ ഏറ്റവും വിലയുള്ള നമ്പർ കെഎസ് ബാലഗോപാല്‍ സ്വന്തമാക്കിയിരുന്നു. തന്റെ ലാൻഡ് ക്രൂസറിനായാണ് ബാലഗോപാൽ ഈ നമ്പർ സ്വന്തമാക്കിയത്. കെ എല് 01 സി ഡി 1 എന്ന നമ്പർ മധുസൂദനൻ സ്വന്തമാക്കിയതും തന്റെ ടൊയോട്ട ലാൻഡ് ക്രൂസറിനു വേണ്ടിയാണ്. 

മുൻപ് തൃശൂർ സ്വദേശി ലത്തിഫ് 17.15 ലക്ഷം രൂപ മുടക്കി കെഎൽ 08 ബിഎൽ 1 എന്ന ഫാൻസി സ്വന്തമാക്കിയിരുന്നു. കൂടാതെ സിനിമാതാരം പൃഥ്വിരാജ് ഏകദേശം എട്ടു ലക്ഷം രൂപയ്ക്കു ഫാൻസി നമ്പർ സ്വന്തമാക്കിയിരുന്നു. ജാപ്പനീസ് കാർ നിർമാതാക്കളായ ടൊയോട്ടയുടെ ലക്ഷ്വറി എസ് യു വിയാണ് ലാൻഡ് ക്രൂസർ. 4461 സിസി വി8 ഡീസൽ എൻജിനാണ് ഈ കരുത്തൻ എസ് യുവിയെ ചലിപ്പിക്കുന്നത്. 3400 ആർപിഎമ്മിൽ 262 ബിഎച്ച്പി കരുത്തും 1600 ആർപിഎമ്മിൽ 650 എൻഎം ടോർക്കും നൽകുന്നുണ്ട് ഈ എൻജിൻ. ഏഴു പേർക്ക് സഞ്ചരിക്കാവുന്ന ഫുൾ‌സൈസ് എസ് യു വിയുടെ കൊച്ചി എക്സ് ഷോറൂം വില 1.36 കോടി രൂപയാണ്.