ഇന്ത്യയിൽ തിരിച്ചെത്താനൊരുങ്ങി ‘പസറ്റ്’

ജർമൻ വാഹന നിർമാതാക്കളായ ഫോക്സ്വാഗന്റെ പ്രീമിയം ആഡംബര കാറായ ‘പസറ്റ്’ വൈകാതെ ഇന്ത്യയിൽ തിരിച്ചെത്തും. കാറിന്റെ തിരിച്ചുവരവിനു മുന്നോടിയായി മഹാരാഷ്ട്രയിലെ ഔറംഗബാദിലുള്ള ശാലയിൽ കമ്പനി പുതിയ ‘പസറ്റ്’ ഉൽപ്പാദനത്തിനും തുടക്കമിട്ടു. എം ക്യു ബി പ്ലാറ്റ്ഫോം അടിത്തറയാക്കി ഫോക്സ്വാഗൻ ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തിക്കുന്ന ആദ്യ കാറാണു ‘പസറ്റ്’. ആഗോളതലത്തിൽ അവതരിപ്പിക്കുന്ന പുതുമോഡലുകൾ കാലതാമസം ഒഴിവാക്കി ഇന്ത്യയിലെത്തിക്കുകയെന്ന തന്ത്രത്തിന്റെ ഭാഗമായാണു ഫോക്സ്വാഗൻ ‘പസറ്റി’നെ വിപണിയിലിറക്കുന്നത്. 

ഇന്ത്യയിൽ മികച്ച വിജയം നേടിയ പ്രീമിയം മോഡലായ ‘പസറ്റി’നെ തിരിച്ചെത്തിക്കാൻ ഏറെ ആഹ്ലാദമുണ്ടെന്ന് ഫോക്സ്വാഗൻ ഗ്രൂപ് സെയിൽ ഇന്ത്യയിലെ ഫോക്സവാഗൻ പാസഞ്ചർ കാഴ്സ് ഡയറക്ടർ സ്റ്റെഫാൻ നാപ് അഭിപ്രായപ്പെട്ടു. ‘പസറ്റ്’ കൂടിയെത്തുന്നതോടെ ഫോക്സ്വാഗന്റെ ഇന്ത്യൻ മോഡൽ ശ്രേണി ഹാച്ച്ബാക്ക് മുതൽ പ്രീമിയം സെഡാൻ വഴി നീളുമെന്നും അദ്ദേഹം വെളിപ്പെടുത്തി. കാലാതീത രൂപകൽപ്പനയുടെയും സ്റ്റൈലിന്റെയും തകർപ്പൻ പ്രകടനത്തിന്റെയുമൊക്കെ സമന്വയമായ ‘പസറ്റ്’ ആഡംബരസമൃദ്ധമായ ജീവിതശൈലിയുടെ ചിഹ്നം കൂടിയാണെന്നും അദ്ദേഹം അവകാശപ്പെട്ടു. 

രണ്ടു ലീറ്റർ, ടി ഡി ഐ എൻജിനോടെയാവും ‘പസറ്റി’ന്റെ മടങ്ങിവരവ്; പരമാവധി 177 പി എസ് കരുത്താണ് ഈ ഡീസൽ എൻജിൻ സൃഷ്ടിക്കുക. ആറു സ്പീഡ്, ഓട്ടമാറ്റിക് ഡി എസ് ജി ഗീയർബോക്സാണു കാറിലെ ട്രാൻസ്മിഷൻ. പ്രകടനത്തിനും കാര്യക്ഷമതയ്ക്കും ആഡംബരത്തിനുമൊപ്പം സുരക്ഷയിലും തെല്ലും വിട്ടുവീഴ്ച ച്യെയാതെയാണു ഫോക്സ്വാഗൻ ‘പസറ്റി’നെ പടയ്ക്കിറക്കുന്നത്.