ലംബോർഗ്നി ‘ഉറുസ്’ അനാവരണ ചടങ്ങ് ഡിസംബറിൽ

Lamborghini Urus‌

ഫോക്സ്‍‌വാഗൻ ഗ്രൂപ്പിൽപെട്ട ആഡംബര സ്പോർട്സ് കാർ നിർമാതാക്കളായ ലംബോർഗ്നി സാക്ഷാത്കരിക്കുന്ന പുതുപുത്തൻ സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)മായ ‘ഉറുസ്’ അനാവരണ ചടങ്ങ് ഡിസംബർ നാലിന്. ഇറ്റലിയിലെ സന്ത് അഗതെ ബൊളൊണീസിലെ ശാലയിൽ വാണിജ്യാടിസ്ഥാനത്തിലുള്ള ഉൽപ്പാദനം ആരംഭിക്കുന്നതിനു മുന്നോടിയായിട്ടാവും കമ്പനി ‘ഉറുസ്’ പ്രദർശിപ്പിക്കുക. രണ്ടര പതിറ്റാണ്ടോളം മുമ്പ് ‘എൽ എം 002’ പുറത്തിറക്കിയ ശേഷം ഇപ്പോഴാണു ലംബോർഗ്നി എസ് യു വി വിഭാഗത്തിൽ തിരിച്ചെത്തുന്നത്. 1986 മുതൽ 1993 വരെയായിരുന്നു ‘എൽ എം 002’ വിപണിയിലുണ്ടായിരുന്നത്. ‘ഉറുസ്’ ആവട്ടെ അടുത്ത വർഷം വിൽപ്പനയ്ക്കെത്തുമെന്നാണു പ്രതീക്ഷ.

എസ് യു വിക്കു കരുത്തേകുക നാലു ലീറ്റർ, വി എയ്റ്റ്, ഇരട്ട ടർബോ പെട്രോൾ എൻജിനാവുമെന്നാണു സൂചന; 650 ബി എച്ച് പി വരെ കരുത്തും 1000 എൻ എമ്മോളം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. വെറും 1,500 ആർ പി എമ്മിൽ 600 എൻ എം വരെ ടോർക് പിറക്കുമെന്നതും ഈ എൻജിന്റെ മികവാണ്. മെച്ചപ്പെട്ട ഹാൻഡ്ലിങ്ങിനായി റിയർ വീൽ ഡ്രൈവോടെ എത്തുന്ന ‘ഉറുസി’ൽ ടോർസെൻ ടോർസ് വെക്ടറിങ് സംവിധാനവുമുണ്ടാകും.അതുപോലെ ഔഡി ‘ക്യു സെവനു’മായും ബെന്റ്ലി ‘ബെന്റഗ്യയു’മായും പ്ലാറ്റ്ഫോം പങ്കിടുന്ന ‘ഉറുസി’ൽ ആക്ടീവ് ആന്റി റോൾ സസ്പെൻഷനും ഇടംപിടിക്കുമെന്നാണു പ്രതീക്ഷ.

ലംബോർഗ്നിയിൽ നിന്നുള്ള ആദ്യ പ്ലഗ് ഇൻ ഹൈബ്രിഡ് കൂടിയാവും ‘ഉറുസ്’ എന്നു കമ്പനിയുടെ ഗവേഷണ, വികസന വിഭാഗം മേധാവി മൗറിസിയൊ റെഗ്ഗിയാനി വെളിപ്പെടുത്തുന്നു. സാധാരണ മോഡൽ വിൽപ്പനയ്ക്കെത്തി രണ്ടു വർഷത്തിനകം സങ്കര ഇന്ധന വകഭേദം അവതരിപ്പിക്കാനാവുമെന്നാണു കമ്പനിയുടെ പ്രതീക്ഷ. ബാറ്ററിയിൽ നിന്നുള്ള കരുത്തിൽ 50 കിലോമീറ്റർ പിന്നിടാൻ ‘ഉറുസി’നു കഴിയുമെന്നാണു ലംബോർഗ്നിയുടെ അവകാശവാദം. ബാറ്ററി പായ്ക്കിനു മാത്രം 150 — 180 കിലോഗ്രാം ഭാരമുണ്ടാവും. 

ഇന്ത്യ പോലുള്ള വിപണികൾ ലക്ഷ്യമിട്ടു റൈറ്റ് ഹാൻഡ് ഡ്രൈവ് ലേ ഔട്ടുള്ള ‘ഉറുസും’ ലംബോർഗ്നി വികസിപ്പിക്കുന്നുണ്ട്. അടുത്ത വർഷം ഇന്ത്യയിലെത്തുമ്പോൾ ‘ഉറുസി’ന് 2.9 മുതൽ 3.4 കോടി രൂപ വരെയാണു വില പ്രതീക്ഷിക്കുന്നത്.