ബുള്ളറ്റിനെ തോൽപ്പിക്കാമെന്ന ഡോമിനറിന്റെ അതിമോഹം

Image Captured From Youtube Video

റോയൽ എൻഫീൽഡിന്റെ എതിരാളി എന്ന പേരിലാണ് ബജാജ് ഡോമിനറിനെ പുറത്തിറക്കിയത്. വേഗവും കരുത്തും ഒരുപോലെ ഒത്തിണങ്ങിയ ബൈക്ക് റോയൽ എൻഫീൽഡിനെക്കാൾ മികച്ചതാണെന്ന് ബജാജ് പരസ്യ പ്രഖ്യാപനവും നടത്തി. പിന്നീട് നടന്നതെല്ലാം ചരിത്രം. ഇപ്പോഴിതാ റോയൽ എൻഫീൽഡ് ഉടൻ പുറത്തിറക്കുന്ന 750 സിസി ബൈക്കിനോട് മത്സരിക്കുന്ന ഡോമിനറിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ ആകുന്നു.

ചെന്നൈയിലെ ഹൈവേയിലാണ് റോയൽ എൻഫീൽഡുമായി ഡോമിനർ മത്സരിച്ചത്. 373 സിസി കപ്പാസിറ്റി എൻജിനുള്ള ബൈക്ക് 750 സിസി എൻജിൻ ബൈക്കിനോട് മത്സരിക്കുന്നത് മണ്ടത്തരമാണെങ്കിലും അതിന് ശ്രമിക്കുകയാണെന്നും ആരും ഇത് അനുകരിക്കരുതെന്നും വിഡിയോയിൽ പറയുന്നുണ്ട്.

ജിടി 750യിലൂടെ രാജ്യാന്തര വിപണിയിലേക്ക് പ്രവേശിക്കാനാണ് റോയൽ എൻഫീൽഡ് ഒരുങ്ങുന്നത്. ഹിമാലയനു ശേഷം വികസിപ്പിക്കുന്ന  ബൈക്ക് മിഡ്‌വെയ്റ്റ് വിഭാഗത്തിൽ ഹാർലി, ട്രയംഫ് തുടങ്ങിയ നിർമാതാക്കളുടെ ബൈക്കുകളുമായി രാജ്യാന്തര തലത്തിൽ ഏറ്റുമുട്ടാൻ ശേഷിയുള്ള ബൈക്കായിരിക്കും. 

ഇന്ത്യയിൽ പരീക്ഷണയോട്ടങ്ങൾ നടത്തുന്ന ബൈക്കിന്റെ ചിത്രങ്ങൾ നേരത്തെ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇപ്പോഴിതാ വിഡിയോയും പുറത്തിറങ്ങിയിരിക്കുന്നു. ചരിത്രത്തിൽ ആദ്യമായി റോയൽ എൻഫീൽഡ് പുറത്തിറങ്ങുന്ന ട്വിൻ സിലിണ്ടർ എൻജിനായിരിക്കും ബൈക്കിന്റേത്. യുകെയിൽ കമ്പനി പുതുതായി സ്ഥാപിച്ച ടെക്നിക്കൽ സെന്ററിലാണ് ബൈക്ക് വികസിപ്പിച്ചത്. ഏകദേശം 45 മുതൽ 50 ബിഎച്ച്പി വരെ കരുത്തും 60 മുതൽ 70 എൻഎം വരെ ടോർക്കുമുള്ള എൻജിനിൽ കാർബറേറ്ററായിരിക്കും ഉപയോഗിക്കുക. ‌‌ഹാർലി ഡേവിഡ്സൺ സ്ട്രീറ്റ് 750, ട്രയംഫ് ബോൺവില്ല തുടങ്ങിയ ബൈക്കുകളുമായി മൽസരിക്കാനെത്തുന്ന റോയൽ എൻഫീൽഡ് 750 ന്റെ വില മൂന്നു മുതൽ നാലു ലക്ഷം വരെയായിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.‌