നിരക്കിളവോടെ ‘ഊബർ പൂൾ’ കൊച്ചിയിലും

ഒരേ ദിശയിൽ ഒരേ സമയം യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവരെ ഒരേ കാറിൽ കയറ്റി വിടുന്ന ‘പൂൾ’ സംവിധാനം ഓൺലൈൻ റൈഡ് ഹെയ്‌ലങ് കമ്പനിയായ ഊബർ കൊച്ചിയിലും അവതരിപ്പിച്ചു. ഇതുവരെ ബെംഗളൂരു, ഡൽഹി, ഹൈദരബാദ്, കൊൽക്കത്ത, മുംബൈ, ചെന്നൈ, പുണെ, ഗുവാഹത്തി നഗരങ്ങളിലാണ് ‘ഊബർ പൂൾ’ സൗകര്യം ലഭ്യമായിരുന്നത്. 

കമ്പനിയുടെ സേവനങ്ങളിലെ ഏറ്റവും ചെലവു കുറഞ്ഞ മാർഗമാണെന്നതാണ്  ‘പൂളി’ന്റെ പ്രധാന സവിശേഷതയായി ഊബർ കരുതുന്നത്. സുഖകരമായ യാത്ര ഉറപ്പാക്കുന്ന സെഡാനുകളും സൗകര്യപ്രദമായ ഷെയേഡ് റൂട്ടുകളുമൊക്കെയാണ് ‘പൂളി’ൽ ഊബറിന്റെ വാഗ്ദാനം. പോരെങ്കിൽ ഒരേ റൂട്ടിൽ യാത്ര ചെയ്യേണ്ട രണ്ടു പേരെയാവും ഒരേ പിക് അപ്പിൽ ഉൾപ്പെടുത്തുകയെന്നും ഊബർ വ്യക്തമാക്കുന്നു.  

കുറച്ച് കാറുകളിൽ കൂടുതൽ യാത്രക്കാരെ ലക്ഷ്യത്തിലെത്തിക്കാനുള്ള ഉദ്യമമാണ് ‘പൂൾ’ എന്ന് ഊബർ ഇന്ത്യ (കൊച്ചി) ജനറൽ മാനേജർ നിതിൻ നായർ വിശദീകരിച്ചു. തികച്ചും വിശ്വസനീയ ആദ്യ/അവസാന മൈൽ യാത്രാസൗകര്യം ലഭ്യമാക്കി പൊതു ഗതാഗത സംവിധാനത്തിനു ശക്തി പകരുകയാണ് ‘പൂളി’ന്റെ ദൗത്യം. 

ഇന്ത്യൻ നിരത്തുകളിലെ കാറുകളിലെ സീറ്റുകളുടെ 28% മാത്രമാണ് വിനിയോഗിക്കപ്പെടുന്നതെന്നാണു കണക്കുകൾ വ്യക്തമാക്കുന്നത്; അതായത് നിരത്തിലുള്ള ഓരോ കാറിലും ശരാശരി 1.15 യാത്രക്കാർ മാത്രമാണത്രെ സഞ്ചരിക്കുന്നത്. ഈ പോരായ്മ പരിഹരിച്ചു കുറവ് കാറുകളിൽ കൂടുതൽ യാത്രക്കാർക്കു സഞ്ചാരസൗകര്യം ഒരുക്കാനാണ് ഊബർ ‘പൂൾ’ ഇന്ത്യയിലെത്തിച്ചത്; 2015 സെപ്റ്റംബറിൽ ബെംഗളൂരുവിലായിരുന്നു ‘പൂളി’ന്റെ അരങ്ങേറ്റം. മികച്ച സ്വീകാര്യത കൈവരിച്ചതോടെ ബെംഗളൂരുവിൽ കാർബൺ ഡയോക്സൈഡ് മലിനീകരണം കുറയ്ക്കാനും ഇന്ധന ഉപയോഗം കുറയ്ക്കാനും ‘പൂളി’നു സാധിച്ചെന്നാണ് ഊബറിന്റെ അവകാശവാദം.