കോംപസിൽ ചെറിയ എൻജിൻ? വില കുറച്ച് എത്തുമോ ജീപ്പ് കോംപസ്

പുറത്തിറങ്ങി ആദ്യ നാൾ മുതല്‍ വിപണിയെ അമ്പരപ്പിക്കുന്ന മുന്നേറ്റം നടത്തുന്ന എസ്‌യുവിയാണ് ജീപ്പ് കോംപസ്. ജിഎസ്ടി സെസ്സ് വർദ്ധനവ് അൽപം വില കൂട്ടിയെങ്കിലും കോംപസിന്റെ ജനപ്രീതിക്ക് കോട്ടമൊന്നും തട്ടിയിട്ടില്ല. അമേരിക്കൻ ഐതിഹാസിക ബ്രാന്റിന്റെ പ്രതാപവും കുറഞ്ഞ വിലയുമാണ് ജീപ്പിന്റെ ആദ്യ ഇന്ത്യൻ നിർമിത എസ്‌യുവി കോംപസിനെ മുന്നേറാൻ സഹായിച്ചതെന്നാണ് കണക്കുകൂട്ടൽ.

ഇപ്പോഴിതാ വിപണിയിൽ വീണ്ടും മുന്നേറ്റം സൃഷ്ടിക്കുവാൻ ചെറിയ എൻജിനുമായി വില കുറച്ച് ജീപ്പ് എത്തുന്നു. കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും 1.6 ലീറ്റർ എഞ്ചിനുള്ള ജീപ്പ് ഉടൻ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 1.6 ലീറ്റർ എൻജിനുമായി പരീക്ഷണയോട്ടങ്ങൾ നടത്തുന്ന കോംപസിന്റെ ചിത്രങ്ങൾ ഇതിനോടകം തന്നെ ഇന്റർനെറ്റിൽ തരംഗമായി കഴിഞ്ഞു. നിലവിൽ 2 ലീറ്റർ ഡീസൽ എൻജിനും 1.4 ലീറ്റർ പെട്രോൾ എൻജിനുമുള്ള കോംപസിന്റെ മൂന്നാമത്തെ എൻജിൻ വകഭേദമായിട്ടായിരിക്കും 1.6 ലീറ്റർ എൻജിൻ അരങ്ങേറുക. ചെറിയ എൻജിനുമായി എത്തിയാൽ കോംപസിന്റെ വില വൻ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മാരുതി സുസുക്കി എസ് ക്രോസിൽ ഉപയോഗിച്ചിരുന്ന അതേ 1.6 ലീറ്റർ മള്‍ട്ടി ജെറ്റ് എൻജിൻ തന്നെയാകും കോംപസിലും എത്തുക. അമേരിക്കൻ വാഹന നിർമാതാക്കളായ ജീപ്പിന്റെ ആദ്യ ഇന്ത്യൻ നിർ‌മിത വാഹനം ജീപ്പ് കോംപസ് ജൂലൈ 31 നാണ് പുറത്തിറങ്ങുന്നത്. പുറത്തിറങ്ങി ഒരു മാസം കൊണ്ട് ഏകദേശം 10000 ബുക്കിങ്ങുകൾ കോംപസിന് ലഭിച്ചു എന്നാണ് കമ്പനി അവകാശപ്പെടുന്നത്. കൂടാതെ യുറോ എന്‍സിഎപി നടത്തിയ ക്രാഷ് ടെസ്റ്റില്‍ അഞ്ചു സ്റ്റാറും ജീപ്പ് കോംപസ് സ്വന്തമാക്കിയിരുന്നു.

പെട്രോൾ ഡീസൽ മോഡലുകളുള്ള ജീപ്പിന്റെ 2 ലീറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍ എൻജിൻ 3750 ആര്‍പിഎമ്മില്‍ 173 പിഎസ് കരുത്തും 1750 മുതല്‍ 2500 വരെ ആര്‍പിഎമ്മില്‍ 350 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും. 1.4 ലീറ്റര്‍ പെട്രോള്‍ എൻജിൻ 162 എച്ച് പി വരെ കരുത്തും 250 എന്‍ എം വരെ ടോര്‍ക്കും നല്‍കുന്നുണ്ട്. ഡീസല്‍ എന്‍ജിനു ലീറ്ററിന് 17.1 കിലോമീറ്റർ മൈലേജാണു കമ്പനി അവകാശപ്പെടുന്നത്. ഇരു എന്‍ജിനുകള്‍ക്കുമൊപ്പം ആറു സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനാണു ഗീയര്‍ബോക്‌സ്. 15.16 ലക്ഷം മുതൽ 21.37 ലക്ഷം രൂപവരെയാണ് ജീപ്പ് കോംപസിന്റെ  എക്സ്ഷോറൂം വില.