പുത്തൻ ‘വെർണ’യ്ക്ക് 10,501 യൂണിറ്റ് കയറ്റുമതി ഓർഡർ

പുതുതലമുറ ‘വെർണ’യ്ക്ക് വിദേശത്തു നിന്ന് 10,501 യൂണിറ്റ് ഓർഡർ ലഭിച്ചതായി ദക്ഷിണ കൊറിയൻ നിർമാതാക്കളായ ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ ലിമിറ്റഡ്(എച്ച് എം ഐ എൽ). മധ്യ പൂർവ രാജ്യങ്ങളിലേക്കാണു തുടക്കത്തിൽ പുത്തൻ ‘വെർണ’ കയറ്റുമതി ചെയ്യുന്നതെന്നും ഹ്യുണ്ടേയ് അറിയിച്ചു. മിഡിൽ ഈസ്റ്റ് വിപണികളിൽ ‘അക്സന്റ്’ എന്ന പേരിലാവും ഇടത്തരം സെഡാനായ ‘വെർണ’ വിൽപ്പനയ്ക്കെത്തുക. അടുത്തയിടെ നിരത്തിലെത്തിയ പുതുതലമുറ ‘വെർണ’യ്ക്ക് ലഭിക്കുന്ന ആദ്യ കയറ്റുമതി ഓർഡറാണിത്; അതും മുൻതലമുറ മോഡലുകളെ അപേക്ഷിച്ച് റെക്കോഡ് ആവശ്യമാണു മധ്യ പൂർവ രാജ്യങ്ങളിൽ നിന്നു പുത്തൻ കാർ സ്വന്തമാക്കിയതും.

മധ്യ പൂർവ മേഖലയിലെ സൗദി അറേബ്യ, ഒമാൻ, യു എ ഇ തുടങ്ങിയ രാജ്യങ്ങളിൽ നിന്നായി 33 വിതരണക്കാരയൊണ് എച്ച് എം ഐ എൽ പുത്തൻ ‘വെർണ’ കാണാനായി സെപ്റ്റംബർ മൂന്നാം വാരം ചെന്നൈയിലെ നിർമാണശാലയിലേക്ക് ക്ഷണിച്ചിരുന്നത്. ഒപ്പം വിയറ്റ്നാം, ഫിലിപ്പൈൻസ്, ശ്രീലങ്ക തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും കാർ കാണാനെത്തിയിരുന്നു. ശ്രീപെരുമ്പുത്തൂരിലെ ശാല സന്ദർശനത്തിനു പുറമെ ‘വെർണ’യെക്കുറിച്ചുള്ള വിശദ അവതരണം, ഗുണനിലവാരം, ശാലയുടെ ക്ഷമത തുടങ്ങിയവയൊക്കെ ഹ്യുണ്ടേയ് ഡീലർമാർക്കായി ഒരുക്കിയിരുന്നു. ഒപ്പം ‘വെർണ’ ടെസ്റ്റ് ഡ്രൈവ് ചെയ്യാനും അവസരം നൽകി.

അടുത്ത വർഷം ആദ്യത്തോടെ ദക്ഷിണ ആഫ്രിക്കയിലേക്കും ഗൾഫ് — ഏഷ്യൻ രാജ്യങ്ങളിലേക്കും പുത്തൻ ‘വെർണ’ കയറ്റുമതി ചെയ്യാൻ ഹ്യുണ്ടേയ് തയാറെടുക്കുന്നുണ്ട്. ആഭ്യന്തര, വിദേശ വിപണികളിൽ മികച്ച പ്രതികരണം സൃഷ്ടിച്ചാണു പുത്തൻ ‘വെർണ’ മുന്നേറുന്നതെന്ന് എച്ച് എം ഐ എൽ മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ വൈ കെ കൂ അഭിപ്രായപ്പെട്ടു. വിദേശത്തെ വിതരണക്കാർക്കു മുന്നിൽ കാർ അവതരിപ്പിച്ച് ഒറ്റ മാസത്തിനകം റെക്കോഡ് ഓർഡർ ‘വെർണ’ സ്വന്തമാക്കിയതും അഭിമാനനേട്ടമാണെന്ന് അദ്ദേഹം വിലയിരുത്തി.