മാഡി ഇനി മാസ്റ്ററാണ്...റോ‍ഡ് മാസ്റ്ററിന്റെ

Madavan, Image Source: Social Media

തെന്നിന്ത്യയുടെ മാത്രമല്ല ബോളിവുഡിന്റെയും ‘‘പുന്നകൈ അഴകനാണ്’’ മാഡി എന്ന മാധവൻ. ‘ മില്ലേനിയം സ്റ്റാറായി’ സിനിമയിലെത്തിയ മാഡിയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായിരുന്നു അടുത്തിടെ പുറത്തിറങ്ങിയ വിക്രം വേദ. ത്രീ ഇഡിയറ്റ്സും തനു വെഡ്സ് മനുവും മാധവനെ ബോളിവുഡിലും പ്രിയങ്കരനാക്കി. ബോളിവുഡിൽ ഇത്രയധികം സ്വീകാര്യത ലഭിച്ച മറ്റൊരു തെന്നിന്ത്യൻ നടനില്ല.

Indian Road Master

വിക്രം വേദയിലെ മാധവന്റെ പൊലീസ് കഥാപാത്രമായ വിക്രം തന്റെ പിതാവിന്റെ പഴയ ബുള്ളറ്റിൽ വേദയെ തേടിയിറങ്ങുന്ന സീൻ സിനിമ കണ്ട ഏതൊരാളും മറന്നുകാണില്ല. ആ രാജകീയ യാത്രയുടെ വേതാള പിന്തുടർച്ചയ്ക്കു പുതിയൊരു മാനം നൽകിയിരിക്കുയാണ് ഇന്ത്യൻ റോഡ്മാസ്റ്റർ എന്ന ക്രൂയിസർ ബൈക്ക് സ്വന്തമാക്കി മാഡി.

അമേരിക്കൻ ഇരുചക്രവാഹന നിർമാതാക്കളായ ഇന്ത്യൻ മോട്ടോർ സൈക്കിള്‍സിന്റെ ഏറ്റവും വില കൂടിയ മോ‍ഡലാണ് ഇന്ത്യൻ റോഡ്മാസ്റ്റർ. ലോകത്തിലെ ഏറ്റവും പഴക്കംചെന്ന ഇരുചക്രവാഹന നിർമാതാക്കളിലൊന്നാണ് ഇന്ത്യൻ മോട്ടോർസൈക്കിൾസ് 2015ലാണ് റോഡ്മാസ്റ്റർ വിപണിയിലെത്തിക്കുന്നത്. അന്നുമുതൽ ബൈക്ക് യാത്ര ഇഷ്ടപ്പെടുന്നവരുടെ പ്രിയമോ‍ഡലാണ് റോഡ്മാസ്റ്റർ.

ഹാർലിയുടെ സിവിഒയുമായി മത്സരിക്കുന്ന ഈ കരുത്തൻ ടൂറർ ഗണത്തിലാണ് വരുന്നത്. കാറുകളെ അനുസ്മരിപ്പിക്കുന്ന ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, കീലെസ് ഇഗ്നിഷന്‍, സെന്‍ട്രല്‍ ലോക്കിങ്, ടയര്‍ പ്രഷർ മോണിട്ടര്‍, ക്രൂസ് കണ്‍ട്രോള്‍, എല്‍ ഇ ഡി ലൈറ്റുകള്‍, സ്മാര്‍ട്ട്ഫോണുമായി ബന്ധിപ്പിക്കാവുന്ന ഓഡിയോ സംവിധാനം തുടങ്ങിയവ റോഡ്മാസ്റ്ററിലുണ്ട്. 2900 ആര്‍ പി എമ്മില്‍ 150 എൻഎം ടോർക്ക് നൽകുന്ന 1811 സി സി വി ട്വിന്‍ എയര്‍കൂള്‍ഡ് എന്‍ജിനാണ് ബൈക്കിൽ. ഏകദേശം 38 ലക്ഷം രൂപയാണ് ബൈക്കിന്റെ വില.