നിസ്സാന്റെ മൊത്തം ഉൽപ്പാദനം 15 കോടിയിൽ

ജാപ്പനീസ് വാഹന നിർമാതാക്കളായ നിസ്സാൻ മോട്ടോർ കമ്പനി ലിമിറ്റഡിന്റെ മൊത്തം ഉൽപ്പാദനം 15 കോടി പിന്നിട്ടു. എന്നാൽ ഏതു രാജ്യത്തെ ഏതു ശാലയിൽ ഉൽപ്പാദിപ്പിച്ച ഏതു മോഡലാണ് ഈ അപൂർവ നേട്ടം സമ്മാനിച്ചതെന്നു നിസ്സാൻ വ്യക്തമാക്കിയിട്ടില്ല. 1933ൽ സ്ഥാപിതമായ കമ്പനിയുടെ ഉൽപ്പാദനം 10 കോടിയിലെത്താൻ 73 വർഷമെടുത്തിരുന്നു. എന്നാൽ അടുത്ത അഞ്ചു കോടി യൂണിറ്റ് ഉൽപ്പാദനം വെറും 11 വർഷം കൊണ്ടാണു നിസ്സാൻ കൈവരിച്ചത്. 

എട്ടര പതിറ്റാണ്ടോളമായി വിവിധ ലോകരാജ്യങ്ങളിലുള്ള ജീവനക്കാരും ഡീലർമാരും സപ്ലയർമാരും സർവോപരി കമ്പനിയുടെ മോഡലുകൾ തിരഞ്ഞെടുത്ത ഉപയോക്താക്കളുമൊക്കെ നൽകിയ പിന്തുണയാണ് ഈ നേട്ടം സാധ്യമാക്കിയതെന്നാണു നിസ്സാന്റെ പ്രതികരണം. 2006ൽ ഉൽപ്പാദനം 10 കോടിയിലെത്തിയ വേളയിൽ ഇതിൽ 76.50% വാഹനങ്ങളും ജപ്പാനിൽ ഉൽപ്പാദിപ്പിച്ചവയായിരുന്നു. എന്നാൽ തുടർന്നുള്ള പതിറ്റാണ്ടിനിടെയാവട്ടെ മൊത്തം നിർമിച്ച അഞ്ചു കോടി വാഹനങ്ങളിൽ 76.5 ശതമാനവും വിദേശ രാജ്യങ്ങളിലെ ശാലകളിൽ നിർമിച്ചവയായിരുന്നു. പ്രധാനമായും യു എസിലെയും ചൈനയിലെയും ശാലകളാണ് ഇപ്പോഴത്തെ നേട്ടത്തിൽ നിസ്സാനു മികച്ച സംഭാവന നൽകിയതെന്നാണു കണക്ക്. 

വിദേശത്തെ നിസ്സാൻ വാഹന ഉൽപ്പാദനത്തിൽ 10.8 ശതമാനവുമായി യു എസ് ആണ് മുന്നിൽ; രണ്ടാം സ്ഥാനത്തുള്ള ചൈനയുടെയും മെക്സിക്കോയുടെയും വിഹിതം 7.90% വീതമാണ്. 6.2% പങ്കാളിത്തവുമായി യു കെയാണ് അടുത്ത സ്ഥാനത്ത്. സ്പെയിനിന്റെ വിഹിതമാവട്ടെ 2.4 ശതമാനവും. ഇന്ത്യയടക്കമുള്ള അവശേഷിക്കുന്ന രാജ്യങ്ങളിലെ നിർമാണശാലകൾ ചേർന്നു സംഭാവന ചെയ്യുന്നത് മൊത്തെ ഉൽപ്പാദനത്തിന്റെ 5.8% മാത്രമാണ്. 

നിസ്സാൻ കൂടി ഉൾപ്പെടുന്ന റെനോ — മിറ്റ്സുബിഷി സഖ്യത്തിന്റെ വാർഷിക വിൽപ്പനയും അടുത്തയിടെ ഒരു കോടി യൂണിറ്റിലെത്തിയിരുന്നു. ഇതോടെ ടൊയോട്ടയും ഫോക്സ്വാഗനും പോലുള്ള മുൻനിര നിർമാതാക്കളോടു കിട പിടിക്കുന്ന സഖ്യമായി നിസ്സാൻ — റെനോ — മിറ്റ്സുബിഷി മാറുകയും ചെയ്തു. വൈദ്യുത കാറായ ‘ലീഫി’ന്റെ രണ്ടാം തലമുറ മോഡൽ അവതരിപ്പിച്ച് ഈ വിഭാഗത്തിലും നേട്ടം കൊയ്യാനുള്ള തയാറെടുപ്പിലാണു നിസ്സാൻ ഇപ്പോൾ.