പുതിയ എക്സ്‌യുവി 500, അടുത്ത വർഷം

xuv-500
SHARE

എക്സ് യു വി 500 സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)ത്തിന്റെ രണ്ടാം തലമുറയുടെ വികസനം മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം)യിൽ പുരോഗമിക്കുന്നു. ആദ്യ തലമുറ പോലെ മോണോ കോക് ബോഡിയുമായിട്ടാവും പുത്തൻ ‘എക്സ് യു വി 500’ എത്തുക; പക്ഷേ പുതിയ പ്ലാറ്റ്ഫോമിലാണ് മഹീന്ദ്ര ഈ പതിപ്പ് സാക്ഷാത്കരിക്കുക എന്നതാണു മാറ്റം. 2011ൽ അരങ്ങേറ്റം കുറിച്ച ‘എക്സ് യു വി 500’ മഹീന്ദ്ര പിന്നീട് ഏതാനും തവണ പരിഷ്കരിക്കുകയും ചെയ്തിരുന്നു. 

കൂടുതൽ ആധുനികതയ്ക്കായി പൂർണമായും പുതിയ രൂപകൽപ്പനയാണ്  ‘എക്സ് യു വി 500’ എസ് യു വിയുടെ രണ്ടാം തലമുറയ്ക്കായി മഹീന്ദ്ര തിരഞ്ഞെടുത്തിരിക്കുന്നത്. യു എസിലെ മിചിഗനിലുള്ള നോർത്ത് അമോരിക്കൻ ടെക്നിക്കൽ സെന്ററിന്റെ വൈദഗ്ധ്യമാവും മഹീന്ദ്ര പുതിയ എസ് യു വിക്കായി പ്രയോജനപ്പെടുത്തുക. ഒപ്പം ഇറ്റാലിയൻ ഡിസൈൻ ഹൗസായ പിനിൻഫരിനയുടെ സേവനവും ലഭ്യമാണ്. 

കാഴ്ചയിൽ വലുപ്പമേറെയുള്ള പുതിയ ‘എക്സ് യു വി 500’ അകത്തളത്തിലും കൂടുതൽ സ്ഥലസൗകര്യത്തോടെയാവും എത്തുക. കാറിനു വലിപ്പമേറുന്നതോടെ മൂന്നാം നിര സീറ്റിൽ ലഭ്യമാവുന്ന സ്ഥലവും വർധിക്കുമെന്നാണു പ്രതീക്ഷ. അടുത്ത തലമുറ ‘എക്സ് യു വി 500’ എസ് യു വിക്കു കരുത്തേകുക രണ്ടു ലീറ്റർ, ഡീസൽ എൻജിനാവും. മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് ആറ് നിലവാരം പാലിക്കുന്ന എൻജിന് 180 ബി എച്ച് പി കരുത്ത് സൃഷ്ടിക്കാനാവും. നിലവിൽ ‘എക്സ് യു വി 500’ എസ് യു വിയിലെ 2.2 ലീറ്റർ ഡീസൽ എൻജിന്റെ കരുത്തിനെ അപേക്ഷിച്ച് 25 ബി എച്ച് പിയോളം അധികമാണിത്.

മിക്കവാറും 2020 അവസാനത്തോടെ പുതിയ ‘എക്സ് യു വി 500’ വിപണിയിലെത്തുമെന്നാണു പ്രതീക്ഷ; ഹ്യുണ്ടേയ് ‘ക്രേറ്റ’യുടെ പുതുതലമുറ മോഡലടക്കമുള്ളവരോടാവും ഈ എസ് യു വിയുടെ മത്സരം. പോരെങ്കിൽ കിയ മോട്ടോറിന്റെയും എം ജി മോട്ടോഴ്സിന്റെയും മോഡലുകളും ഫോക്സ്വാഗൻ ‘ടി ക്രോസും’ സ്കോഡയുടെ ‘വിഷൻ എക്സ്’ അധിഷ്ഠിത എസ് യു വിയുമൊക്കെ അപ്പോഴേക്കു നിരത്തിലെത്തും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO NEWS
SHOW MORE
FROM ONMANORAMA