ഷൂമാക്കർ: സത്യം വെളിപ്പെടുത്തണമെന്നു വെബർ

Michael Schumacher

ഫോർമുല വൺ കായിക രംഗത്തെ ജീവിക്കുന്ന ഇതിഹാസമായ മൈക്കൽ ഷൂമാക്കറുടെ ആരോഗ്യം സംബന്ധിച്ച നിജസ്ഥിതി വെളിപ്പെടുത്താൻ കുടുംബാംഗങ്ങൾ തയാറാവണമെന്നു താരത്തിന്റെ മുൻ മാനേജരായ വില്ലി വെബർ. ഷൂമാക്കറുടെ ആരാധകരോട് കുടുംബം സത്യസന്ധത പുലർത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഫോർമുല വൺ ഡ്രൈവേഴ്സ് ചാംപ്യൻഷിപ് ഏഴു തവണ ജയിച്ച് റെക്കോഡ് സൃഷ്ടിച്ച ഇതിഹാസ താരമാണു ജർമൻ ഡ്രൈവറായ മൈക്കൽ ഷൂമാക്കർ. 1991 മുതൽ 2006 വരെയുള്ള ഒന്നര ദശാബ്ദത്തിനിടെ ഷൂമാക്കർ കൊയ്ത 91 ഗ്രാൻപ്രി വിജയങ്ങളുടെ ചരിത്രവും തിരുത്തപ്പെടാതെ തുടരുന്നു. 

ഫ്രഞ്ച് ആൽപ്സിൽ അവധിക്കാലം ചെലവഴിക്കുന്നതിനിടെ 2013ൽ സ്കീയിങ്ങിനിടെ സംഭവിച്ച വീഴ്ചയിലാണ് തലയ്ക്കു ഗുരുതര പരുക്കേറ്റ് ഷൂമാക്കർ കോമയിലായത്. തുടർന്നുള്ള നാലു വർഷത്തിനിടെ ഷൂമാക്കറുടെ ആരോഗ്യ സ്ഥിതിയിലെ പുരോഗതി സംബന്ധിച്ചു കൃത്യമായ വിവരങ്ങളൊന്നും കുടുംബം പുറത്തുവിട്ടിട്ടില്ല. എന്നാൽ കഴിഞ്ഞ മേയിൽ ഷൂമാക്കർക്ക് ഇപ്പോഴും നടക്കാൻ സാധിക്കുന്നില്ലെന്നു കുടുംബം കോടതിയിൽ വെളിപ്പെടുത്തിയിരുന്നു. 

അതിനിടെ ആരോഗ്യസ്ഥിതി മെച്ചപ്പെടുന്ന സാഹചര്യത്തിൽ ഷൂമാക്കറെ സ്വിറ്റ്സർലൻഡിൽ നിന്നു യു എസിലേക്കു മാറ്റാൻ നീക്കമുള്ളതായും അഭ്യൂഹമുണ്ട്. ആരോഗ്യ സ്ഥിതി പുരോഗമിക്കുകയല്ല, മറിച്ചു ഷൂമാക്കർ അബോധാവസ്ഥയിലേക്കു മടങ്ങുകയായിരുന്നെന്നു വിശ്വസിക്കുന്നവരുമേറെയാണ്. ഈ സാഹചര്യത്തിലാണു ഷൂമാക്കറുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച അവ്യക്തത നീക്കാൻ കുടുംബവും നിലവിലുള്ള മാനേജ്മെന്റും തയാറാവണമെന്നു വെബർ നിർദേശിക്കുന്നത്.

തങ്ങൾ ആരാധിക്കുന്ന എഫ് വൺ താരമായ മൈക്കൽ ഷൂമാക്കറുടെ ആരോഗ്യസ്ഥിതിയെപ്പറ്റി ആരാധകർക്ക് അറിയാൻ കഴിയാതെ പോകുന്നത് നിർഭാഗ്യകരമാണ്. അവരോട് സത്യം പറയുന്നതിൽ എന്താണു തടസ്സമെന്നും വെബർ ആരാഞ്ഞു. ഫോർമുല വണ്ണിന്റെ ഇപ്പോഴത്തെ സ്ഥിതി വേദനിപ്പിക്കുന്നതാണ്; മിക്കി മൗസ് ഷോ പോലെയായി ഫോർമുല വണ്ണിന്റെ കാര്യങ്ങൾ. ഫോർമുല വണ്ണിൽ നിന്നു കായിക വിനോദം പിന്നോട്ടു പോയ സ്ഥിതിയാണെന്നും വെബർ കുറ്റപ്പെടുത്തി.