‘ടി യു വി 300’ ടെസ്റ്റ് ഡ്രൈവ് ‘ഫ്ലിപ്കാർട്ട്’ വഴിയും

Mahindra TUV 300 T10

ഉത്സവകാലം പ്രമാണിച്ചു കാർ പ്രേമികൾക്കു തകർപ്പൻ വാഗ്ദാനവുമായി ഇ കൊമേഴ്സ് സൈറ്റായ ‘ഫ്ലിപ്കാർട്ട്’. മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം)യുടെ കോംപാക്ട് എസ് യു വിയായ ‘ടി യു വി 300’ ടെസ്റ്റ് ഡ്രൈവ് ചെയ്യാനുള്ള അവസരമാണു ‘ഫ്ലിപ് കാർട്ട്’ വാഗ്ദാനം ചെയ്യുന്നത്.  ‘ഫ്ലിപ്കാർട്ട്’ കൂടി രംഗത്തുള്ളതോടെ ‘ടി യു വി 300’ ടെസ്റ്റ് ഡ്രൈവ് ചെയ്യാനുള്ള അവസരം അനായാസം ലഭ്യമാകുമെന്നതാണു വാഹന പ്രേമികൾക്കുള്ള നേട്ടം. സാധാരണ ഗതിയിൽ കമ്പനി വെബ്സൈറ്റുമായി ബന്ധപ്പെട്ടു വേണം ടെസ്റ്റ് ഡ്രൈവ് ബുക്ക് ചെയ്യാൻ. ഇപ്പോഴാവട്ടെ ‘ഫ്ലിപ്കാർട്ടി’ൽ ഷോപ്പിങ് നടത്തുന്നതിനിടയിൽ തന്നെ ടെസ്റ്റ് ഡ്രൈവും ആവശ്യപ്പെടാമെന്നതാണു മാറ്റം. 

നവരാത്രി, ദീപാവലി ആഘോഷം പ്രമാണിച്ച് ‘ടി യു വി 300’ കോംപാക്ട് എസ് യു വിയുടെ മുന്തിയ വകഭേദമായ ‘ടി 10’ മഹീന്ദ്ര  പുറത്തിറക്കിയിരുന്നു. മാനുവൽ ട്രാൻസ്മിഷനുള്ള ‘ടി 10’ 9.75 ലക്ഷം രൂപ മുതൽ ഡൽഹി ഷോറൂമിൽ ലഭ്യമാണ്; ഇരട്ട വർണ സങ്കലനവും ഓട്ടമേറ്റഡ് മാനുവൽ ട്രാൻസ്മിഷനുമുള്ള മോഡലിന്റെ വില 10.65 ലക്ഷം രൂപ മുതലാണ്.എസ് യു വിയുടെ ബാഹ്യഭാഗത്ത് ഗ്രില്ലിലും മുന്നിലെ ഫോഗ് ലാംപിലും ബ്ലാക്ക് ക്രോം ഇൻസർട്ടുകൾ ഇടംപിടിക്കുന്നുണ്ട്. ഗ്രേ അലോയ് വീലും പിന്നിലെ സ്പോയ്ലറുമാണു മറ്റു പരിഷ്കാരങ്ങൾ. റെഡ് ബ്ലാക്ക് ആൻഡ് സിൽവർ ബ്ലാക്ക് നിറക്കൂട്ടുകളിൽ ലഭ്യമാവുന്ന വാഹനത്തിന്റെ മുകൾ ഭാഗം കറുപ്പ് നിറത്തിലാക്കിയിട്ടുണ്ട്. 

അകത്തളത്തിലാവട്ടെ കാഴ്ചയിൽ തുകലിനെ അനുസ്മരിപ്പിക്കുന്ന അപ്ഹോൾസ്ട്രി, യു എസ് ബി, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ബ്ലൂ സെൻസ് ആപ് കോംപാറ്റിബിലിറ്റി, സ്റ്റീയറിങ്ങിൽ ഘടിപ്പിച്ച കൺട്രോൾ എന്നിവ സഹിതമുള്ള ഏഴ് ഇഞ്ച് ടച് സ്ക്രീൻ ഇൻഫൊടെയ്ൻമെന്റ് സിസ്റ്റം തുടങ്ങിയവയുണ്ട്. സാങ്കേതികവിഭാഗത്തിൽ മാറ്റമൊന്നുമില്ലാതെയാണ് ‘ടി യു വി 300 ടി 10’ വകഭേദത്തിന്റെ വരവ്; വാഹനത്തിനു കരുത്തേകുക 1.5 ലീറ്റർ ഡീസൽ എൻജിനാണ്. പരമാവധി 100 പി എസ് കരുത്തും 240 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. അഞ്ചു സ്പീഡ് മാനുവൽ, എ എം ടി ഗീയർബോക്സുകളാണു ട്രാൻസ്മിഷൻ സാധ്യതകൾ. മാരുതി സുസുക്കി ‘വിറ്റാര ബ്രേസ’, ഫോഡ് ‘ഇകോസ്പോർട്’, ഹ്യുണ്ടേയ് ‘ക്രേറ്റ’, ടാറ്റ ‘നെക്സോൺ’ തുടങ്ങിയവയെയാണ് ‘ടി യു വി 300 ടി 10’ നേരിടുക. 

മുമ്പ് 2015ൽ എസ് യു വിയായ ‘സ്കോർപിയൊ’യുടെ വിൽപ്പനയ്ക്കായി മഹീന്ദ്ര ഇ കൊമേഴ്സ് വെബ്സൈറ്റായ ‘സ്നാപ്ഡീലു’മായി സഹകരിച്ചിരുന്നു. പിന്നാലെ രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡും ഓൺലൈൻ രീതിയിൽ വാഹന വിൽപ്പനയ്ക്കു തുടക്കമിട്ടു.