‘നിസ്സാൻ ഇന്റലിജന്റ് ചോയ്സ്’ ഇന്ത്യയിലും

ജാപ്പനീസ് നിർമാതാക്കളായ നിസ്സാൻ ഇന്ത്യയിലും പ്രീ ഓൺഡ് കാർ വ്യാപാരത്തിനു തുടക്കമിട്ടു. ഉപയോഗിച്ച കാറുകളുടെ വ്യാപാരത്തിലെ വിപുല സാധ്യത പരിഗണിച്ചാണു കമ്പനി ‘നിസ്സാൻ ഇന്റലിജന്റ് ചോയ്സ്’ അവതരിപ്പിച്ചിരിക്കുന്നത്.

പരമാവധി മൂല്യം സഹിതം ഗുണനിലവാരം പരിശോധിച്ച് ഉറപ്പാക്കിയ പ്രീ ഓൺഡ് കാറുകൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്കു വേണ്ടിയാണ് ‘നിസ്സാൻ ഇന്റലിജന്റ് ചോയ്സി’ന്റെ വരവെന്നാണു കമ്പനിയുടെ വിശദീകരണം. മറ്റു മോഡൽ കാറുകൾ സ്വന്തമായുള്ളവർക്ക് അവ മാറ്റി നിസ്സാൻ, ഡാറ്റ്സൻ കാറുകൾ വാങ്ങാനുള്ള അവസരവും ഈ പുതിയ സംരംഭം വഴി ലഭ്യമാവും.

മികച്ച വളർച്ചയാണ് ഇന്ത്യയിലെ പ്രീ ഓൺഡ് കാർ വിപണി കൈവരിക്കുന്നതെന്നു നിസ്സാൻ മോട്ടോർ ഇന്ത്യ ഡയറക്ടർ (സെയിൽ, നെറ്റ്വർക്ക്, കസ്റ്റമർ ക്വാളിറ്റി ആൻഡ് പ്രീ ഓൺഡ് കാർ) സതീന്ദർ സിങ് ബജ്വ അഭിപ്രായപ്പെട്ടു. ആഗോളതലത്തിൽ മികവു തെളിയിച്ച യൂസ്ഡ് കാർ വ്യാപാര സംവിധാനമാണ് ‘നിസ്സാൻ ഇന്റലിജന്റ് ചോയ്സ്’; ബ്രസീലിനും ദക്ഷിണ ആഫ്രിക്കയ്ക്കും പിന്നാലെ ഇന്ത്യയിലും ഈ സേവനം അവതരിപ്പിക്കുന്നതിൽ ആഹ്ലാദമുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.

കാറുകൾ 167 പോയിന്റ് നീണ്ട വാഹന പരിശോധനയ്ക്കു ശേഷമാണു ‘നിസ്സാൻ ഇന്റലിജന്റ് ചോയ്സി’ൽ വിൽപ്പനയ്ക്കെത്തുക. ആദ്യ ഘട്ടത്തിൽ നോയ്ഡ, മുംബൈ, അഹമ്മദബാദ്, ലക്നൗ, ലുധിയാന, ജയ്പൂർ, ബെംഗളൂരു, ചെന്നൈ, കൊൽക്കത്ത, ഗുവാഹത്തി നഗരങ്ങളിലാണ് ‘നിസ്സാൻ ഇന്റലിജന്റ് ചോയ്സ്’ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. അതേസമയം ഇതു വഴി വിറ്റ വാഹനങ്ങൾക്ക് രാജ്യത്തെ 160 നിസ്സാൻ അംഗീകൃത വർക്ഷോപ്പുകളിലും വിൽപ്പനാന്തര സേവനം ലഭ്യമാവും.